Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightആർട്ടിസ്റ്റ് നമ്പൂതിരി...

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

text_fields
bookmark_border
ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
cancel

മലപ്പുറം: മലയാള ചിത്രകലയിൽ നിറങ്ങളുടെ കമ്പക്കൂട്ടില്ലാതെ കഥാപാത്രങ്ങൾക്ക് ഉടലും ഉടുപ്പും നൽകിയ പ്രമുഖ ശിൽപിയും ചിത്രകാരനും ആ​ർ​ട്ട് ഡ​യ​റ​ക്ട​റുമായ ആർട്ടിസ്​റ്റ്​ നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

1925 സെപ്റ്റംബർ 13ന് പരമേശ്വരൻ നമ്പൂതിരി-ശ്രീദേവി അന്തർജനം ദമ്പതികളുടെ മകനായി പൊന്നാനിയിലാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം. സ്കൂളിൽ പോയിട്ടില്ല. കരുവാട്ട് മനയ്ക്കലെ വീട്ടുമുറ്റമായിരുന്നു മാതൃവിദ്യാലയം. അവിടെ പൂഴിമണലിൽ ഈർക്കിൽ കൊണ്ട് വരച്ച് സ്വയം വരയെഴുത്തിനിരുന്നു. എഴുത്തിനിരുത്തിയത് പണ്ഡിതനായ അച്ഛൻ. ഇല്ലത്ത് പുസ്തകങ്ങളുടെ അമൂല്യമായ ശേഖരമുണ്ടായിരുന്നു. കടലാസിൽ വരച്ചു തുടങ്ങിയത് പത്താം വയസ്സുമുതൽ. ആദ്യം വരച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാർ മൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശിൽപങ്ങൾ ഉണ്ടാക്കി പഠിച്ചു.

പിന്നീട് വൈദ്യവും വൈദികവൃത്തിയും പഠിക്കാൻ തൃശൂരിലേക്ക്. ബ്രഹ്മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്റെ ഇല്ലത്തും. പിന്നീട് തൃശൂർ സ്കൂൾ ഓഫ് ആർട്സിൽ ചിത്രകലാ വിദ്യാർഥിയായി. അതിന് നിമിത്തമായത് ശിൽപി വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരി. അവിടെ ശങ്കര മേനോനാണ് ഗുരു. അവിടത്തെ ചിത്രംവര പഠനത്തിൽ താൽപര്യം തോന്നിയില്ല. പകർപ്പെടുത്ത് വരക്കാൻ താൽപര്യമില്ലാതിരുന്നതിനാൽ കെ.ജി.ടി പരീക്ഷയിൽ സ്വയം തോറ്റുകൊടുത്തു. പിന്നീട് മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ. നമ്പൂതിരിയുടെ പ്രൈമറി സ്കൂളും സർവകലാശാലയും അതായിരുന്നു.

കെ.സി.എസ്. പണിക്കർ, കൃഷ്ണറാവു, റോയ് ചൗധരി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ പാഠശാല. അപേക്ഷിച്ചത് അപ്ലൈഡ് ആർട്ടിന്. 12 ദിവസത്തെ പരീക്ഷ എന്ന കടമ്പ കടന്നു കിട്ടിയതാണ് സീറ്റ്. പിന്നാലെ ഡബ്ൾ പ്രമോഷനും സ്കോളർഷിപ്പും കിട്ടി. മൂന്നു കൊല്ലം കൊണ്ട് കോഴ്സ് കഴിഞ്ഞു. ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരു കെ.സി.എസ്. പണിക്കർ. തമിഴ്നാട്ടിലെ പഠനകാലത്തു കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങൾ പിൽക്കാല രചനകൾക്ക് ഊർജം പകർന്നു.

മദ്രാസിലെ പഠനം പൂർത്തിയാക്കി പൊന്നാനിയിൽ മടങ്ങിയെത്തി വീട്ടിൽ വെറുതെയിരിക്കുന്ന കാലത്താണ് എൻ.വി. കൃഷ്ണവാര്യരുടെ കത്ത് വരുന്നത്. എൻ.വി അന്ന് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ. അങ്ങനെ 1960ൽ ‘മാതൃഭൂമി’യിൽ ചേർന്നു. എം.ടി. വാസുദേവൻ നായർ, എം.വി. ദേവൻ, ഉറൂബ്, ജി. ശങ്കരക്കുറുപ്പ് എന്നിവരുമായുള്ള പരിചയവും അടുപ്പവുമാണ് തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്ന് നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്.

അരവിന്ദൻ, പട്ടത്തുവിള കരുണാകരൻ, തിക്കോടിയൻ തുടങ്ങിയവരുമായുള്ള അടുപ്പവും കോഴിക്കോട്ടെ ജീവിതകാലത്ത് സർഗാത്മക പ്രവർത്തനങ്ങൾക്ക് ഊർജമായി. അങ്ങനെ അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിന്റെ കലാസംവിധാനം നിർവഹിച്ചു. അതിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ‘മാതൃഭൂമി’ വിട്ടതിനുശേഷം ‘കലാകൗമുദി’യിലും ‘മലയാളം വാരിക’യിലും ജോലി ചെയ്തു. എൻ.വി. കൃഷ്ണവാര്യർ, എം.ടി, കെ.സി. നാരായണൻ, എസ്. ജയചന്ദ്രൻ നായർ എന്നിവരായിരുന്നു നമ്പൂതിരിയെക്കൊണ്ട് പതിവായി വരപ്പിച്ചിരുന്ന പത്രാധിപന്മാർ.

കേരള ലളിതകലാ അക്കാദമി ചെയർമാനായിരുന്നു. 1995ൽ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചു. രാജാ രവിവർമ പുരസ്കാരം, ബഷീർ പുരസ്കാരം തുടങ്ങി തേടിയെത്തിയ അംഗീകാരങ്ങൾ നിരവധി. മൂത്ത മകൻ പരമേശ്വരൻ. രണ്ടാമത്തെ മകൻ ദേവനും പത്നി മൃണാളിനിക്കുമൊപ്പം എടപ്പാളിലെ വീട്ടിലായിരുന്നു താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artist Namboothiri
News Summary - Artist Namboothiri passed away
Next Story