നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: നവംബർ ഒന്നു മുതൽ ഏഴ് വരെ
text_fieldsതിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ അങ്കണത്തിൽ വെച്ച് നടത്തുമെന്ന് അറിയിച്ചു. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും അനന്തപുരിയുടെ സാംസ്കാരിക ഭൂമികയിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം.
അതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒരുക്കിയ ഒന്നാം പതിപ്പിൽ എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരുന്നത്.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറി വിപുലീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ നിയമസഭാ സാമാജികരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും സൗജന്യ പുസ്തക കൂപ്പൺ നൽകിയും പുസ്തകങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക വഴി കുട്ടികളെ വായനയുടെ ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ നിയമസഭക്ക് പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞിരുന്നു. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
കഴിഞ്ഞ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭനെ പുസ്തകോത്സവത്തിൽ ആദരിക്കുകയും നിയമസഭാ ലൈബ്രറി അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തും. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകുന്നതിന് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.