ദർബ് ലുസൈൽ ഫെസ്റ്റിൽ 'ലൈവ് ആർട്ടു'മായി കരീംഗ്രാഫി
text_fieldsദോഹ: ദർബ് ലുസൈൽ ഫെസ്റ്റിവലിൽ തത്സമയ പെയിൻറിങ്ങുമായി കരീംഗ്രാഫിയും സംഘവും. ലോകകപ്പിന് പന്തുരുളും മുമ്പ് ലുസൈൽ സ്റ്റേഡിയത്തിലും സമീപത്തുള്ള ലുസൈൽ ബൗളിവാഡിലുമായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദർബ് ലുസൈൽ ഫെസ്റ്റിവലിലാണ് ഖത്തർ മലയാളികൾക്ക് അഭിമാനിക്കാൻ വകനൽകി തത്സമയ പെയിൻറിംഗുമായി കരീംഗ്രാഫിയുള്ളത്.
ലുസൈൽ ബൗളിവാഡിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദർബ് ലുസൈൽ ഫെസ്റ്റിവലിലെ ഏക മലയാളി സാന്നിധ്യവും കരീംഗ്രാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്. കരീംഗ്രാഫിക്ക് പുറമേ, സാലിഹ് പാലത്ത്, അൻവർ സാദത്ത് എന്നിവരും ലൈവ് ആർട്ടുമായി അദ്ദേഹത്തിനൊപ്പം ബൗളിവാഡിലുണ്ട്.
തന്റെ കരിയറിൽ ലഭിച്ച അപൂർവ സൗഭാഗ്യങ്ങളിലൊന്നാണ് ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദർബ് ലുസൈൽ ഫെസ്റ്റിവലിൽ ലൈവ് ആർട്ടിനുള്ള അവസരം ലഭിച്ചതെന്നും സംഘാടകർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും കരീംഗ്രാഫി പറഞ്ഞു. 'ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സന്ദർശകരെത്തുന്ന ദർബ് ലുസൈൽ ഫെസ്റ്റിവലിന്റെ ഭാഗമാകുകയെന്നത് ഏതൊരു കലാകാരനെ സംബന്ധിച്ചും വലിയ നേട്ടമാണെന്നും ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചത് വലിയ ആശ്ചര്യമുണ്ടാക്കി' -അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിഗ്രഫി മേഖലയിൽ മലയാളക്കരയിലെ അറിയപ്പെടുന്ന വ്യക്തിത്വമായ കരീംഗ്രാഫി മലപ്പുറം കക്കോവ് സ്വദേശിയാണ്. കാലിഗ്രഫി രംഗത്ത് ലോകപ്രശസ്തരായ കലാകാരന്മാരുടെ ശിഷ്യത്വം അദ്ദേഹത്തിെൻറ പ്രശസ്തി പുറം നാടുകളിലേക്കെത്തിക്കുകയും ഇന്ത്യക്ക് പുറമേ തുർക്കി, ഈജിപ്ത്, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ കാലിഗ്രഫി ശിൽപ്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സമകാലിക പ്രശ്നങ്ങളോട് വരയിലൂടെ പ്രതികരിക്കുന്നതിനാൽ വർത്തമാന കാലത്തെ ശ്രദ്ധേയരായ ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരീംഗ്രാഫി.
കരീംഗ്രാഫിയും സാലിഹ് പാലത്തും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.