അറബിക് കാലിഗ്രഫിയിൽ ഉപജീവനം തേടി ഷാമില
text_fieldsകയ്പമംഗലം: കോവിഡ് കാലത്ത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർന്നപ്പോൾ കാലിഗ്രഫിയിലേക്ക് എത്തിപ്പെട്ടതാണ് ഷാമില. വരയും ക്ലാസുമായി ഇന്ന് നിന്നുതിരിയാൻ സമയമില്ല. പെരിഞ്ഞനം ചക്കരപ്പാടത്ത് തട്ടാർകുഴി അനൂപിന്റെ ഭാര്യ ഷാമിലക്ക് ഇപ്പോൾ അറബിക് കാലിഗ്രഫി അന്നത്തോടൊപ്പം അഭിനിവേശം കൂടിയാണ്. കോവിഡിൽ ഉപജീവനത്തിന് മാർഗം തേടുന്നതിനിടെ കണ്ണൂർ അജ്മലിന്റെ മൂന്നുമാസത്തെ ഓൺലൈൻ ക്ലാസിലായിരുന്നു തുടക്കം.
ചിത്രകലയോട് മുമ്പേ ഇഷ്ടമുള്ളതിനാൽ പഠന സമയത്ത് വരച്ചുതുടങ്ങി. അറബി അക്ഷരങ്ങളും വരച്ചിട്ടകളും പെട്ടെന്ന് വഴങ്ങി. പുതിയ സങ്കേതങ്ങളെക്കുറിച്ചറിയാൻ ബംഗളൂരുവിലെ മീം, വണ്ടൂരിലെ അൻഫാസ് എന്നിവരുടെ ക്ലാസുകൾ ഇപ്പോഴും പിന്തുടരുന്നുണ്ട്.
ഓൺലൈനിൽ ഇട്ടാൽ ചൂടപ്പം പോലെ വിറ്റുപോകുന്ന വരകളിൽ മാശാ അല്ലാഹ്, ആയത്തുൽ കുർസി, അസ്മാഉൽ ഹുസ്ന, സൂഫീ വർക്കുകൾ എന്നിവയാണ് മുന്നിൽ. മരത്തിലും പ്ലൈവുഡിലും കടലാസിലും തുണിയിലും വരക്കും. എഴുത്തിനായി ഉപയോഗിക്കുന്ന പേന മുളകൊണ്ട് നിർമിക്കുന്നതാണ്. എറണാകുളത്തുനിന്ന് മുള കൊണ്ടുവന്ന് പേന നിർമിച്ചു വിൽക്കുന്ന ജോലിയും സ്വയം ചെയ്യുന്നു.
കാലിഗ്രഫി പഠിക്കാൻ താൽപര്യമുള്ള നിരവധി പേർ അന്വേഷിച്ചു വന്നതോടെ ഓൺലൈനിൽ ക്ലാസ് ആരംഭിച്ചു. ഇന്ന് 250ഓളം പേരാണ് സ്ഥിരമായി ക്ലാസിൽ പങ്കെടുക്കുന്നത്. വരയിലൊതുങ്ങാതെ മറ്റു മേഖലകളിലേക്ക് കൂടി കടന്നതോടെ ജീവിക്കാനുള്ള വരുമാനം കൂടി കാലിഗ്രഫിയിൽനിന്ന് ലഭിക്കുന്നുണ്ട് -ഷാമില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.