ഔദാര്യത്തിനല്ല, അർഹതക്കാണ് അവാർഡ് നൽകേണ്ടത് -കമൽ
text_fieldsതൃശൂർ: ഔദാര്യത്തിനല്ല, അർഹതക്കാണ് അവാർഡ് നൽകേണ്ടതെന്ന് ചലച്ചിത്ര സംവിധായകൻ കമൽ. സി.പി.ഐ തൃശൂർ ജില്ല സമ്മേളന ഭാഗമായി എ.ഐ.വൈ.എഫ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോത്രവർഗക്കാരിയായ നഞ്ചിയമ്മയെ ഔദാര്യത്തിന്റെ പേരിൽ പരിഗണിക്കുമ്പോൾ അത് ശരിയായ കാര്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിന് നഞ്ചിയമ്മക്ക് അംഗീകാരം അർഹിക്കുന്നുണ്ട്. പക്ഷേ ഗോത്രവർഗക്കാരി ആയതുകൊണ്ട് അംഗീകാരം നൽകുന്നത് ശരിയല്ല. അതാണല്ലോ ഇപ്പോഴത്തെ രാഷ്ട്രപതിയുടെ കാര്യത്തിൽ നാം കാണുന്നത്.
വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് ചിലരെ മുൻപന്തിയിൽ കൊണ്ടുവരുന്നത് കാണാം. അവകാശങ്ങളുടെ ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഇത്തരം ഔദാര്യങ്ങളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ എം.എൽ.എ, നടൻ വെട്ടുകിളി പ്രകാശൻ, ജില്ല സെക്രട്ടറി പ്രസാദ് പറേലി, സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.