കരവിരുതില്‍ വിരിയുന്ന കൗതുകം
text_fieldsകരവിരുതിൽ വിസ്മയ ലോകം തീർക്കുകയാണ് പ്രവാസിയായ ശഹന. ഒഴിവു വേളകളിൽ ഇവർ നിർമിക്കുന്ന കരകൗശല വസ്തുക്കൾ ആരേയും ആകർഷിക്കുന്നതാണ്. കോട്ടൺ, അക്രലിക്ക് യാൺ ഉപയോഗിച്ചാണ് മനോഹരമായ കരകൗശല വസ്തുക്കൾ ഇവരുടെ കരവിരുതിൽ വിരിയുന്നത്. അലങ്കാര കൊട്ട, ബാഗ്, തൊപ്പി, ഷൂകൾ, സ്വെറ്ററുകൾ തുടങ്ങി ശഹന നിർമിക്കുന്ന മനോഹര നിർമിതികൾക്ക് ആവശ്യക്കാരേറെയാണ്. ശൈഖ് സായിദ് പ്രൈവറ്റ് അകാദമിയിൽ ബിഹേവിയർ തെറപ്പിസ്റ്റായ ശഹന ഇഷ്ട വിനോദമെന്ന നിലയിലാണ് കരകൗശല നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്.
ജോലിക്ക് ശേഷമുള്ള ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിനൊപ്പം ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായിരുന്നു അതിന് പിന്നിൽ. അലങ്കാര വസ്തുക്കളുടെ നിർമാണം പ്രഫഷണലായി പഠിച്ചിരുന്നില്ല. അനന്തമായ പഠന സാധ്യതകൾ തുറന്നിടുന്ന യൂട്യൂബായിരുന്നു ഗുരുവും വഴികാട്ടിയും. ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജോലികൾ കഴിഞ്ഞു കിട്ടുന്ന ഒഴിവു വേകളിലായിരുന്നു സ്വയം പരീക്ഷണങ്ങൾ. സംരംഭകനായ ഭർത്താവും ഉമ്മയും കട്ടക്ക് കൂടെ നിന്നതോടെ ശഹനക്കും ആവേശമായി. പിന്നീട് കണ്ടത് മനോഹരമായ നിർമിതികളുടെ സൃഷ്ടിപ്പായിരുന്നു. ഓരോ വസ്തുവും നിർമിച്ചു കഴിയുമ്പോഴുണ്ടാകുന്ന ആനന്ദം മാത്രമാണ് ശഹനയുടെ ലാഭം.
കൂട്ടുകാർക്കും ബന്ധുക്കൾക്കും തന്റെ നിർമിതികൾ സമ്മാനമായി നൽകലാണ് ഏറ്റവും വലിയ സന്തോഷം. വർണ മനോഹരമായ വസ്തുക്കൾ ഉമ്മയുടെ കരവിരുതിൽ വിരിയുന്നത് കണ്ട് ഇപ്പോൾ മക്കളും കൂടെ കൂടിയിട്ടുണ്ടെന്ന് ശഹന പറയുന്നു. നാൽപ്പത്തിയഞ്ച് വർഷത്തോളം പ്രവാസിയായിരുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി പേനത്ത് അബ്ദുൽ കരീം സാബിറ ദമ്പതികളുടെ മകളാണ് ശഹന. വിനോദമായി തുടങ്ങിയതെങ്കിലും ഇന്ന് ശഹനയുടെ അലങ്കാരപ്പണികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
തന്റെ കരവിരുതുകള്‍ ഇന്‍സ്റ്റ അക്കൗണ്ടായ kareemsdaughter യിലൂടെ പരിചയപ്പെടുത്തിയതോടെ ലോകത്തിന്റെ പല ഭാഗത്തു നിന്നും അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് വഴി വിദേശങ്ങളില്‍ നിന്ന് നിരവധി ഓര്‍ഡറുകളും ശഹനയെ തേടിയെത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഈ മേഖലയില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനാണ് ആഗ്രഹം. പ്രവാസ ലോകത്തെ ഒഴിവുവേളകള്‍ കൃയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് തെളിയിക്കുകയാണ് ഈ മലയാളി വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.