കലാമൂല്യവും ഗ്രാമക്കാഴ്ചയുമായി അൻവർ പല്ലനയുടെ വരകൾ
text_fieldsആറാട്ടുപുഴ: പല്ലന ഗ്രാമത്തിന്റെ സ്വന്തം ചിത്രകാരനാണ് അൻവർ പല്ലന. കലാമൂല്യവും ഗ്രാമീണഭംഗിയും വൈവിധ്യങ്ങളുടെ വർണക്കൂട്ടുകളും ഒത്തുചേരുന്ന ചിത്രകലാ വൈഭവം നാട് കണ്ടറിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ അറിയപ്പെടേണ്ട പ്രതിഭയാണെന്ന് അൻവറിന്റെ സൃഷ്ടികളുടെ കലാമൂല്യം ബോധ്യപ്പെട്ടവർ സമ്മതിക്കും.
2023ലെ കേരള ലളിതകലാ അക്കാദമിയുടെ അംഗീകാരം ലഭിച്ചതോടെ വൈകിയെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. റിയലിസ്റ്റിക് വിഭാഗത്തിൽ അക്രിലിക്കിൽ വരച്ച ചിത്രത്തിനാണ് കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്.
തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന പടന്നയിൽ അൻവർ ചിത്രരചനയിൽ ചെറുപ്പം മുതൽ മികച്ച സിദ്ധി തെളിയിച്ച കലാകാരനാണ്. അൻവറിന്റെ അഭിരുചി മനസ്സിലാക്കി വീട്ടുകാരും പൂർണ പിന്തുണ നൽകി. നാഷനൽ ഡിപ്ലോമ ഇൻ ഫൈൻ ആർട്സിലും മാവേലിക്കര രവിവർമ ചിത്രകല കോളജിലും ചിത്രകല പഠിച്ചു. കേരളത്തിനകത്തും പുറത്തും ഗൾഫ് രാജ്യങ്ങളിലും ചിത്രകലയുമായി ബന്ധപ്പെട്ട പണിയിലേർപ്പെട്ടു.
ഇപ്പോൾ ഫ്രീലാൻസ് ആർട്ടിസ്റ്റായി പത്തനാപുരം ഗാന്ധിഭവൻ പ്രസിദ്ധീകരിക്കുന്ന സ്നേഹരാജ്യം മാഗസിനിൽ ജോലി ചെയ്തുവരുന്നു. കൂടാതെ ആസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ബൈബിൾ പബ്ലിഷിങ്, ചെങ്ങന്നൂർ കേന്ദ്രമായ ആർഷനാദം പബ്ലിക്കേഷൻസ്, ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഐമാജിക് കമ്പനികൾക്ക് വേണ്ടിയും ചിത്രങ്ങൾ വരക്കുന്നു. കൂടാതെ കേരളത്തിലെ പ്രമുഖങ്ങളായ നിരവധി വാരികകളിലെ രചനകൾക്ക് വേണ്ടി ചിത്രം വരച്ചിട്ടുണ്ട്.
പല്ലന ഗ്രാമവും അവിടുത്തെ മനുഷ്യരുമൊക്കെ അൻവറിന്റെ രചനയിൽ നിരവധി തവണ ചിത്രങ്ങളായി പിറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർഥികൾ തങ്ങളുടെ ചിത്രങ്ങൾ അൻവറിനെക്കൊണ്ട് വരപ്പിച്ച് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രമുഖരായ പല സാഹിത്യകാരന്മാരുടെയും രചന രചനകൾക്ക് വേണ്ടി അൻവർ ചിത്രം വരച്ചിട്ടുണ്ട്.
ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരുടെയും കലാ-കായിക രംഗത്തെ പ്രമുഖരുടെയും ലോകനേതാക്കളുടെയും അൻവർ വരച്ച പോർട്രേറ്റ് ചിത്രങ്ങൾ മനോഹരങ്ങളാണ്. കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
2022 ‘മഴയെ’ എക്സിബിഷനിൽ അൻവർ വരച്ച മഴയത്ത് ഉന്തുവണ്ടിയുമായി പോകുന്ന കച്ചവടക്കാരന്റെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ വിലയ്ക്കാണ് ഈ ചിത്രം വിദേശി സ്വന്തമാക്കിയത്. പല്ലന തോപ്പിൽ ജങ്ഷന് വടക്കുഭാഗത്തായി നെറ്റ്കോണ് സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ട്. സഫീനയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.