ജില്ല സ്കൂൾ കലോത്സവം; നാളെ പിറവത്ത് തുടങ്ങും
text_fieldsപിറവം: ജില്ല സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 15 വേദികളിലായി 305 ഇനങ്ങളിലാണ് മത്സരങ്ങൾ. ജനറല്‍ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃത സാഹിത്യോത്സവം എന്നിവയിലായി 14 ഉപജില്ലകളില്‍ നിന്ന് 8000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും.
ഒന്നാം ദിനം രചന മത്സരങ്ങള്‍ക്ക് പുറമെ നാടന്‍പാട്ട്, മിമിക്രി, മോണോആക്ട്, തമിഴ് കന്നട ഇനങ്ങളിലെ മത്സരങ്ങളും നടക്കും. രണ്ട്, മൂന്ന് ദിനങ്ങളിൽ 14 വരെ വേദികളില്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ നടക്കും. നാലാം ദിനം 12 വേദികളിലും അഞ്ചാം ദിനം ഒൻപത് വേദികളിലും പരിപാടി ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കുന്ന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും.
19 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിധി കര്‍ത്താക്കളെ സംബന്ധിച്ച് ആക്ഷേപങ്ങളില്ലാതെ നടത്താന്‍ ക്രമീകരണവും നടത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പരമാവധി മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണവും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി വെല്‍ഫയര്‍ കമ്മറ്റിയും അച്ചടക്ക നിയന്ത്രണത്തിനായി ലോ ആൻഡ് ഓര്‍ഡര്‍ കമ്മറ്റിയും സജീവമായി പ്രവര്‍ത്തിക്കും. ആവശ്യമായ പരസ്യപ്രചാരണങ്ങള്‍ പബ്ലിസിറ്റി കമ്മിറ്റി നിര്‍വഹിക്കുന്നുണ്ട്.
അവലോകന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയര്മാന് കെ.പി. സലീം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വല്‍സല വർഗീസ്, പബ്ലിസിറ്റി ചെയര്മാന് തോമസ് മല്ലിപ്പുറം, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാജു പാണാലിക്കല്‍, വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ ഡോ. അജേഷ് മനോഹര്‍, ജൂബി പൗലോസ്, അഡ്വ. ബിമല്‍ ചന്ദ്രന്, ജില്‍സ് പെരിയപ്പുറം.
ഡോ. സജിനി പ്രദീഷ്, രമാ വിജയന്, പ്രശാന്ത് മമ്പുറം, മോളി വലിയകട്ടയില്‍, ഗിരീഷ്കുമാര്‍, മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, പിറവം സി.ഐ ഇന്ദ്രരാജ്, എറണാകുളം ഡി.ഡി.ഇ ഹണി.ജി.അലക്സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എം. ഷെമീര്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു.കെ.ജോണ്‍, ലോ ആൻഡ് ഓര്‍ഡര്‍ കണ്‍വീനര്‍ പി.എ. കബീര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.