ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
text_fieldsതിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് എസ്.സി /എസ്.ടി പീഡന നിരോധന നിയമം പ്രകാരം കേസെടുത്തത്. ചാലക്കുടി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു.
അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാമകൃഷ്ണനെ ഉദ്ദേശിച്ച്, അദ്ദേഹത്തിനു കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം.
അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി-വർഗ കമീഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡി.ജി.പി എസ്. ദർവേശ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.