ആർട്സ് ക്ലബ്
text_fieldsറബ്ബറിലൊട്ടിയ പെടാപ്പാടുകൾ
എടാ തങ്കപ്പാ, ആ പുല്ലിന്റാത്ത് പല്ലും കുത്തിക്കോണ്ട് നിക്കാതെ ശടേന്ന് നീയാ പൊകപ്പൊരേന്ന് ഒള്ള പച്ച ഷീറ്റെല്ലാം പെറുക്കി മുറ്റത്തെ അയേലോട്ടിട്ടേ. അവരിങ്ങെത്താറായി. വെട്ടുകാരനോട് വെട്ടുപുറത്ത് തങ്കച്ചായൻ അമറുന്നതിനിടെയാണ് പശൂന് കാടി കൊടുക്കാനായി കെട്ടാനോങ്ങി നിൽക്കുന്ന മൂത്തപുത്രി അന്നക്കൊച്ച് പിച്ച വെച്ചുനീങ്ങുന്നത് കണ്ടത്. എടീ കൊച്ചെ, അവരിങ്ങെത്താറായി, നീയാ ചെരുവം അവിടെ വെച്ചിട്ട് വേഗം പോയൊരുങ്ങിക്കേ...
പശൂന് വെള്ളം ഞാൻ കൊടുത്തോളം. ചാരുകസേരയിൽനിന്ന് തങ്കച്ചായൻ എഴുന്നേറ്റു. തോർത്തെടുത്തു പുറത്തൊന്നു തട്ടി, കുടവയറൊന്നു തടവി. വയറെരിയുന്ന പശു ഒന്നമറി. ഒന്നടങ്ങിയിരി, കൊണ്ട് വരുവാന്നേ....മുതുക്കേ. തൊടിയിൽനിന്ന് മുറ്റത്തേക്കൊന്ന് കണ്ണെറിഞ്ഞ തങ്കച്ചായന്റെ മനം നിറഞ്ഞു. നിരന്നണിനിരന്ന റബർ ഷീറ്റുകളാൽ വീട് മറഞ്ഞിരിക്കുന്നു. ബാക്കി വന്നത് വെണ്ണക്കല്ലുകൾ പാകിയത് പോലെ നിലത്തും. മതിയെടാ തങ്കപ്പാ ഇതുമതി. ഒറ്റദിവസം 48 ഷീറ്റ്, അതാ കണക്ക്, അവരെങ്ങാനും നിന്നോട് ചോദിച്ചാൽ സത്യം പറഞ്ഞേക്കല്ലേ. ദാണ്ടെ, ദാ അവരിങ്ങെത്തി.
വെള്ളക്കരയൻ കൈലിമുണ്ടും കൈയില്ലാ വെള്ള ബനിയനുമാണ് തങ്കച്ചായന്റെ സ്ഥിരം വേഷം. പൊക്കിൾക്കൊടി തൊട്ട് ഇക്കിളിപ്പെടുത്തുന്ന എട്ടോളം പവന്റെ സ്വർണമാലയും തിളങ്ങിത്തെളിയുന്നു. തൊട്ട് വരുന്ന മഴയത്ത് റബ്ബറിന് പാവാടയിടാൻ മേടിച്ച വലിയൊരു പ്ലാസ്റ്റിക് റോൾ ഉമ്മറത്തിന്റെ മർമഭാഗം കവർന്നതിനാൽ അകത്തെ മുറിയിലേക്ക് മാറ്റിയ ചാരുകസേരയിൽ തങ്കച്ചായൻ ഉപവിഷ്ടനായി. ചേറ്റുതോട്ടെ ഈറ്റത്തോട്ട് തറവാട്ടിലെ ഒന്നാമത്തെ പുത്രൻ സണ്ണിക്കുട്ടിയുടെ വിശേഷങ്ങൾ ബ്രോക്കറ് ശശി വിവരിക്കുന്നതിനിടയിൽ മുന്നിലിരുന്ന എരിവ് കൂടിയ മിക്സ്ചർ കൊറിച്ചുകൊണ്ട് തങ്കച്ചായൻ സണ്ണിക്കുട്ടിയോട് നിഷ്കളങ്കമായൊരു ചോദ്യമെറിഞ്ഞു.
അല്ല സണ്ണിയേ, ഈ ശശി പറഞ്ഞ 52 ഷീറ്റൊക്കെ വീഴുമോ? സീസണിൽ കിട്ടും അച്ചായാ.... പിന്നെ കൊറച്ച് ജാതീം കുരുമുളകും ഉണ്ട്....നിന്റെ അനിയൻ എത്രെടം ആയി? കാഞ്ഞിരപ്പള്ളീൽ പി.ഡി.സി പഠിക്കുന്നു.... അന്നക്കൊച്ചേ ചായേം കൊണ്ടിങ്ങോട്ട് വായോ.....മുറ്റത്തെ ഷീറ്റെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയ ബ്രോക്കറ് ശശി കുത്തുകല്ലിറങ്ങി തിരികെ നടക്കുന്നതിനിടയിൽ...എടാ സണ്ണി, മൊത്തം 56 ഷീറ്റ് മുറ്റത്തു തന്നെയുണ്ട്. നിനക്ക് പറ്റിയ കേസാ. അധികം വലിച്ചുനീട്ടാതെ, റബറിന്റെ സ്വർണപ്രഭയാൽ, തൊട്ടടുത്ത മാസം സണ്ണിക്കുട്ടിയും അന്നക്കൊച്ചും കെട്ടി. മട്ടൺ സ്റ്റൂ ഉൾപ്പെട്ട സദ്യയുൾപ്പെടെയുള്ള അത്യാഡംബരങ്ങളോടെ.
തൊട്ടടുത്ത മാസം തങ്കച്ചായൻ ബുക്ക് ചെയ്ത മരുതികാറും എത്തി. പാലായിലെ ബ്ലൂമൂണിലും മഹാറാണീലും മേരിയയിലും രാവിലെ കാറിൽ പറന്നിറങ്ങി പോത്തുചാറും ഫ്രൈയ്യും പാലപ്പവും ഹണിബീയുമെല്ലാം വെട്ടിക്കേറ്റി തിരികെ വീട്ടിലെത്തുമ്പോൾ കടുംവെട്ടും ഷീറ്റടീം കഴിഞ്ഞു മിഷ്യൻ പൊര കഴുകുന്ന തിരക്കിലായിരിക്കും ശിഷ്യൻ തങ്കപ്പൻ. RR 105-ൽ നിന്ന് തേനും പാലുമൊഴുകിയ കാലഘട്ടങ്ങൾ ഒഴുകിപ്പോയി.
സമ്പൽസമൃദ്ധിയുടെ സംവത്സരങ്ങൾ നിറഞ്ഞു തുളുമ്പിയ പാൽച്ചിരട്ടകൾ, വറുതിയുടെ ഓട്ടച്ചട്ടികളായി മാറുന്ന ദുരവസ്ഥ. മക്കൾക്കായി സ്ഥലങ്ങളെല്ലാം വെട്ടിമുറിച്ചു. ഇളയ സന്താനം ബെന്നിക്കുട്ടിക്കൊപ്പം തങ്കച്ചായൻ തറവാട്ടിൽ തന്നെയുണ്ട്.മുറ്റത്തു വിരിച്ച പടുതയിൽ ഒട്ടുപാലും പിണ്ടിപ്പാലുമെല്ലാം നിരത്തുന്ന മകൻ ബെന്നിക്കുട്ടിയോട്....എടാ ബെന്ന്യേ, അത് ഞാൻ നോക്കിക്കോളാം, നീ പോയി വെള്ളമുണ്ടുടുക്ക്, അവരിങ്ങെത്താറായി. അവൻ ഒറ്റയ്ക്കാണ് ഇപ്പം വെട്ടും പാലെടുക്കലും എല്ലാം... പണിക്കൊരാളെ വച്ചാൽ ഒരുതരത്തിലും മൊതലാകില്ല.
കഴിഞ്ഞ ഞായറാഴ്ച ഇളയവൻ ബെന്നി ഇളങ്ങുളത്തു പോയൊരു പെണ്ണ് കണ്ടു. കുവൈറ്റിൽ നേഴ്സാ , അവരിന്ന് ഇങ്ങോട്ട് വരുവാ..മുറ്റത്തെ ഷീറ്റെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയ ബ്രോക്കറ് ശശി, കുത്തുകല്ലിടിച്ചുണ്ടാക്കിയ മൂന്നുവരി മൺപാതയിലൂടെ തിരികെ നടക്കുന്നതിനിടയിൽ: ചെറുക്കന്റെ വീതത്തീന്ന് 14 ഷീറ്റ് കിട്ടും. ഇത് നമുക്ക് പറ്റിയ കേസാ അച്ചായാ...പെണ്ണിന്റപ്പൻ: ഒക്കെ സമ്മതിച്ചു ശശ്യേ, എന്നാലും അവനൊരു പണീന്നു പറയാൻ ഉണ്ടോ, റബറിനിപ്പം വല്ല നെലേം വെലേം ഉണ്ടോ? അതും പോരാഞ്ഞിട്ട് മോൾക്ക് 12 വയസ്സ് കുറവും, ഇനി നീ ജോലിക്കാരുടെ കേസ് മാത്രം എന്നോട് പറഞ്ഞാൽ മതി.
തങ്കച്ചായൻ ഉമ്മറത്ത് തന്നെയുണ്ട്. പൊക്കിൾക്കൊടി ഇക്കിളിപ്പെടുത്താൻ സ്വർണമാലയില്ല. പകരം ഇടവകപ്പള്ളീലെ വയോജന സംഗമത്തിന് സമ്മാനം കിട്ടിയ കൊന്ത മാത്രം......ബാക്കി പിണ്ടിപ്പാല് പൊളിക്കാൻ ബെന്നിക്കുട്ടി ഒറ്റയ്ക്ക് തോട്ടത്തിലേക്ക്....
*******************************************************************************************************************************************************************************
ഫാത്തിമ
ഏഴാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ നസ്രിയ വരച്ച ചിത്രം.(ഗുദൈബിയയിലെ യൂനിവേഴ്സൽ എന്റെർപ്രൈസസ് സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്ന നാസർ തുറക്കലിന്റെ മകൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.