‘അസികല’ വരച്ചിടുന്ന അറേബ്യൻ ലൈഫ്
text_fieldsദോഹ: വെസ്റ്റ്ബേയിലെ തിരക്കേറിയ വ്യാപാര സമുച്ചയമായ സിറ്റി സെൻററിന്റെ മൂന്നാം നിലയിലൂടെ നടന്നു നീങ്ങുന്ന ആരുടെയും കണ്ണിലുടക്കാൻ പാകത്തിലാണ് ‘അസികല’യുടെ ചിത്ര ശേഖരങ്ങളുള്ളത്. ഖത്തറിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അർജന്റീന നായകൻ ലയണൽ മെസ്സിയും ഒന്നിക്കുന്ന ഫ്രെയിം അതേപോലെ പകർത്തിയൊരു കാൻവാസ്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ തലയുയർത്തി നിൽക്കുന്ന പഴയ സൂഖ് വാഖിഫും, അറേബ്യൻ മരുഭൂമിയിലൂടെ മണൽകൂനകൾക്കു മീതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളും, മഞ്ഞനിറത്തിൽ തുടുത്ത് നിൽക്കുന്ന ഈത്തപ്പഴങ്ങൾ വിളവെടുക്കുന്ന കർഷകനും, കുതിരയോട്ടവും, ദോഹ കോർണഷിലെ ബോട്ട് യാത്രയും, അറബിയുടെ തലയെടുപ്പായ ഫാൽക്കൺ പക്ഷിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രപ്പുര.
വമ്പൻ ബ്രാൻഡുകൾ നിറയുന്ന ഷോറൂമുകളും ഫുഡ്കോർട്ടുകളും കളിയിടങ്ങളുമായി ഷോപ്പിങ്ങിന്റെ ഉത്സവപ്പറമ്പായി നിറഞ്ഞു നിൽക്കുന്ന സിറ്റി സെൻററിലാണ് കാഴ്ചക്കാരെ പിടിച്ചു വലിക്കുന്ന ചിത്രക്കൂട്ടുകളുമായി ഒരു മലയാളി കാത്തിരിക്കുന്നത്.
കൊടുവള്ളി കരീറ്റിപ്പറമ്പിൽ അബ്ദുൽ അസീസ് എന്ന ഈ അനുഗ്രഹീത കലാകാരൻ ബ്രഷും പെയിന്റുമായി കാൻവാസിൽ മായാജാലം തീർക്കുന്നത് കണ്ടാൽ എത്ര തിരക്കിനിടയിലും ആരും ഒരു നിമിഷം നിൽക്കും. ആ നിൽപ്പ് ചിലപ്പോൾ മിനിറ്റുകളും മണിക്കൂറുമായി മാറുന്നതും അപൂർവമല്ല. അങ്ങനെ ‘അസികല’ എന്ന അസീസിന്റെ ആരാധകരായ മാറിയത് അറബികളും സായിപ്പന്മാരും ഏഷ്യക്കാരും ഉൾപ്പെടെ നിരവധി കലാപ്രേമികളാണ്.
കഴിഞ്ഞ നാലു വർഷമായി സിറ്റി സെന്ററിന്റെ നിലകളിൽ ബ്രഷും പെയിന്റുമായി ഈ കൊടുവള്ളിക്കാരനുണ്ട്. അറബ്നാട് കാണാൻ വരുന്ന വിദേശികൾ ഷോപ്പിങ്ങിനായി സിറ്റി സെന്ററിൽ കയറിയിറങ്ങി മടങ്ങുമ്പോൾ അസീസ് വരക്കുന്ന അറേബ്യൻ ലൈഫ് പെയിന്റിങ്ങുകൾ അവർക്കൊപ്പം വിമാനം കയറുന്നതും പതിവാണ്.
തലശ്ശേരി ചിറക്കര ഫൈൻ ആർട്സ് കോളജിൽനിന്നും ചിത്രകലയിൽ പഠനം പൂർത്തിയാക്കിയാണ് അസീസ് കലാവഴിയിലെത്തുന്നത്. നാട്ടിൽ ഗ്രാഫിക് ഡിസൈനറും ആർട്ടിസ്റ്റുമായി തുടങ്ങിയ ജീവിതം വേണ്ടത്ര വിജയം കാണാതായതോടെ ഗൾഫിലേക്ക് വിമാനം കയറുകയായിരുന്നു. ഖത്തർ, ദുബൈ, കുവൈത്ത് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലും വരയും പെയിൻറിങ്ങുമായി തുടർന്ന പരീക്ഷണങ്ങൾക്കൊടുവിൽ കോവിഡ് കാലത്തിന് മുമ്പാണ് വീണ്ടും ഖത്തറിലെത്തുന്നത്.
ശൈഖ് ഫൈസലിന്റെ ആർടിസ്റ്റ്
ഖത്തറിലെ രണ്ടാം വരവിൽ ഓർഡർ അനുസരിച്ച് പെയിൻറിങ് ചെയ്തു നൽകി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച ആ കൂടിക്കാഴ്ചയുണ്ടായതെന്ന് അസീസ് പറയുന്നു. ഖത്തറിലെ പ്രമുഖ സംരംഭകൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിയുമായാണ് ആ കൂടിക്കാഴ്ച.
സിറ്റി സെന്ററിലൂടെയുള്ള പതിവ് നടത്തത്തിനിടയിലായിരുന്നു ശൈഖ് ഫൈസൽ ഒരു കടയിൽ അസീസിന്റെ പെയിൻറിങ് കാണുന്നത്. അദ്ദേഹം ആ കലാകാരനെയും കണ്ടെത്തി. തനിക്കുവേണ്ടി ഒരു പെയിൻറിങ് ചെയ്യാനായിരുന്നു ശൈഖ് ഫൈസലിന്റെ ആദ്യ ആവശ്യം.
വലിയ കാൻവാസിലെ രചന അദ്ദേഹത്തിന് ഇഷ്ടമായി. ഖത്തറിലെ പ്രശസ്തമായ ശൈഖ് ഫൈസൽ മ്യൂസിയത്തിന്റെ ഉടമ കൂടിയായ അദ്ദേഹം തന്റെ സ്ഥാപനത്തിലെ കലാകാരനാക്കി അസീസിനെ നിയമിക്കുകയായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് മാർക്വിസിലെ കാർപെറ്റ് മ്യൂസിയത്തിലാണ് ഉച്ചവരെ അസീസിന്റെ പെയിൻറിങ്ങുകൾ. ശേഷം, സിറ്റി സെൻററിലെ മൂന്നാം നിലയിൽ ഏതെങ്കിലുമൊരു മൂലയിൽ തന്റെ പെയിൻറിങ്ങുകൾ നിരത്തിവെച്ച് അസീസ് രണ്ടാംഘട്ട പണി തുടങ്ങും. വരയും വിൽപനയുമായി നീങ്ങുന്ന മണിക്കൂറിൽ സന്ദർശകരും ഏറെയെത്തും.
അക്രിലിക്, ഓയിൽ, വാട്ടർ കളർ തുടങ്ങി പെൻസിൽ സ്കെച്ച് ഉൾപ്പെടെ വൈവിധ്യമാർന്ന മീഡിയങ്ങളിലെല്ലാം അസീസിന്റെ രചനാലോകം വിശാലമാവുകയാണ്. അൽ ഷഹാനിയയിലെ ശൈഖ് ഫൈസൽ മ്യൂസിയം, കതാറ കൾചറൽ വില്ലേജ് ഉൾപ്പെടെ പ്രദർശന വേദികൾ എന്നിവിടങ്ങളിലും അദ്ദേഹത്തിന്റെ സൃഷ്ടികളുണ്ട്.
കുവൈത്ത്, മസ്കത്ത്, ദുബൈ ഉൾപ്പെടെ രാജ്യങ്ങളിലും നേരത്തേ വിവിധ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പിന്റെ ഭാഗമായി രചിച്ചവക്ക് യൂറോപ്യൻ സന്ദർശകർ ഉൾപ്പെടെ നിരവധി ആവശ്യക്കാരുണ്ടായതായി അസീസ് പറയുന്നു. ലയണൽ മെസ്സിയെ അമീർ ബിഷ്ത് അണിയിക്കുന്ന പെയിൻറിങ് ആയിരം ഡോളർ വരെ നിരക്കിലാണ് വിറ്റുപോയത്. ഇതിന്റെ നാല് പെയിൻറിങ്ങുകളും അദ്ദേഹം ചെയ്തിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം പ്രമേയമായും ആടു ജീവിതത്തിലെ പൃഥ്വിരാജും, മക്കയുമെല്ലാം അസീസിന്റെ കാൻവാസിൽ ജീവൻ തുടിക്കുന്ന ദൃശ്യങ്ങളായുണ്ട്. ഷാഹിനയാണ് അസീസിന്റെ ഭാര്യ. മീഡിയ വൺ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ തിളങ്ങിയ ആദിൽ റഹ്മാൻ, വിദ്യാർഥികളായ ദിൽഷാദ്, ഷാഹിൽ റഹ്മാൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.