'അത്ഭുതത്തിന്റെ വഴികൾ' തുറന്ന് ചിത്രപ്രദർശനത്തിന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിലെ 32 ചിത്രകാരന്മാർ അണിയിച്ചൊരുക്കിയ 'അവന്യൂസ് ഓഫ് വണ്ടർ' (അത്ഭുതത്തിന്റെ വഴികൾ) ചിത്ര പ്രദർശനം വാട്ടർ ഫ്രണ്ട് ബിൽഡിങ്ങിലെ ആർട്ട് ആൻഡ് സോൾ ഗാലറിയിൽ തുടക്കമായി.
രമ ശിവകുമാർ, നന്ദന കോലി എന്നിവർ ക്യുറേറ്റർമാരായ ചിത്രപ്രദർശനം സയ്യിദ മീറ മഷാദ് മാജിദ് അൽ സഈദ് ഉദ്ഘാടനം ചെയ്തു. ബൈത് മുസന്ന ഗാലറി സ്ഥാപകയായ സയ്യിദ സൂസൻ അൽ സഈദ്, ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എം.ഡി. അബ്ദുൽ ലത്തീഫ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ റീന ജെയിൻ, അനൂപ് ബിജലി എന്നിവർ മുഖ്യാതിഥികളായി. 32 ചിത്രകാരന്മാരിൽ 24 പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒമാനിലെ പ്രമുഖ ചിത്രകാരൻ ഷെഫി തട്ടാരത്ത് ഉൾപ്പെടെ അഞ്ചുപേർ മലയാളികളാണ്.
മൂന്ന് സ്വദേശി ചിത്രകാരന്മാരും സുഡാൻ, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ഉൾപ്പെടെ എഴുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത് പരിമിതികളില്ലാത്ത ഭാവനയാണ് 'അത്ഭുതത്തിന്റെ വഴികൾ' എന്ന
ആശയം മുന്നോട്ടുവെക്കുന്നത്. ഇത്തരത്തിൽ ഒരു വിഷയം ചിത്രകാരന് മുന്നിൽ അനന്തമായ ഭാവനയുടെ വഴികൾ തുറന്നിടുന്നത് കൊണ്ടുതന്നെ ഇതിൽ പങ്കെടുത്ത കലാകാരന്മാരുടെ പങ്കാളിത്തം വിചാരിച്ചതിലും അധികമായിരുന്നുവെന്ന് രമ ശിവകുമാറും നന്ദന കോലിയും പറഞ്ഞു.
ഭാവിയിൽ ഇത്തരത്തിൽ കൂടുതൽ ചിത്രപ്രദർശനം സംഘടിപ്പിക്കാൻ പ്രചോദനമാകുന്നതാണിതെന്നും ഇരുവരും പറഞ്ഞു. ഒമാനിലെ ഇതര ചിത്രകാരന്മാർ, പൗരപ്രമുഖർ, ഇന്ത്യൻ എംബസി ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓസ്റ്റിൻ ഡിസിൽവ, ഗീതു, ക്രിഷ് എന്നിവരാണ് പ്രദർശനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഒമാനിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ധൻ പ്രദീപിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന്റെ മാറ്റുകൂട്ടി. ഷാതി അൽ ഖുറമിലെ വാട്ടർഫ്രണ്ട് ബിൽഡിങ്ങിൽ ആണ് ആർട്ട് ആൻഡ് സോൾ ഗാലറി പ്രവർത്തിക്കുന്നത്. പ്രദർശനം നവംബർ പത്തു വരെ തുടരും. രാവിലെ പത്തു മണിമുതൽ രാത്രി പത്തുവരെയാണ് പ്രദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.