കഥകൾ പറയുന്ന കാരിക്കേച്ചറുകൾ
text_fieldsഒഴിവു സമയങ്ങള്‍ പ്രയോജനപ്പെടുത്തി കാരിക്കേച്ചറിന്റെ ലോകത്ത് മുഴുകുകയാണ് പ്രവാസിയായ എറണാകുളം എടവനക്കാട് സ്വദേശിയായ ഫിറോസ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അജ്മാനിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. ജോലി കഴിഞ്ഞുള്ള ഒഴിവു സമയങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഫിറോസിനെ കാരിക്കേച്ചറില്‍ കൊണ്ടെത്തിച്ചത്.
രാഷ്ട്രീയം, സിനിമ, സാഹിത്യം സംഗീതം തുടങ്ങിയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളും വിഷയങ്ങളും ഫിറോസിന്റെ കാരിക്കേച്ചറിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഭരണാധികാരികളായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി മലയാള സിനിമാ ലോകത്തെ പ്രമുഖരായ പ്രേംനസീര്‍, മമ്മൂട്ടി, മധു, സിദ്ധീഖ് തുടങ്ങിയവരെ വരച്ച് ഏറെ പേരുടെ പ്രശംസ നേടിയിട്ടുണ്ട് ഇദ്ദേഹം.
പ്രമുഖ അറബി ദിനപത്രമായ അല്‍ ഖലീജിലും ‘ഗള്‍ഫ് മാധ്യമം’, സൗദിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ്, ഗള്‍ഫ് മനോരമ, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലും ഫിറോസിന്റെ കാലികപ്രസക്തമായ നിരവധി കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. തന്റെ രചനകള്‍ ഉപയോഗിച്ച് ഒരു എക്സിബിഷന് സംഘടിപ്പിക്കാനുള്ള മോഹത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം. നിരവധി പത്രങ്ങളിലും മാഗസിനുകളിലും ഇദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. തന്റെ കഥകളും അനുഭവങ്ങളും കോര്‍ത്തിണക്കി അനുഭവങ്ങളുടെ സംഗീതം എന്ന പേരില്‍ ഒരു പുസ്തകം വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യാനിരിക്കുകയാണ് ഫിറോസ്. എടവനക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിഴക്കെവീട്ടില്‍ കെ.കെ. ഇബ്രാഹീമിന്റെ മകനാണ് ഫിറോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.