നൃത്തകലയില്‍ ആരാധ്യ
text_fieldsനൃത്തകലകളില്‍ താള വിസ്മയത്തിന്‍റെ തിരയിളക്കം തീർത്ത് മുന്നേറുകയാണ് ആരാധ്യ എന്ന കൊച്ചു മിടുക്കി. നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ ഇനത്തിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് ചെറു പ്രായത്തിൽ ഈ കൊച്ചു മിടുക്കി.
കുഞ്ഞുനാളിലേ നൃത്തത്തോട് താല്പര്യമുണ്ടായിരുന്ന ആരാധ്യ ആറാമത്തെ വയസ്സിലാണ് ഗുരു ഹരീഷ് ടി നമ്പ്യാരുടെ ശിക്ഷണത്തിൽ നൃത്തരംഗത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യ നാളുകൾ മുതൽ തന്നെ ആരാധ്യ ശാസ്ത്രീയ നൃത്തത്തിലുള്ള കഴിവ് പ്രകടിപ്പിച്ചു. നൃത്ത കലയിലെ സങ്കീർണമായ അടവുകള്‍ അര്‍പ്പണ ബോധത്തോടെ ഈ കൊച്ചു മിടുക്കി ഹൃദിസ്ഥമാക്കിയിരുന്നു.
മനോഹരമായ ഭാവത്തോടെയുള്ള ഈ കൊച്ചു കലാകാരിയുടെ പ്രകടനങ്ങൾ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി. അൽഐനിലെ സ്റ്റെപ്‌സ് ആൻഡ് ബീറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേർന്ന് മാസ്റ്റർ ജിനുവിന്‍റെ മാർഗനിർദേശപ്രകാരം സിനിമാറ്റിക് ഡാന്‍സില്‍ തന്‍റെ കഴിവുകൾ മെച്ചപ്പെടുത്തി.
വിവിധ എമിറേറ്റുകളില്‍ നടന്ന വ്യത്യസ്തങ്ങളായ മത്സരങ്ങളിലും വേദികളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഓരോ മത്സരത്തിലും തന്‍റെ കഴിവ് പ്രകടമാക്കിയ ഈ കൊച്ചു നര്‍ത്തകി അല്‍സാദ് ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച ഭവന്‍സ് ഫെസ്റ്റില്‍ കലാതിലകപട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷവും ഇതേ സ്കൂളിലെ സ്കൂൾ കലോത്സവത്തിൽ കലാ തിലകമാണ്.
ദുബൈയിൽ നടന്ന സാന്ത്വനം യൂത്ത് ഫെസ്റ്റിന്‍റെ ഗ്രാൻഡ് സ്റ്റേജിലേക്ക് ചുവടുവെച്ച ആരാധ്യ, നാടോടി നൃത്ത വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയാണ് തന്‍റേതായ മുദ്ര പതിപ്പിച്ചത്. ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അബൂദബിയിൽ ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അൽ ഐൻ മലയാളി സമാജം മുതൽ കേരള സോഷ്യൽ സെന്‍റര്‍ അബൂദബി വരെ, ഭരതനാട്യം, നാടോടി നൃത്തം എന്നീ വിഭാഗങ്ങളിൽ ഉന്നത ബഹുമതികൾ കരസ്ഥമാക്കി. ബ്ലൂസ്റ്റാർ അൽ ഐന്‍ സംഘടിപ്പിച്ച ഭരതനാട്യത്തിൽ, ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ, രണ്ടാം സ്ഥാനവും നേടി ഈ കലാകാരി സമപ്രായക്കാർക്കിടയിൽ വേറിട്ടു നിന്നു.
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ആരാധ്യയുടെ ശ്രദ്ധേയമായ കഴിവിന് അബൂദബി മലയാളി സമാജവും സാക്ഷ്യം വഹിച്ചു. തന്‍റെ മാസ്മരിക പ്രകടനങ്ങളിലൂടെ വേദിയെ അലങ്കരിക്കുന്നത് തുടരുമ്പോൾ, നൃത്ത ലോകത്ത് പ്രതിഭയുടെയും അഭിനിവേശത്തിന്‍റെയും തിളങ്ങുന്ന ദീപമായി ഈ കൊച്ചുമിടുക്കി ജ്വലിച്ചുനില്ക്കുന്നു.
പാരമ്പര്യമായി കിട്ടിയതാണ് ആരാധ്യക്ക് നൃത്തത്തോടുള്ള താൽപര്യം. ഗുരുവായ അമ്മയുടെ അമ്മാവനാടക്കം പലരും നൃത്ത രംഗത്ത് തിളങ്ങിയവരാണ്.
പഠനത്തിലും മിടുക്കിയായ ആരാധ്യ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അൽഐന്‍ അല്‍സാദ് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അതേ സ്കൂളിലെ അധ്യാപികയായ ദിവ്യ നായരുടെയും അൽഐനിൽ സെയിൽസ് കൊറിഡിനേറ്ററായി ജോലി ചെയ്യുന്ന അരുൺ കുമാറിന്‍റെയും മകളാണ്. മലപ്പുറം കാടാമ്പുഴയാണ് ഇവരുടെ സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.