സീവുഡ്‌സിൽ കഥയും കവിതയും കാഴ്ചകളുമായി കുട്ടികളുടെ ക്യാമ്പ്
text_fieldsമുംബൈ: ഞായറാഴ്ച ഉച്ചക്ക് തുള്ളി കളിച്ചുല്ലസിക്കുന്ന കുട്ടികളുടെ ക്യാമ്പിലേക്ക് കൈ കാലുകൾ വേച്ചു വേച്ചൊരാൾ (അപ്പുക്കിളി) കയറിവന്നു. രൂപവും ഭാവവും കണ്ടപ്പോൾ ക്യാമ്പിനെ ശല്യപ്പെടുത്താൻ വന്നതാകുമെന്ന് കരുതിയാകണം സമാജം ഭാരവാഹികൾ അവരെ അനുനയിപ്പിച്ച് തിരിച്ചയക്കാൻ ശ്രമിച്ചത്.
ക്യാമ്പിന്റെ ആദ്യ പകുതിയിൽ കരുണയെ കുറിച്ചും അനുകമ്പയെക്കുറിച്ചും പഠിക്കുകയും പാടുകയും ചെയ്ത കുട്ടികൾ സീവുഡ്‌സ് സമാജം ഭാരവാഹികളെ തടഞ്ഞു. തങ്ങളുടെ ഭക്ഷണവും കൈയിലുള്ള പണവും കൊടുക്കാമെന്ന് കുട്ടികൾ. ആഹ്‌ളാദത്തോടെ കുട്ടികളുടെ ഇടയിലെത്തിയ അപ്പുക്കിളി ഒരു കഥക്ക് പകരം ഭക്ഷണം തന്നാൽ മതിയെന്നായി. അപ്പുക്കിളി കുട്ടികൾക്ക് ഉണ്ടന്റെയും ഉണ്ടിയുടെയും കഥ പറഞ്ഞു കൊടുത്തു. ആരെയും ചതിക്കരുതെന്നും നന്മയുള്ളവരായി ഇരിക്കണമെന്നും പറഞ്ഞ് നിർത്തി.
ഭക്ഷണത്തിനായി ഒരുങ്ങുമ്പോഴാണ്, അപ്പുക്കിളി യഥാർത്ഥത്തിൽ വ്യവസായ സംരംഭകയും സമാജാംഗവുമായ സീന ഷാനവാസാണെന്ന് കുട്ടികൾ തിരിച്ചറിയുന്നത്. സീവുഡ്‌സ് മലയാളി സമാജത്തിന്റെ കുട്ടികളുടെ ക്യാമ്പിലാണ് ഈ കഥാമൃതവും വേഷപ്പകർച്ചയും അരങ്ങേറിയത്. വിശകലനവും സംഘബോധവും കുസൃതിയും ജനിപ്പിക്കുന്ന കളികളിൽ തുടങ്ങിയ ക്യാമ്പ് സീവുഡ്‌സിലെ ജാട്ട് സമാജത്തിന്റെ ഹാളിലാണ് നടന്നത്.
ക്യാമ്പിൽ ശാസ്ത്രത്തെ മാന്ത്രിക വിദ്യയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ മജീഷ്യൻ അനൂപ് കുമാർ കളത്തിൽ കുട്ടികളെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തമാക്കിയാണ് ജാലവിദ്യകൾ അവസാനിപ്പിച്ചത്. രണ്ടാം പകുതിയിൽ ഭാവനയുണർത്തുന്ന ഇൻസ്റ്റാളേഷൻസ് പരീക്ഷണം കഴിഞ്ഞപ്പോൾ കുട്ടികൾ നാടകത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചിരുന്നു. പിന്നീട് ഫൈ ജി ഫാമിലി, അമ്മ മനസ്സ്, മരമനുഷ്യൻ, സങ്കടേ രക്ഷിക്കുന്ന മനുഷ്യനല്ലോ ബന്ധു എന്നീ ലഘു നാടകങ്ങളും അരങ്ങേറി.
പിന്നീട് ക്യാമ്പിലെ എല്ലാ കുട്ടികളും ചേർന്ന് കാരൂർ നീലകണ്ഠപിള്ളയുടെ "ഉതുപ്പാന്റെ കിണർ" എന്ന നാടകം നാല് രംഗങ്ങളിലായി അവതരിപ്പിച്ചു. പരിസരത്തു നിന്ന് സംഘടിപ്പിച്ച വസ്തുക്കളും ഏറ്റവും കുറവ് ചമയങ്ങളുമായാണ് കുട്ടികൾ 'ഉതുപ്പാന്റെ കിണർ ' അവതരിപ്പിച്ചത്.
അരയാൽ, മഹാഗണി, ചന്ദനം, പാരിജാതം എന്നീ പേരുകളിൽ സംഘങ്ങളായി തിരിഞ്ഞ കുട്ടികൾ മലയാള ഭാഷയെയും കവിതകളെയും, ശാസ്ത്രത്തെയും കഥകളെയും നാടകത്തെയും തൊട്ടറിഞ്ഞാണ് പിരിഞ്ഞത്. ക്യാമ്പിൽ കുട്ടികളുടെ ഏകോപനം നടത്താൻ നവ്യ വേണുപോൽ മുൻനിരയിലുണ്ടായിരുന്നു.
മീര ശങ്കരൻകുട്ടി, ഗിരിജ നായർ, ക്യാമ്പ് കൺവീനർ ലത രമേശൻ, ജയശ്രീ നായർ എന്നിവർ കുട്ടികൾക്കു കൂട്ടായും കവിത പഠിപ്പിക്കാനും മുന്നിട്ടിറങ്ങി. സമാജം സെക്രട്ടറി രാജീവ് നായർ, പ്രസിഡണ്ട് ഇ കെ നന്ദകുമാർ, വൈസ് പ്രസിഡണ്ട് ഉഷ ശ്രീകാന്ത്, പി ജി ആർ നായർ രഘു നന്ദനൻ, രമണിയമ്മ, എം ആർ നമ്പ്യാർ, രാമൻ അയ്യർ, പി എം ബാബു, സനൽകുമാർ കുറുപ്പ് , ബിജി ബിജു, അമൃത അയ്യർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. സമാജംഗമായ പി ആർ സഞ്ജയാണ് ക്യാമ്പിന്റെ രൂപകൽപ്പന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.