ജീവൻ തുടിക്കുന്ന തെയ്യം ശിൽപങ്ങളുമായി എട്ടാം ക്ലാസുകാരൻ
text_fieldsകാഞ്ഞങ്ങാട്: കണ്ടാൽ ആരെയും ആകർഷിക്കുന്ന ജീവൻ തുടിക്കുന്ന തെയ്യങ്ങളുടെ ശിൽപങ്ങളുമായി എട്ടാം ക്ലാസ് വിദ്യാർഥി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും വെള്ളിക്കോത്തെ വി.എം. മനോജിന്റെയും പി. പ്രതിഭയുടെയും മകനുമായ നിവേദ് പുറവങ്കരയാണ് വ്യത്യസ്തങ്ങളായ തെയ്യ ശിൽപ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായത്. തന്റെ തറവാട് ആയ പുറവങ്കരയിലെ മൂവാഴംക്കുഴി ചാമുണ്ഡിയെ എട്ട് അടി ഉയരത്തിലാണ് നിവേദ് നിർമിച്ചിരിക്കുന്നത്.
വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന തുണികളും, കളർ പേപ്പറുകളും, ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് മൂവാഴം കുഴിചാമുണ്ഡിയുടെ ശിൽപം നിർമിച്ചിരിക്കുന്നത്. പഠനത്തിനിടയിൽ കിട്ടുന്ന ഒഴിവുസമയം ഉപയോഗിച്ച് ഒന്നരമാസ സമയമെടുത്താണ് ഈ ശിൽപം പൂർത്തീകരിച്ചത്.
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടാർ ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളുടെ ശിൽപങ്ങളും നിവേദ് നിർമിച്ചിട്ടുണ്ട്. ശിൽപ നിർമാണത്തോടൊപ്പം വരയും തനിക്ക് വഴങ്ങുമെന്നതിന്റെ തെളിവായി പൊട്ടൻ തെയ്യം, പുലമാരുതൻ, ഗുളികൻ എന്നീ തെയ്യങ്ങളുടെ മുഖപടവും നിവേദ് വരച്ചിട്ടുണ്ട്.
തറവാടുകളിലും അമ്പലങ്ങളിലും നിരവധി തെയ്യങ്ങളെ കണ്ടപ്പോൾ അതിന്റെ ശിൽപങ്ങൾ ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ടായി. പിന്നീട് അത് പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു നിവേദ്. ചിത്രങ്ങൾ നോക്കിയാണ് മുഖത്തെഴുത്ത് നടത്തിയത്.
തെയ്യങ്ങളുടെ ആടയാഭരണങ്ങൾ പഴയ മാലകളും മറ്റും ഉപയോഗിച്ചാണ് അലങ്കരിച്ചത്. തെയ്യത്തിന്റെ നിർമാണ ഘട്ടത്തിൽ അമ്മ പ്രതിഭ അത്ര കാര്യമാക്കിയില്ലെങ്കിലും ശിൽപം പൂർത്തിയായതിനുശേഷമാണ് മകന് ഇതിൽ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. മാതാപിതാക്കളുടെ പൂർണ പിന്തുണ ലഭിച്ചു. സ്കൂൾ അവധിയിൽ കൂടുതൽ തെയ്യങ്ങളുടെ ശിൽപങ്ങൾ നിർമിക്കാനുള്ള തീരുമാനത്തിലാണ് ഈ കൊച്ചു ശിൽപി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.