സംഗീതവും ചിത്രകലയും ഒരുമിച്ച നന്ദനം
text_fieldsമരുഭൂവിന്‍റെ ചുടുകാറ്റിലും മലയാളികളെ സംഗീതത്തിലൂടെയും ചിത്രകലയിലൂടെയും നാടിന്‍റെ നല്ലോർമകളിലേക്ക് വഴി നടത്തുകയാണ് ദുബൈയിലെ പ്രവാസിയായ നന്ദൻ കാക്കൂർ. സംഗീതാധ്യാപകനായി പ്രവാസം തുടങ്ങിയ നന്ദൻ ചിത്രകലയിലൂടെയാണ് തന്‍റെ നാടിന്‍റെ പച്ചപ്പുകളെ കാൻവാസിലേക്ക് പകർത്തുന്നത്. ശുദ്ധ സംഗീതം പുതു തലറമുറക്ക് പകർന്നുകൊടുക്കുന്നതോടൊപ്പം ചിത്രകലയേയും ചേർത്തുപിടിക്കാനുള്ള ഈ പ്രവാസിയുടെ കഴിവ് ആരേയും അത്ഭുതപ്പെടുത്തും.
അത്ര മനോഹരമായ ചിത്രങ്ങളാണ് ആ മാന്ത്രിക കൈകളിൽ നിന്ന് ക്യാൻവസുകളിലേക്ക് പകർന്നൊഴുകുന്നത്. കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമത്തിലാണ് നന്ദൻ ജനിച്ചത്. പാട്ടുകാരനെന്ന നിലയിലും ചിത്രകാരനെന്ന നിലയിലും ഒപ്പം എഴുത്തുകാരനെന്നനിലയിലും ഇന്ന് ഈ പ്രവാസലോകത്ത് വ്യത്യസ്ത സാന്നിധ്യമാണ് നന്ദൻ. തിരക്കിട്ട പ്രവാസജീവിതത്തിലും കേരളത്തിന്‍റെ ഗ്രാമീണ ഭംഗിയെ ഇവിടെ പറിച്ചുനടുകയാണ് ഇദ്ദേഹം. പുഴകളും നാട്ടിടവഴികളും കാവുകളും മഴയും അങ്ങനെ തുടങ്ങി കേരളത്തിന്‍റെ പ്രകൃതി ഭംഗിയാണ് നന്ദന്‍റെ വരകളിൽ നിറയുന്നത്. തന്‍റെ ഓർമകളിൽ നിറയുന്ന പ്രകൃതിയെ മാത്രമല്ല, പ്രവാസ ലോകത്ത് പരിചിതരായി മാറിയ സുഹൃത്തുക്കളിലൂടെ പറഞ്ഞറിഞ്ഞ അവരുടെ ഓർമകളെ തന്‍റെ ഭാവനയിലൂടെ പുനസൃഷ്ടിക്കുകകൂടിയാണ്.
അക്രലിക് ചിത്രങ്ങളിലാണ് നന്ദൻ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നന്ദനെ സംബന്ധിച്ച് ചിത്രകലയും സംഗീതവും സമാന്തരമായി ഒഴുകുന്ന നദികളെ പോലെയാണ്. കലാസ്വാദകനെ സംബന്ധിച്ച് അതൊരിക്കലും ഏറ്റുമുട്ടില്ല. രണ്ടും ആസ്വദിക്കാൻ എളുപ്പം കഴിയും. പ്രകൃതിയുമായി ഇഴയടുപ്പമുള്ള, ജീവസ്സുറ്റ നൂറു കണക്കിന് ചിത്രങ്ങൾ നന്ദനിലൂടെ പിറവിയെടുത്തുകഴിഞ്ഞു. ചിത്രകലയിൽ നിറഞ്ഞു നിൽക്കുമ്പോഴും സംഗീത ലോകത്തും അഭിനയ രംഗത്തും തന്‍റേതായ ഇടം കണ്ടെത്താനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കേരളത്തിന്‍റെ ഗന്ധമുള്ള നിരവധി പാട്ടുകൾക്കാണ് ഇദ്ദേഹം സംഗീതം നിർവഹിച്ചിരിക്കുന്നത്.
കോഴിക്കോട് ദേവഗിരി സി.എംഐ പബ്ളിക് സ്കൂളിലെ മുൻ പ്രിൻസിപ്പൽ ഫാ ജോൺ മണ്ണാറത്തറയാണ് വർഷങ്ങൾക്ക് മുൻപ് നന്ദന്‍റെ കഴിവ് തിരിച്ചറിഞ്ഞ് സംഗീത സംവിധാന രംഗത്തേക്ക് വഴിതെളിച്ചത്. തുടർന്ന് സംഗീതാധ്യാപകനായി പ്രവാസ ലോകത്ത് എത്തിയ നന്ദൻ യു.എ.ഇയിൽ പ്രശസ്ത നർത്തകിയായ ആശാ ശരതിന്‍റെ സംഗീത ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഏറെ കാലം. ഇവിടെ സംഗീതം കുരുന്നുകൾക്ക് പകർന്നു നൽകുന്നതിനിടയിലാണ് ചിത്രകലയുടെ ലോകത്തേക്കുള്ള നന്ദന്‍റെ വഴി നടത്തം. ഇടക്ക് കൊറോണക്കാലം നാട്ടിലെത്തിച്ചെങ്കിലും വീണ്ടും തിരികെ പ്രവാസലോകത്തേക്ക് തന്നെ തിരികെയെത്തി.
സംഗീതവും ചിത്ര കലയും ചേർത്തു പിടിക്കുമ്പോഴും അഭിനയ രംഗത്ത് പുതിയ മേച്ചിൽപുറങ്ങളും തേടുന്നുണ്ട് ഈ കലാകാരൻ. ‘ഴ’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തും തന്‍റെ സാന്നിധ്യം നന്ദൻ അറിയിച്ചിരിക്കുന്നത്. താൻ ജനിച്ചുവളർന്ന തന്‍റെ ഗ്രാമത്തിലെ ആരുമറിയാതെ ഒതുങ്ങിപ്പോകേണ്ടി വന്ന കലാകാരന്മാരെ കേരളത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കാനായി പ്രവർത്തിക്കണമെന്നാണ് ഇന്ന് നന്ദന്‍റെ ഏറ്റവും വലിയ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.