മദ്യരഹിത സമൂഹത്തിനായി അഷ്റഫ് പോരാടുന്നു, ചിത്രപ്രദർശനത്തിലൂടെ...
text_fieldsഅഷ്റഫ് ഒരു നീണ്ട യാത്രയിലാണ്. ലഹരിക്കെതിരായ പോരാട്ടമാണ് അദ്ദേഹത്തിന്‍റെ ഈ യാത്ര. സാധാരണപോലുള്ള യാത്രയല്ല. കേരളത്തെ ഒന്നാകെ ഉലച്ചുകളഞ്ഞ മദ്യദുരന്തങ്ങളുടെയും ലഹരിക്കടിമപ്പെടുന്നവരുടെയും നേർചിത്രങ്ങളിലൂടെയുള്ള യാത്രയാണിത്. മദ്യദുരന്തങ്ങളുടെയും ലഹരിക്കടിപ്പെട്ടവരുടെയുമെല്ലാം ചിത്രങ്ങൾ ജനങ്ങൾക്ക് മുമ്പാകെ വെച്ചുകൊണ്ടാണ് മദ്യരഹിത സമൂഹത്തിനായി അരീക്കോട് സ്വദേശിയും ബിൽഡിങ് ഡിസൈനറുമായ കെ.പി. അഷ്റഫ് തന്‍റെ ബോധവത്കരണ യജ്ഞം തുടരുന്നത്.
ലഹരിയുടെ വിപത്തുകളും ലഹരിക്കടിമപ്പെട്ടവരുടെ ദുരവസ്ഥയുമെല്ലാം സ്വന്തം കാമറയിൽ പകർത്തിയാണ് അഷ്റഫ് ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സമൂഹമാധ്യമങ്ങളിൽനിന്നു എടുത്ത ചിത്രങ്ങളുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന മദ്യദുരന്തങ്ങളുടെ പത്രവാർത്തകളും ചിത്രങ്ങളും ലേഖനങ്ങളുമാണ് അദ്ദേഹത്തിന്‍റെ ചിത്രപ്രദർശനത്തെ വ്യത്യസ്തമാക്കുന്നത്. കൗമാരകാലഘട്ടം മുതൽ മദ്യവും മറ്റു ലഹരിവസ്തുക്കളും വ്യാപകമായി കുട്ടികൾ ഉപയോഗിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ അഷ്റഫിന്‍റെ ചിത്രപ്രദർശനം ഓരോരുത്തരുടെയും ഉള്ളുതുറക്കുന്നതാണ്.
മലപ്പുറം കോട്ടക്കുന്നിലെ ആർട്ട് ഗാലറിയിലും കോഴിക്കോട് ആർട്ട് ഗാലറിയിലും അരീക്കോടും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇതിനോടകം ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി അഷ്റഫിന്‍റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്. ലഹരിയുടെ അടിമകൾ, ലഹരിയുടെ ഇരകൾ, കേരളത്തിലെ മദ്യദുരന്തങ്ങൾ എന്നീ മൂന്നു തലക്കെട്ടുകളിലായാണ് പ്രധാനമായും അദ്ദേഹത്തിന്‍റെ ചിത്രം ജനങ്ങളോട് സംവദിക്കുന്നത്. വൈപ്പിൻ മദ്യദുരന്തത്തിൽ 78 പേരും കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 25 പേരും കുറ്റിപ്പുറം മദ്യദുരന്തത്തിൽ 25 പേരുമാണ് മരിച്ചത്. നിരവധി പേർക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ഈ ദുരന്തങ്ങളുടെ നേർകാഴ്ചയും അതിന്‍റെ പ്രത്യാഘാതങ്ങളുമെല്ലാം അഷ്റഫിന്‍റെ ചിത്രങ്ങളിൽനിന്ന് വായിച്ചെടുക്കാം.
ലഹരിയുടെ അടിമകൾ, ലഹരിയുടെ ഇരകൾ, മദ്യപാനം സ്ത്രീകളിൽ, കേരളത്തെ ഞെട്ടിച്ച മൂന്ന് മദ്യദുരന്തങ്ങൾ തീർത്ത നോവുകൾ, മദ്യരഹിത സമൂഹം തുടങ്ങിയ വിവിധ തലക്കെട്ടുകളിലാണ് പ്രദർശനം പൂർത്തിയാക്കിയത്. വീട്, ഹോസ്റ്റൽ, സ്കൂൾ, കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ ലഹരിയുടെ ചതിക്കുഴികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലും മുന്നറിയിപ്പും അഷ്റഫിന്‍റെ ചിത്രങ്ങൾ നൽകുന്നുണ്ട്. ലഹരിക്കടിമപ്പെട്ട് മാതാപിതാക്കളെ പോലും കൊല്ലാൻ ശ്രമിക്കുന്ന സംഭവങ്ങൾ കേരളത്തിൽ ഉൾപ്പെടെ ഇപ്പോൾ നടക്കുന്നുണ്ട്. സഹപാഠിയെ പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായി. ഇത്തരത്തിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കി തീർക്കുന്ന ലഹരിക്കെതിരായ പോരാട്ടത്തിന് കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ ബോധവത്കരിക്കേണ്ടതുണ്ടെന്നാണ് അഷ്റഫിന്‍റെ ചിത്രങ്ങൾ പറയാതെ പറയുന്നത്. കേരളത്തിലുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും തന്‍റെ ചിത്രപ്രദർശനം നടത്താനാണ് അഷ്റഫ് ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് ലോക ലഹരി വിരുദ്ധ ദിനത്തിൽ വീട്ടിനുള്ളിൽ പ്ലക്കാർഡുകളുയർത്തി ലഹരിക്കെതിരെ വേറിട്ട ബോധവത്കരണ കാമ്പയിനും അഷ്റഫവും കുടുംബവും നടത്തിയിട്ടുണ്ട്. സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയാലെ മദ്യത്തിന്‍റെ വിപത്തിൽനിന്ന് സമൂഹത്തെ അകറ്റാനാകുവെന്നാണ് അഷ്റഫ് പറയുന്നത്. അതിനുള്ള പോരാട്ടവുമായി കൂടുതൽ സ്ഥലങ്ങളിൽ തന്‍റെ ചിത്രപ്രദർശനവുമായി യാത്ര തുടരുമെന്നും നല്ലനാളേക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകണമെന്നും സ്ക്വാഡുകളായി ഗൃഹസന്ദർശനം നടത്തി ബോധവത്കരണ പരിപാടി ഊർജിതമാക്കണമെന്നുമാണ് അഷ്റഫിന്‍റെ അഭിപ്രായം.
ആരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയർ കൺസ്ട്രക്ഷൻസിന്‍റെ ബിൽഡിങ് ഡിസൈനറും സാമൂഹിക പ്രവർത്തകനുമായ കെ.പി. അഷ്റഫിന് പൂർണ പിന്തുണയുമായി ഭാര്യ ഷമീനയും മക്കളായ നസ്ലിനും ആയിഷ നദിനും നിഷാദും നിഹാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.