നോ മാൻസ് ലാൻഡ്: കഥയുടെ പുതിയ മേച്ചിൽപുറങ്ങൾ
text_fieldsഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഒറ്റയടിപ്പാതകളാണ് പലപ്പോഴും പ്രവാസം. പിറന്ന ചുറ്റുപാടുകളിൽനിന്നുള്ള തീർഥയാത്രകൾ സമ്പത്തിന്റെയോ സൗകര്യങ്ങളുടെയോ പരിസരങ്ങളിൽ തമ്പടിച്ചു കൂടാനാണ് ഓരോരുത്തരും ഇഷ്ടപ്പെടുക. എന്നാൽ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാണാനും അവരുടെ മനോവികാരങ്ങൾ രേഖപ്പെടുത്താനും ശ്രമിക്കുന്ന ചിലരെങ്കിലും നമുക്ക് മുന്നിലുണ്ട്. ഓരോ മനുഷ്യന്റെയും പ്രതീക്ഷകളെയും അന്തഃസംഘർഷങ്ങളെയും സർഗവിചാരത്തിന്റെ കണ്ണുകളിലൂടെ കാണാനും ആ വികാരങ്ങളിൽ ലയിക്കാനും അവർ മുന്നോട്ടു വരുന്നു. ആ മനുഷ്യരുടെ കണ്ണുകളിലെ തിളക്കവും നോവുകളും പങ്ക് വെക്കുമ്പോൾ ലഭിക്കുന്ന വൈകാരിക ആനന്ദമാണ് എം.പി. ഷഹ്ദാന്റെ കഥകളിൽനിന്നും നമുക്ക് ലഭിക്കുന്നത്. ഓരോ മനുഷ്യനും കഥകളുടെ ഭീമൻ ഭണ്ഡാരമാണെന്ന ബഷീറിയൻ തിയറിയെയാണ് കഥാകാരനും പിന്തുടരുന്നത്. ഗൾഫ് പ്രവാസത്തിന്റെ സ്നിഗ്ധതകൾ, ഗ്രാമീണ ജീവിതത്തിലെ വൈവിധ്യങ്ങൾ, പലായനത്തിന്റെ നോവുകൾ എല്ലാംതന്നെ വിഷയീഭവിക്കുമ്പോൾ നാം കഥാപാത്രങ്ങളായോ അതിന്റെ പരിസരമായോ പങ്കു ചേരുന്നു. മനുഷ്യാസ്തിത്വത്തിന്റെ ദാർശനികതയിലേക്കും ഒപ്പം വായനക്കാരനെ പ്രലോഭിപ്പിക്കുന്ന സാരള്യമുള്ള ഭാഷയിലേക്കും സഞ്ചരിക്കുന്ന വരികൾ ക്ലിഷ്ടതയില്ലാതെ വായിച്ചു മുന്നേറാൻ നമ്മെ സഹായിക്കുന്നുണ്ട്.
രണ്ട് രാജ്യങ്ങളുടെ അതിർത്തിയിലെ സാങ്കേതിക കുരുക്കിലകപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ്, നോ മാൻസ് ലാൻഡ്. രണ്ട് ചിന്താധാരകൾക്കിടയിൽ ദിശയറിയാതലയുന്ന മനുഷ്യന്റെ സ്വത്വ പ്രതിസന്ധി കൂടിയാണ് ഈ കഥ. സ്വപ്നങ്ങൾ നിറഞ്ഞ മനസ്സുമായി പുതിയ മേച്ചിൽപുറങ്ങൾ തേടിയലയുന്ന യുവത്വത്തിന്റെ പ്രതീകമാണ് വ്ലോഗർ റഹീം. ഇന്ന് കേരളത്തിന്റെ പുതുതലമുറയിലെ അംഗങ്ങളോരോന്നും ഗൾഫ് പ്രവാസത്തിനുമപ്പുറത്തുള്ള ഇടങ്ങൾ തേടിയാണ് സഞ്ചാരം. മുന്നൊരുക്കങ്ങളില്ലാതെ ട്രെൻഡുകൾക്ക് പിറകെ പായുന്നവരെയും ലക്ഷ്യത്തെ കുറിച്ച കൃത്യമായ ബോധമില്ലാത്ത ചെറുപ്പത്തെയും നോ മാൻസ് ലാൻഡ് അടയാളപ്പെടുത്തുന്നു. പുതിയ ലോകത്തെ കേരളീയ യുവതയുടെ അതിജീവന സംഘർഷങ്ങൾ വിവരിക്കുന്ന ഈ കഥയുടെ പേരാണ് പുസ്തകത്തിന് സ്വീകരിച്ചിട്ടുള്ളത്.
പുസ്തകത്തിലെ കഥകളിൽ ചിലതെല്ലാം പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെട്ടവയാണ്. ഗൃഹാതുരത്വമുണർത്തുന്ന ‘ന്റെ നാടിന്റെ കഥ, അപ്പൂേൻറം’ മുതൽ ‘ന്യൂ നോർമൽ’ എന്നതിലെ സമകാലിക ആഖ്യാനം വരെ, വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളിക്കാനുള്ള എഴുത്തുകാരന്റെ സർഗപരതയാണെന്ന് പറയാം. അധികാര കേന്ദ്രങ്ങൾ തൊട്ട് നിക്ഷിപ്ത താൽപര്യക്കാർ വരെ രൂപവത്കരിക്കുന്ന പൊതുബോധ നിർമിതിയെ സരസമായി ചോദ്യം ചെയ്യാനുള്ള ലളിതമായ ശ്രമങ്ങളും കഥാകൃത്ത് നടത്തുന്നുണ്ട്. മൂടുറച്ച വായനയുടെ കാഴ്ചപ്പാടുകളെ പുനർമൂല്യനിർണയം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് കഥകൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട്, ബാംഗ്ലൂർ ഡേയ്സ്, അൽ ഫ്രീ വിസ, പാരൻറിങ് എന്ന പ്രഹേളിക, ഗോൾഡൻ ഡക്ക്, നായി കുറുക്കൻ, അറബി നാട് തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ മറ്റ് കഥകൾ.
ആഖ്യാനങ്ങൾക്ക് ദൃശ്യഭംഗി ചേർത്തുകൊണ്ട്, പ്രതിഭാധനനായ കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷാണ് ‘നോ മാൻസ് ലാൻഡി’ലെ ചിത്രീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്മമായ കണ്ണും വാക്കുകളെ ചിത്രങ്ങളാക്കി വിവർത്തനം ചെയ്യാനുള്ള കഴിവുമുള്ള രാഗേഷിന്റെ വരകൾ കഥകൾക്ക് ജീവൻ പകരുന്നു, ഒരു മൾട്ടി സെൻസറി അനുഭവവും.
ഏതൊരു പുസ്തകത്തിന്റെയും വിഷ്വൽ ഐഡന്റിറ്റിയിലെ നിർണായക ഘടകമായ കവർ പേജ് രൂപകൽപന ചെയ്തിരിക്കുന്നത് കലാകാരനായ ഹിഷാമാണ്. ഒരു സാഹിത്യ സാഹസികതയിലേക്ക് കടക്കാൻ വായനക്കാരെ ക്ഷണിക്കുന്നതിലും ഉള്ളിലടങ്ങിയിരിക്കുന്ന കഥകളുടെ സാകല്യത്തിലേക്ക് നയിക്കുന്നതിലും ദൃശ്യഭംഗിയുള്ള ഒരു കവർ കൊടുക്കുന്നതിൽ ഹിഷാം വിജയിച്ചിരിക്കുന്നു. പുതുഭാവുകത്വത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്ന ഒരുപിടി കഥകളുമായി രംഗപ്രവേശനം ചെയ്ത എം.പി. ഷഹ്ദാൻ കഥാപ്രസ്ഥാനത്തിന് ഒരു പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.