സഹൃദയരുടെ കനിവു തേടി 'ജീവരേഖ'
text_fieldsകോഴിക്കോട്: ലളിതകല ആർട്ട് ഗാലറിയിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രപ്രദർശനം തേടുന്നത് കലാസ്വാദകരെയല്ല, ഹൃദയത്തിൽ കനിവിന്റെ ഉറവ വറ്റാത്ത സഹൃദയരെയാണ്. ആർട്ടിസ്റ്റ് വികാസ് കോവൂരിന്റെ ചികിത്സ സഹായത്തിനുവേണ്ടി 70ൽപരം ചിത്രകാരന്മാരാണ് 'ജീവരേഖ' എന്നപേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ചിത്രപ്രദർശനം കാണാനെത്തുന്നവർ ചിത്രങ്ങൾ വിലകൊടുത്തുവാങ്ങുമെന്ന പ്രതീക്ഷയിലാണ് വികാസിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും. വിറ്റുകിട്ടുന്ന തുക വികാസിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടി ഉപയോഗിക്കും. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് വൃക്കമാറ്റിവെക്കലിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ചിത്രകാരന്മാരുടെ കൂട്ടായ്മയായ പുനർജനി വികാസിന്റെയും ശിഷ്യന്മാരുടെയും കൂട്ടുകാരുടെയും 155ഓളം ചിത്രങ്ങളാണ് ശേഖരിച്ച് പ്രദർശിപ്പിക്കുന്നത്. 'ഒരു ചിത്രം വാങ്ങൂ ഒരു ജീവന് തുണയേകൂ' എന്ന മുദ്രാവാക്യവുമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വലിയ മ്യൂറൽ പെയിന്റിങ്ങുകളും പോർട്രെയ്റ്റുകളും പ്രകൃതി ദൃശ്യങ്ങളും ഇവിടെ ലഭ്യമാണ്.1000 രൂപ മുതലാണ് ചിത്രങ്ങളുടെ വില. ഈ മാസം 28വരെയാണ് പ്രദർശനം.
വർഷങ്ങളായി വൃക്കരോഗ ബാധിതനാണ് വികാസ്. അമ്മ ദാനംചെയ്ത വൃക്കയുമായി എട്ടു വർഷത്തോളം ജീവിച്ചെങ്കിലും ആ വൃക്കയും പിന്നീട് പ്രവർത്തനരഹിതമായി. നാലുവർഷങ്ങളായി ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയമാകേണ്ട അവസ്ഥയിലാണ്. ചുമർ ചിത്രകലാകാരനായ വികാസിന് ഇപ്പോൾ ദൂരദേശങ്ങളിൽ പോയി ജോലി ചെയ്യുക അസാധ്യമാണ്. അമ്മയും സഹോദരനോടുമൊപ്പം കോവൂരിലാണ് വികാസ് താമസിക്കുന്നത്.
എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ വെച്ച് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകൾ കനിയുകതന്നെ വേണം. ചികിത്സ സഹായ കമ്മിറ്റി വെള്ളിമാടുകുന്ന് എസ്.ബി.ഐയിൽ 38151827957 എന്നനമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. SBIN0016659 ഐ.എഫ്.എസ്.സി കോഡ്. ഫോൺ: 9947214537.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.