സമാധാനത്തിന്റെ നിറങ്ങൾ
text_fieldsലോകമെമ്പാടും സമാധാനം കൊണ്ടുവരിക എന്ന ശ്രീബുദ്ധന്റെ ആശയം തന്നെയാണ് ശ്രേയയുടെ വരകളിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്
കലാസൃഷ്ടികളായി പുറത്ത് വരുന്നത് അത് വരച്ച കലാകാരന്റെ മനസ്സാണ് എന്ന് പറയാറുണ്ട്, എന്നാൽ വർണങ്ങൾകൊണ്ട് സമാധാനം വരച്ചാലോ? ചിത്രങ്ങളിലൂടെ ലോകത്ത് സമാധാനം പരത്താനാഗ്രഹിക്കുന്നൊരു പെൺകുട്ടിയുണ്ട് യു.എ.ഇയിൽ. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ ഫിനാൻസ് ബിരുദ വിദ്യാർഥിയായ ശ്രേയ സാജൻ.
തന്റെ പഠനത്തിനൊപ്പം വരകൾക്ക് കൂടി ഇടം കൊടുത്തിരിക്കുകയാ ശ്രേയ. ചെറുപ്പം മുതലേ വരക്കാൻ ഇഷ്ടമുള്ള ശ്രേയ ജനിച്ചതും വളർന്നതുമൊക്കെ യു.എ.ഇയിൽ തന്നെയാണ്, ശ്രീബുദ്ധ കഥകളുടെ ഒരു ആരാധിക കൂടിയാണ് ശ്രേയ. ലോകമെമ്പാടും സമാധാനം കൊണ്ടുവരിക എന്ന ശ്രീബുദ്ധന്റെ ആശയം തന്നെയാണ് ശ്രേയയുടെ വരകളിൽ കാണാനാകുന്നതും.
യുദ്ധവും, അക്രമവുമൊക്കെ നടക്കുന്ന ഈ ലോകത്ത് സമാധാനത്തിന് പ്രാധാന്യം കൊടുത്ത ബുദ്ധന്റെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് ശ്രേയയുടെ കാൻവാസുകൾ മുഴുവൻ. താൻ വരക്കുന്ന ശ്രീബുദ്ധന്റെ ഓരോ ചിത്രങ്ങളും ആളുകൾക്ക് സമാധാനം പകരുന്നവയാണ് എന്നും ശ്രേയ പറയുന്നു.
വരക്കുന്ന ഓരോ ചിത്രത്തിലും ബുദ്ധന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ഒരു കൊച്ചു കുഞ്ഞിന്റെ മുഖത്ത് വിരിയുന്ന ഓമനത്ത്വവും സ്നേഹവുമൊക്കെ ശ്രീബുദ്ധന്റെ മുഖത്ത് വിരിയിച്ചാണ് ശ്രേയയുടെ വ്യത്യസ്ഥമായ ബുദ്ധ പെയിൻറിങ്ങുകൾ. ഓരോ ചിത്രങ്ങൾക്കും വലിയ അർഥതലങ്ങളുമുണ്ട്. ഈ മനോഹരമായ ബുദ്ധ ചിത്രങ്ങൾക്ക് ആരാധകരുമേറെയുണ്ട്. പലരും അഭിനന്ദനൾ അറിയിച്ചുമെത്താറുണ്ട്.
വരക്കാൻ ഏറെ ഇഷ്ടമുള്ള ശ്രേയയുടെ വിരൽ തുമ്പിൽ നിന്ന് ശ്രീബുദ്ധൻ മാത്രമല്ല വിരിഞ്ഞിട്ടുള്ളത്. മനോഹരമായ കാടും, മേടും മലനിരകളും തുടങ്ങി നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എന്നാലും പോർട്ടറേറ്റ് ചിത്രങ്ങൾ വരക്കാനാണ് പ്രിയം. ആദ്യമൊക്കെ പെൻസിൽ സ്കെച്ചുകൾ വരക്കാനായിരുന്നു ഇഷ്ടം, പിന്നീട് പലതരം മീഡിയങ്ങൾ ഉപയോഗിച്ച് വരച്ചു തുടങ്ങി.
പലതരം കളറുകൾ ഉപയോഗിച്ച് ചിത്രം വരക്കാറുണ്ടെങ്കിലും അക്രലിക് പെയിൻറുകളുപയോഗിച്ച് വരക്കാനാണ് താത്പര്യം. പലതരം പെയിന്റിങ് രീതികൾ പരീക്ഷിക്കാൻ ഇഷ്ടമുള്ള ശ്രേയ പെയിന്റിങ് പഠിച്ചിട്ടില്ല. എല്ലാം സ്വന്തം പരീക്ഷണങ്ങൾ തന്നെ.
ചിത്രം വരച്ച് നല്ല അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ തനിക്ക് കിട്ടുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാനാവില്ലെന്നും ശ്രേയ പറയുന്നു. കണ്ണൂർ സ്വദേശികളായ സാജൻറെയും സീതാലക്ഷ്മിയുടെയും മകളാണ് ശ്രേയ. കുഞ്ഞുനാൾ മുതൽ മാതാപിതാക്കൾ നൽകിയിട്ടുള്ള പിന്തുണയാണ് പലതരം പെയിൻറിങ് പരീക്ഷണങ്ങൾ നടത്താൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ശ്രേയ പറയുന്നു.
യുഎഇയിൽ വലിയൊരു ചിത്രപ്രദർശനം നടത്തണം എന്നുള്ളതാണ് ഇനി ശ്രേയയുടെ ലക്ഷ്യം. ഈ വരുന്ന ഡിസംബറിൽ നടത്താനാകും എന്ന പ്രതീക്ഷയിലാണ് ശ്രേയ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.എ.ഇ ഭരണാധികാരികൾക്കും തന്റെ ക്യാൻവാസിൽ വിരിഞ്ഞ മനോഹരമായ ബുദ്ധചിത്രങ്ങൾ നൽകുക എന്ന വലിയ ആഗ്രഹം കൂടി ശ്രേയക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.