കാലിഗ്രാഫിയിൽ മിന്നും മിൻഹ
text_fieldsഅറബിക് കാലിഗ്രാഫിയിൽ തന്‍റേതായ കഴിവ് തെളിയിച്ച് മുന്നേറുകയാണ് മിന്ഹ റഫീഖ് എന്ന ഒമ്പതാം ക്ലാസുകാരി. ചെറുപ്പം മുതലേ വരയിൽ തല്പരയായിരുന്ന ഈ പ്രവാസി വിദ്യാർഥിനി കോവിഡ്കാലത്ത് രണ്ടുവർഷം നാട്ടിൽ ചെലവഴിച്ചപ്പോൾ ഉപ്പ റഫീഖിന് ഖുർആൻ വചനങ്ങൾ എഴുതി അയച്ചാണ് കാലിഗ്രാഫിയിൽ തുടക്കം കുറിച്ചത്.
എഴുത്തിലെ പ്രാഗൽഭ്യം കണ്ട് ഭാര്യ സമീറയെ വിളിച്ച് മകൾ തന്നെയാണ് എഴുതിയത് എന്ന് ഉറപ്പുവരുത്തിയപ്പോഴാണ് സംശയം തീർന്നത്. നാട്ടിലായപ്പോൾ കുടുംബത്തിലെ ഒരു അംഗം കാലിഗ്രാഫി ചെയ്യുന്നത് കണ്ടു താല്പര്യം തോന്നിയാണ് മിൻഹയും ഒരു കൈ നോക്കിത്തുടങ്ങിയത്. തുടക്കത്തിൽ പെൻസിൽ കൊണ്ട് മാത്രമായിരുന്നു പരീക്ഷണങ്ങൾ.
തുടർന്ന് എട്ടാം തരത്തിൽ തിരിച്ച് ഉമ്മുൽ ഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂളിൽ തന്നെ ചേർന്നതിനു ശേഷമാണ് ബാംബൂസ്റ്റിക്ക് പോലുള്ള എഴുത്തുപകരണങ്ങളിൽ വര പരീക്ഷിച്ചു തുടങ്ങിയത്. ഇപ്പോൾ മിൻഹയുടെ വീടിന്റെ സ്വീകരണമുറിയും ചുവരുകളും വിവിധങ്ങളായ വിസ്മയ ചിത്രങ്ങളാൽ പ്രൗഢമാണ്.
മിൻഹയുടെ എഴുത്തും വരയും കൊണ്ട് കുഞ്ഞനുജത്തി മൂന്നാം ക്ലാസുകാരി മിദ്‌ഹയും വരച്ചു തുടങ്ങിയിട്ടുണ്ട്. മിദ്ഹ വരക്കുന്നതും ഒന്നിനൊന്ന് മെച്ചം. ഉപ്പ റഫീക്കും ഒഴിവുസമയങ്ങളിൽ ഛായാചിത്രങ്ങൾ വരക്കാറുണ്ട്. ഉമ്മയാണെങ്കിൽ എംബ്രോയിഡറിയിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. മൊത്തത്തിൽ 'വര' വരദാനമായി കിട്ടിയ ഒരു കൊച്ചു കുടുംബം.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ സൈഫുദ്ധീനും മറ്റ് അധ്യാപകരും മക്കളുടെ വരകൾക്ക് ഉറച്ച പ്രോത്സാഹനമാണ് നൽകുന്നത് എന്ന് റഫീഖും സമീറയും പറയുന്നു. ഭാവിയിൽ ജോലിയും ജീവിതവും പുരോഗമിക്കുന്നതിനിടയിലും കലയും കാലിഗ്രാഫിയും കൂടെ കൊണ്ടുനടക്കാൻ ആണ് പട്ടാമ്പി പടിഞ്ഞാറങ്ങാടി സ്വദേശികളായ ഈ കുടുംബത്തിന്‍റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.