അന്ധവിശ്വാസങ്ങൾക്കെതിരെ ‘നരബലി’ ഇന്ന് അരങ്ങിലെത്തും
text_fieldsതൃക്കരിപൂർ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർത്തമാനകാല സമൂഹത്തെ കീഴടക്കാനെത്തുമ്പോൾ പ്രതിരോധത്തിന്റെ തീപ്പന്തമുയർത്താൻ ഒരു കൂട്ടം നാടക പ്രവർത്തകർ. ഇടയിലെക്കാട് എ.കെ.ജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച രാത്രി എട്ടിന് നരബലി എന്ന നാടകം അരങ്ങിലെത്തുന്നത്.
ഗ്രാമ-നഗരഭേദെമന്യേ പല രൂപഭാവങ്ങളിൽ ഭക്തിയെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുതിയ വേതാളങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് അവതരിപ്പിക്കുന്നത്. എഴുത്തുകാരന്റെ മുറിയിലേക്ക് പുതിയ അവതാരങ്ങൾ കടന്നു വന്ന് എഴുത്തു പുസ്തകത്തെ കീഴ്പ്പെടുത്തി നാടകത്തിലെ കഥാപാത്രങ്ങളായി മാറുന്നു.
ഇതിനെ കെട്ടകാലമായി ശപിച്ചു തള്ളാതെ, പ്രതിരോധത്തിന്റെ കോട്ടകൾ പണിയാനുള്ള കാഹളമുയർത്തുകയാണ് നാടകം. രചനയും സംവിധാനവും നിർവഹിക്കുന്നത് കെ.കെ. ബ്രഷ്നേവാണ്. പി.വി. രവീന്ദ്രന്റേതാണ് ചമയവും സാങ്കേതിക സഹായവും. പി.വി. സതീശൻ, പി. സുധീർ, കെ.വി. രാജൻ, ടി.വി. വിശ്വനാഥൻ, അനീഷ് മുന്തിക്കോട്, സി. വിജയൻ, ശ്യാംകുമാർ, അക്ഷത് രഘു, ടി.പി. ശ്രീരാഗ്, രതീശൻ കന്നുവീട്, എൻ.പി. പ്രകാശൻ, ടി.കെ. രമേശൻ, എൻ.വി. ഭാസ്കരൻ, ആഷ്നി കൃഷ്ണ എന്നിവരാണ് അരങ്ങിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.