നിരീക്ഷണ ബോധത്തിലൂടെ നിറങ്ങളെ അറിഞ്ഞ്
text_fieldsകരുനാഗപ്പള്ളി: വരലോകത്ത് അനീഷ് വിശ്വനാഥ് വ്യത്യസ്തനായ അധ്യാപകനാണ്. വരയിൽ യാഥ്യാർഥ്യം ഉൾച്ചേർക്കുന്ന രചനാശൈലി കല പഠിക്കാൻ എത്തുന്ന പുതുതലമുറക്കുംകൂടി പകർന്നുനൽകുന്നതിൽ കണിശക്കാരനായ അധ്യാപകൻ. കേന്ദ്ര ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച 63ാമത് നാഷനൽ എക്സിബിഷനിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറുമലയാളികളിലൊരാളായും ആർട്ടിസ്റ്റ് അനീഷ് വിശ്വനാഥ് തന്റെ കലയെ ഉയരങ്ങളിൽ വരച്ചുചേർക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ വരകൾക്ക് മുന്നിൽ ചെന്നുനിന്ന് നിസ്സംശയം പറയാം, ഇത് ഒറിജിനലിനെ വെല്ലും. തന്റെ വിരൽത്തുമ്പിലെ ആ നൈസർഗികത ശിഷ്യർക്കും പകർന്നുനൽകുന്നതിൽ അതീവശ്രദ്ധാലുവായ അധ്യാപകനാണ് എന്നത് കലാകാരനെ കൂടുതൽ ഉയരങ്ങളിൽ നിർത്തുന്നു.
നിർജീവ ചിത്രങ്ങളിൽ നിന്ന് ചിത്രങ്ങളെ പഠിക്കുകയും അതിൽ നിന്ന് ചിത്രങ്ങൾ വരച്ചുപഠിക്കുകയും ചെയ്യുന്നതാണ് ചിത്രകലാരംഗത്തെ സാമ്പ്രദായിക പഠനരീതി. വരകളിൽ നിന്ന് രൂപത്തെ പഠിച്ച് വരച്ച് ശീലിച്ചുവരുന്ന ആ പൊതുരീതിയിൽനിന്നും വ്യത്യസ്ത നിലപാടാണ് അനീഷ് അവതരിപ്പിക്കുന്നത്.
വരക്കുന്നതെന്തായാലും സൂക്ഷ്മമായി പഠിച്ച്, സൂക്ഷ്മതയോടെ ഓരോ പ്രത്യേകതയും വരച്ചുചേർക്കുന്നതാണ് വരകളെല്ലാം. അദ്ദേഹത്തിന്റെ ശിഷ്യരുടെ ചിത്രങ്ങളും അതേ പാത പിന്തുടരുന്നു. സ്കൂൾ കുട്ടികൾക്കായി നാഷനൽ സർവീസ് സ്കീം, കലാസാംസ്കാരിക സംഘടനകൾ എന്നിവർ സംഘടിപ്പിക്കുന്ന ചിത്രരചന പരിശീലന ക്യാമ്പുകളിൽ അദ്ദേഹത്തിന് മുന്നിലെത്തുന്ന കുട്ടികൾക്ക് വരയിലെ നിറത്തിനപ്പുറം യാഥാർഥ്യത്തെ കൂടി കണ്ടറിയാനുള്ള കഴിവ് പകർന്നുനൽകിയാണ് ക്ലാസ് അവസാനിപ്പിക്കുക.
സ്വന്തം കലാകാഴ്ചപ്പാടുകൾ പുതുതലമുറക്ക് പകർന്നുനൽകുന്നതിനും കലയിൽ കൂടുതൽ വ്യാപൃതനാകാനും ലക്ഷ്യമിട്ട് എൻ.ആർ.എൽ.സിയിൽ ലഭിച്ച ജോലി പോലും ഉപേക്ഷിച്ച് പരിശീലനത്തിനും പഠിപ്പിക്കലുകൾക്കും പരിഗണന നൽകുകയാണ് ഈ അസാധാരണ വ്യക്തി.
പ്രൈമറി ക്ലാസ് മുതൽ തന്നെ ചിത്രരചന, നാടകം, മേക്കപ് എന്നിവയിൽ അഭിരുചിയുണ്ടായിരുന്ന അനീഷ്, ആറാം ക്ലാസ് മുതൽ തന്നെ ചിത്രരചനയിൽ സ്കൂളിൽ ഒന്നാമനായിരുന്നു. വരകളിൽ വൈകാരികതകളെ പ്രതിഫലിപ്പിക്കാനുള്ള അസാധാരണമായ മികവ് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധ്യാപകൻ തന്നെയാണ് വരലോകത്ത് സജീവമാകണമെന്ന് ഉപദേശിച്ചത്. ആധുനികത സമ്പത്തിന് പ്രഥമ പരിഗണന നൽകുമ്പോൾ വരകളിൽ ജീവിക്കുന്ന ആർട്ടിസ്റ്റ് അനീഷ് വിശ്വനാഥ് ഈ കാലത്തിന് വ്യത്യസ്തനാകുന്ന വ്യക്തിത്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.