അപൂര്‍വ കലാരൂപങ്ങള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കി ടൂറിസം വകുപ്പ്
text_fieldsതിരുവനന്തപുരം: കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന 53 കലാരൂപങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വീക്ഷിക്കാന്‍ അവസരമൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ്. വെര്‍ച്വല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍നിന്നായി 53 കലാരൂപങ്ങളുടെ വിഡിയോ ദൃശ്യങ്ങളാണ് ഒരുക്കിയത്. ടി.വി ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇത് സംപ്രേഷണം ചെയ്യും. പ്രാദേശിക കലാരൂപങ്ങള്‍ അവതരിപ്പിച്ചുവന്നിരുന്ന കലാകാരന്മാർ കോവിഡ് മഹാമാരിമൂലം കഷ്ടതയനുഭവിക്കുകയാണ്. ഇവരെ സഹായിക്കുന്നതിനോടൊപ്പം അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതും ലക്ഷ്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
25 മുതല്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് തയാറാക്കുന്നത്. 23 വരെ രാവിലെ ആറരമുതല്‍ രാത്രി എട്ടുവരെ വിവിധ ചാനലുകളില്‍ പരിപാടി സംപ്രേഷണം ചെയ്യും. ടി.വി ചാനലുകള്‍ക്ക് പുറമെ ടൂറിസം വകുപ്പിെൻറ യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമ പേജുകളിലൂടെയും വിഡിയോകള്‍ കാണാനുള്ള അവസരവുമുണ്ടാകും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഇതിലുള്‍പ്പെടുത്തി. വില്‍പ്പാട്ട്, നങ്ങ്യാര്‍കൂത്ത്, കാക്കാരിശ്ശി നാടകം എന്നിവയാണ് തിരുവനന്തപുരത്തുനിന്നുള്ളത്.
പൂവടതുള്ളല്, പാക്കനാര്‍ തുള്ളല്‍ എന്നിവ കൊല്ലം ജില്ലയില്‍നിന്നുമാണ്. മുള സംഗീതം, ഓതറ പടയണി എന്നിവ പത്തനംതിട്ട ജില്ലയില്‍നിന്ന് അവതരിപ്പിക്കും. കളമെഴുത്തും പാട്ടും, വേലകളി, കോലടിപ്പാട്ട്, ഗരുഡന് തൂക്കം എന്നിവ ആലപ്പുഴ ജില്ല അവതരിപ്പിക്കും. നാടന്‍പാട്ട്, അർജുനനൃത്തം. മാര്‍ഗംകളി, ഭദ്രകാളി തീയാട്ട്, ഗരുഡന് തൂക്കം എന്നിവ കോട്ടയം ജില്ലയില്‍നിന്നാണ്. ആദിവാസി നൃത്തവും ആരണ്യം മന്നാന്‍ കൂത്തുമാണ് ഇടുക്കി ജില്ല അവതരിപ്പിക്കുന്നത്. അയ്യപ്പന് തീയാട്ട്, സോപാനസംഗീതം, കുടുക്ക വീണ, ചവിട്ടുനാടകം എന്നിവ എറണാകുളം ജില്ലയുടെ വകയാണ്. ചാക്യാര്‍കൂത്ത്, ശീതങ്കന്‍ തുള്ളല്‍, ഓട്ടന്തുള്ളല്, പാവകഥകളി, കോലംകളി തുടങ്ങിയവ തൃശൂര്‍ ജില്ല അവതരിപ്പിക്കും.
തോല്‍പ്പാവക്കൂത്ത്, തിറയും പൂതനും, കന്യര്ക്കളി, തിറകളി, ആദിവാസി അനുഷ്ഠാനകല, ചവിട്ടക്കളി എന്നിവ പാലക്കാട് ജില്ലയില്‍നിന്നാണ്. മാപ്പിള കലകൾ മലപ്പുറത്തുനിന്നും അറബനമുട്ട്, കാപ്പാട് കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, തോറ്റംപാട്ട്, തെയ്യം എന്നിവ കോഴിക്കോട് ജില്ലയില്‍നിന്നും അവതരിപ്പിക്കും. ഗദ്ദിക, കൊരമ്പക്കളി, വട്ടമുടിയാട്ടം, നാടന്‍പാട്ട് എന്നിവ വയനാട്ടില്‍ നിന്നുമാണ്. കോല്‍ക്കളി, ചിനക്കളി, കോതമൂരിയാട്ടം, തിറയാട്ടം എന്നിവ കണ്ണൂരില്‍നിന്നും, എരുതുകളി, പൂരക്കളി, അലാമിക്കളി, യക്ഷഗാനം, യക്ഷഗാനം ബൊമ്മയാട്ടം എന്നിവ കാസര്‍കോടുനിന്നും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.