തളിപ്പറമ്പിൽ കണ്ടെത്തിയ പീരങ്കി കോഴിക്കോട് മ്യൂസിയത്തിലേക്ക് മാറ്റി
text_fieldsതളിപ്പറമ്പ്: ചിറവക്കിനുസമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കണ്ടെത്തിയ പീരങ്കി കോഴിക്കോട് മ്യൂസിയത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയാണ് മരം മുറിക്കാനെത്തിയവർ മണ്ണിൽ ഉയർന്നുനിൽക്കുന്ന പീരങ്കി കണ്ടെത്തിയത്. ചിറവക്കില്‍ രാജരാജേശ്വര ക്ഷേത്ര ചിറയിലേക്ക് പോകുന്ന റോഡിലെ പുതിയടത്ത് വളപ്പില്‍ രാജന്റെ തറവാട്ടു വളപ്പിലാണ് വ്യാഴാഴ്ച രാവിലെ പീരങ്കി കണ്ടെത്തിയത്.
തുടർന്ന് തളിപ്പറമ്പ് ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തി പീരങ്കി പരിശോധിച്ചത്. സമീപത്തെ മണ്ണ് കുറച്ചുഭാഗം നീക്കി പരിശോധിച്ചപ്പോള്‍ത്തന്നെ പീരങ്കിയുടെ അടിഭാഗം മുറിഞ്ഞതാണെന്ന് കണ്ടെത്തി.
അധികം ആഴത്തിലല്ലാതെ മണ്ണിന് മുകളിലായതിനാല്‍ സമീപത്തെ ക്ഷേത്രചിറ ശുചീകരിക്കുമ്പോള്‍ കണ്ടെത്തി ഉപേക്ഷിച്ചതോ, മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് തള്ളിയതോ ആകാനാണ് സാധ്യതയെന്ന് സംഘം വിലയിരുത്തി. പൊട്ടിയ പീരങ്കിയായതിനാല്‍ ശുചീകരിച്ച് പരിശോധിച്ചാല്‍ മാത്രമേ കാലപ്പഴക്കം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂ. ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ മരങ്ങള്‍ മുറിച്ചുനീക്കുന്നതിനിടെയാണ് പീരങ്കിയുടെ കുഴല്‍ കാണപ്പെട്ടത്. മരം മുറിക്കുന്ന സംഘത്തിന്റെ സഹായത്തോടെയാണ് പീരങ്കി കൊണ്ടുപോയത്. പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വിമല്‍കുമാര്‍, ടി.പി. നിബിന്, തളിപ്പറമ്പ് തഹസില്‍ദാര്‍ പി. സജീവന്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. മനോഹരന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.