കരിങ്കല്ലിൽ കരിവീരന് ദൃശ്യഭംഗിയൊരുക്കി കലാകാരന്മാര്
text_fieldsപെരുമ്പാവൂര്‍: പ്രകൃതി കല്ലില്‍ കൊത്തിയ ആനപ്പാറക്ക് കലാകാരന്മാര് നല്കിയ ദൃശ്യഭംഗി വിസ്മയമാകുന്നു. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ മുണ്ടന്‍തുരുത്ത് റോഡില്‍ പാടശേഖരത്തിലാണ് ആനപ്പാറ. ആനയുടെ രൂപത്തിലുള്ള വലിയൊരു പാറയാണിത്. ഈ പാറക്ക് ദൃശ്യഭംഗി നല്‍കിയിരിക്കുകയാണ് വേങ്ങൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ജയന് എന്ന കലാകാരനും ശിഷ്യന് സനലും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാറയില്‍ ഒന്നരമണിക്കൂര്‍ മാത്രം ബ്രഷ് ചലിപ്പിച്ചാണ് രൂപമൊരുക്കിയത്. അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് തുമ്പിക്കൈ, ചെവികള്‍, നഖങ്ങള്‍ എന്നിവക്ക് നിറംനല്കിയതെന്ന് ജയന് പറഞ്ഞു. പള്ളികളുടെ അള്‍ത്താരയിലും ക്ഷേത്രങ്ങളിലും കലാരൂപങ്ങള്‍ ഒരുക്കുന്നവരാണ് ജയനും സനലും.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന പുലിയണിപ്പാറയുടെ താഴ്വാരമാണ് ആനപ്പാറ. കോടനാട് അഭയാരണ്യം, പാണിയേലി പോര്, നെടുമ്പാറചിറ, പാണംകുഴി പുഴയോരം, ഹരിത ബയോപാര്‍ക്ക്, പുലിയണിപ്പാറ എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി ആനപ്പാറയും കൗതുകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.