റുബിക്സ് ക്യൂബിൽ തെളിയും താരങ്ങൾ; അത്ഭുത പ്രകടനവുമായി അദ്വൈത്
text_fieldsകൊച്ചി: കുറച്ച് റുബിക്സ് ക്യൂബ് കൈയിൽ കിട്ടിയാൽ പിന്നെ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയിലെ 10ാം ക്ലാസുകാരൻ അദ്വൈത് അസ്സലൊരു കലാകാരനാവും ഇത്തിരിനേരം കഴിഞ്ഞാലോ ആ റുബിക്സ് ക്യൂബെല്ലാം ഏതെങ്കിലുമൊരു സിനിമതാരമോ രാഷ്ട്രീയ നേതാവോ ലോകപ്രശസ്തരോ ആയിമാറും. റുബിക്സ് മൊസൈക് ആർട്ട് എന്നറിയപ്പെടുന്ന ക്യൂബുകൾകൊണ്ടുള്ള പോർട്രെയ്റ്റ് രചനയിൽ താരമാവുകയാണ് അദ്വൈത്.
ഇതിനിടെ പ്രശസ്തരായ 85ഓളം പേരെ അവൻ ക്യൂബുകളിലൂടെ 'വരച്ചെടുത്തു'. ഇതിൽ മഹാത്മാ ഗാന്ധി, മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും, ലയണൽ മെസി, ഫോർമുല വൺ ചാമ്പ്യൻ ലൂയി ഹാമിൽട്ടൺ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, ക്രിക്കറ്റ് താരങ്ങൾ, സിനിമതാരങ്ങൾ തുടങ്ങിയവരെല്ലാമുണ്ട്.
ഏഴാം ക്ലാസിൽ ഒരു ബന്ധു പഠിപ്പിച്ച റുബിക്സ് ക്യൂബ് സോൾവിങ്ങിലൂടെയാണ് അദ്വൈത് ക്യൂബുകളുടെ ബഹുവർണ ലോകത്തെത്തുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് നിരവധി പേർ ചേർന്ന് റുബിക്സ് ക്യൂബുകൾ കൊണ്ട് നടത്തുന്ന കലാപ്രകടനത്തിെൻറ യൂട്യൂബ് വിഡിയോ യാദൃച്ഛികമായി കാണുന്നത്.
അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ബിസിനസുകാരനായ അച്ഛൻ ഗിരീഷ് മൂക്കോന്നിലിെൻറയും അമ്മ ബിന്ധ്യ മാനഴിയുടെയും കല്യാണഫോട്ടോ നോക്കിയാണ് പരീക്ഷണമെന്ന നിലക്ക് തുടങ്ങിയത്.
300 ക്യൂബുകൾകൊണ്ട് ഒരുമണിക്കൂറിനുള്ളിലാണ് സാധാരണയായി എല്ലാം പൂർത്തിയാക്കുന്നത്. ഇതിനകം നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. റുബിക്സ് മൊസൈക് ആർട്ടിൽ യു.ആർ.എഫ് ഏഷ്യൻ റെക്കോഡ്, അറേബ്യൻ വേൾഡ് റെക്കോഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ബെസ്റ്റ ഓഫ് ഇന്ത്യ അവാർഡും ലഭിച്ചു.
ഇനി ഗിന്നസ് റെക്കോഡാണ് ലക്ഷ്യം. രജനീകാന്ത്, മാധവൻ തുടങ്ങിയവരുടെ സ്നേഹാശംസകളും ലൂയി ഹാമിൽട്ടെൻറ ഒപ്പോടുകൂടിയ സമ്മാനവും തേടിയെത്തി. എട്ടുവയസ്സുള്ള അനിയത്തി അവന്തികക്ക് നൃത്തത്തിലാണ് താൽപര്യം. കാക്കനാട് സെസിനടുത്താണ് ഇവരുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.