തെയ്യഭാവങ്ങൾക്ക് ഇന്തു ചിന്തയുടെ കൈയൊപ്പ്
text_fieldsമാനന്തവാടി: എഴുത്തുകാരിയും അനുഷ്ഠാനകലയെ ആഴത്തിൽ മനസ്സിലർപ്പിച്ച കലാകാരിയുമായ ഇന്തു ചിന്തയുടെ തെയ്യഭാവങ്ങൾ ഒപ്പിയെടുത്ത ഫോട്ടോകളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു. 'മലബാറിലെ തെയ്യക്കോലങ്ങൾ' എന്നപേരിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനമാണ് ലളിതകല അക്കാദമി മാനന്തവാടി ആർട്ട് ഗാലറിയിൽ നടന്നുവരുന്നത്. ഹൈദരാബാദ് സ്വദേശിനിയായ ഇവരുടെ വയനാട്ടിലെ ആദ്യ പ്രദർശനമാണിത്. ചാമുണ്ഡി, ഭദ്രകാളി, ആട്ടകാരത്തി, ഇളം കോലം, പുലയൂർ കാളി, പൊട്ടൻ തെയ്യം, കരിച്ചാമുണ്ടി, പോർക്കലി തുടങ്ങി തെയ്യങ്ങളുടെ വിവിധ ഭാവങ്ങളിലുള്ള 32 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
തെയ്യപ്പെരുമയിൽ ആറാടിനിൽക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗ്രാമങ്ങളിലെ കാവുകളിൽ അഞ്ചു വർഷം നടന്ന തെയ്യാട്ടങ്ങൾ നിരീക്ഷിക്കുകയും പകർത്തുകയും ചെയ്യുക മാത്രമല്ല, ഓരോ തെയ്യങ്ങളെ കുറിച്ചും വ്യക്തമായി പഠനം നടത്തിയിരുന്നു. വിവിധ ഭാവങ്ങളിലുള്ള തെയ്യക്കാഴ്‌ചകളുടെ വലിയ ശേഖരവും ഇവരുടെ കൈവശമുണ്ട്. കണ്ണൂർ, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തെയ്യം മെർജിങ് മിസ് ദി ഡിവൈൻ എന്ന പുസ്തകത്തിന് 2020ൽ ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വയനാട് പൊലീസ് മേധാവി അർവിന്ദ് സുകുമാറിന്റെ സഹധർമിണിയാണ്. പ്രദർശനം ജില്ല കലക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒമാരായ എ. ഷജ്ന, ദർശൻ ഘട്ടാനി, ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. പ്രദർശനം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.