സംവാദ ചിന്തയുണർത്തി 'ചിന്താവിഷ്ടയായ സീത'
text_fieldsപയ്യന്നൂർ: സംസ്കൃത കാവ്യങ്ങളിലെ സൗന്ദര്യവും തത്ത്വസംഹിതകളും ദർശനങ്ങളും ഇഴകീറിപ്പരിശോധിക്കുന്ന മറത്തുകളിയിൽ പുതിയ സംവാദചിന്തക്ക് വിത്തിട്ട് പൂരക്കളി അക്കാദമിയും മമ്പലം ടി. ഗോവിന്ദൻ സെൻററും. കുമാരനാശാെൻറ ചിന്താവിഷ്ടയായ സീതയാണ് വൈജ്ഞാനിക സംവാദത്തിെൻറ പുതിയ വിഷയമായത്. നേരത്തെ പ്രഭാവർമയുടെ ശ്യാമമാധവം അരങ്ങിലെത്തിയതിനു പിന്നാലെയാണ് മറത്തുകളിയുടെ വിഷയമായി സീതയെത്തിയത്.
ഉപേക്ഷിച്ച ഭര്‍ത്താവിനോട് പരിഭവമില്ലാതെ, മക്കളെ വളര്‍ത്തി വാൽമീകിയുടെ ആശ്രമത്തില്‍ കഴിയുന്ന തപസ്വിനിയായ സീതയെയാണ് വാൽമീകിയും കാളിദാസനും വര്‍ണിച്ചതെങ്കിൽ അഭിമാനിയും ഉജ്ജ്വല വ്യക്തിത്വത്തിനുടമയുമായിട്ടുള്ള സീതയെയാണ് ആശാൻ വരച്ചുവെച്ചത്. അതുകൊണ്ടുതന്നെ പുതിയ സീതാസംവാദവും കാലിക പ്രസക്തമായി. തത്ത്വചിന്താപരമായ സ്ത്രീസ്വാതന്ത്ര്യ ചിന്തകളും ചിന്താവിഷ്ടയായ സീതയില്‍ ആശാന് മുന്നോട്ടു വെക്കുന്നുണ്ടെന്ന വിർശക പക്ഷത്തോടൊപ്പം തന്നെയാണ് പണിക്കർമാരും നിലയുറപ്പിച്ചത്. ടി. ഗോവിന്ദൻ അനുസ്മരണത്തിെൻറ ഭാഗമായാണു പരിപാടി നടത്തിയത്.
പൂരക്കളി പണിക്കന്മാരായ കാടങ്കോട് എം. കുഞ്ഞികൃഷ്ണൻ പണിക്കരും അണ്ടോൾ പി. രാജേഷ് പണിക്കരും തമ്മിലായിരുന്നു മറത്തുകളി. ഇരുവരും നിരവധി പ്രമുഖ ക്ഷേത്രങ്ങളിൽ മറത്തുകളി അവതരിപ്പിച്ചവരാണ്. പരമ്പരാഗത ശൈലി വിട്ട് നടത്തിയ അവതരണത്തിലും വീറും വാശിയും തർക്കവുമൊക്കെ ഒട്ടും കുറഞ്ഞില്ല. മേൽപത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയത്തിലെ പദ്യം ചൊല്ലിക്കൊണ്ടാണ് കുഞ്ഞികൃഷ്ണൻ പണിക്കർ മറത്തുകളിക്കു തുടക്കമിട്ടത്. തുടർന്നാണ് ആശാെൻറ സീതയിലേക്ക് ചർച്ച മാറിയത്. അക്കാദമി ചെയർമാനും മറത്തുകളി വേദിയിലെ സ്ഥിരം സാന്നിധ്യവുമായ ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാരും എഴുത്തുകാരൻ പി.കെ. സുരേഷ് കുമാറും മറത്തുകളിയെ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.