പിറവത്ത് കലയുടെ കേളികൊട്ടുയർന്നു; ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം
text_fieldsപിറവം: മൂവാറ്റുപുഴയാറിന്റെ തീരത്ത് കലയുടെ കേളികൊട്ടുയർന്നു. പാടിയും പറഞ്ഞും അഭിനയിച്ചും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളോടെ ഒന്നാം ദിനത്തിൽ കുട്ടിപ്രതിഭകൾ സജീവമായതോടെ പിറവം ആഘോഷത്തിലാണ്. ചരിത്രത്തിൽ ആദ്യമായി പിറവത്തെത്തിയ ജില്ല സ്കൂൾ കലോത്സവത്തെ ഇരുകൈകളും നീട്ടിയാണ് നഗരം സ്വീകരിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു ഒന്നാം ദിനം കലോത്സവ നഗരി.
നിറഞ്ഞ സദസ്സിലാണ് മോണോആക്ട്, മിമിക്രി, നാടൻപാട്ട് മത്സരങ്ങൾ നടന്നത്. രചനാമത്സരങ്ങളിൽ മത്സരാർഥികളുടെ സജീവ പങ്കാളിത്തമാണുണ്ടായിരുന്നത്.
എറണാകുളം റവന്യൂ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തി. പിറവം മുനിസിപ്പല്‍ ചെയര്പേഴ്സൻ ഏലിയാമ്മ ഫിലിപ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ.പി. സലീം, സ്ഥിരം സമിതി അധ്യക്ഷരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ. ബിമല്‍ ചന്ദ്രന്, വത്സല വര്‍ഗീസ്, കൗൺസിലർ രാജു പാണാലിക്കല്‍ എന്നിവർ പങ്കെടുത്തു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് വലിയ പള്ളി പാരിഷ് ഹാളില്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
ആദ്യദിനം എറണാകുളം ഉപജില്ല മുന്നിൽ
ആദ്യദിനം നടന്നത് ശക്തമായ പോരാട്ടം. 45 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 105 പോയന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നില്‍. 99 പോയന്റോടെ മട്ടാഞ്ചേരി രണ്ടാം സ്ഥാനത്തുമെത്തി. അങ്കമാലി (96), നോര്‍ത്ത് പറവൂര്‍ (95), മൂവാറ്റുപുഴ (94) ഉപജില്ലകള്‍ മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനത്തും തുടരുന്നു. സ്കൂൾ വിഭാഗത്തിൽ 38 പോയന്റോടെ മൂവാറ്റുപുഴ സെൻറ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്.എസാണ് ഒന്നാമത്.
നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ എച്ച്.എസ്.എസ് (29), കല്ലൂര്‍ക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് ആനിക്കാട് (27), പെരുമ്പാവൂര്‍ ഒക്കല്‍ എസ്.എന്‍.എച്ച്.എസ്.എസ്, പെരുമ്പാവൂര്‍ ഗവ. എച്ച്.എസ് (26) എന്നീ സ്കൂളുകളാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍. വിവിധ മത്സരങ്ങളിൽനിന്ന് ആറ് അപ്പീലുകളാണ് ആദ്യദിനത്തിൽ ലഭിച്ചത്.
ആറാം വേദിയിൽ നാടൻപാട്ടിന്റെ ആരവം
പിറവം: ജില്ല സ്കൂൾ കലോത്സവങ്ങളുടെ ആദ്യദിനം പ്രമുഖ ചെണ്ട വിദ്വാൻ പാഴൂർ ദാമോദര മാരാരുടെ പേരിലുള്ള ആറാം നമ്പർ വേദിയിൽ നാടൻപാട്ടുകളുടെ ആരവം. കാഴ്ചക്കാരും ശ്രോതാക്കളും തിങ്ങിനിറഞ്ഞ വേദിയെ പുളകം കൊള്ളിച്ച നാടൻപാട്ടുകളുടെ ശീലുകൾ താളത്തിലും ഭാവത്തിലും ശ്രദ്ധേയമായി.
ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 14 ടീമുകൾ വീതം പങ്കെടുത്തു. ബേപ്പൂർ സമുദായത്തിന്റെ കലാരൂപങ്ങളോട് ബന്ധപ്പെട്ട നാടൻപാട്ടുകൾ, നേർച്ചപ്പാട്ടുകൾ, വള്ളോൻ പാട്ടുകൾ, പുലയ സമുദായത്തിന്റെ ആണ്ടടിയന്തിരപ്പാട്ടുകൾ, പണിയർ വിഭാഗത്തിന്റെ വട്ടക്കളിപ്പാട്ടുകൾ, നടീൽ പാട്ടുകൾ, തേക്കുപാട്ടുകൾ, തിരട്ടുകല്യാണപ്പാട്ടുകൾ, പടയണിപ്പാട്ടുകൾ, പക്ഷിക്കോലം പാട്ടുകൾ തുടങ്ങി വ്യത്യസ്തങ്ങളായ നാടൻപാട്ടുകളുടെ കലാവിരുന്നാണ് അരങ്ങേറിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിനയ കെ. ഷാബുവും സംഘവും ഒന്നാമതെത്തി.
മോണോ ആക്ട് വേദിയിൽ ആലുവ പെൺകുട്ടി മുതൽ ഫലസ്തീൻവരെ
കൊച്ചി: മാലാഖമാർക്കൊപ്പം ആകാശത്തിലിരുന്ന് ഫലസ്തീനിലെ മാതാവിനോട് സംസാരിക്കുകയാണ് ഒരു കുരുന്ന്... ‘ഞങ്ങൾക്കിവിടെ സുഖമാണ്. ഒരേയൊരു സംശയം മാത്രമാണുള്ളത്. എന്തിനാണ് ഞങ്ങളെ അവർ ക്രൂരമായി കൊന്നുകളഞ്ഞതെ’ന്നാണ് കുഞ്ഞിന്റെ ചോദ്യം. എച്ച്.എസ് വിഭാഗം മോണോ ആക്ട് വേദിയിലാണ് ഫലസ്തീൻ കുരുന്നുകളുടെ വേദനയടക്കം സമകാലിക പ്രസക്തമായ നിരവധി വിഷയങ്ങൾ പ്രമേയമായത്.
ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ വിദ്യാർഥിനി റോസ്ന ജോമിയാണ് യുദ്ധക്കെടുതിയിലെ കുട്ടികളെ അവതരിപ്പിച്ച് കൈയടി നേടിയത്. സ്വയം വിഷയം തിരഞ്ഞെടുത്ത് സ്ക്രിപ്റ്റ് തയാറാക്കി പ്രാക്ടിസ് ചെയ്ത് പഠിച്ചാണ് റോസ്ന കലോത്സവ വേദിയിലെത്തിയത്.
മണിപ്പൂർ കലാപത്തിൽ ക്രൂരവേട്ടക്കിരയാക്കപ്പെട്ടവരുടെ വേദനയെയാണ് പറവൂർ കരിമ്പാടം ഡി.ഡി സഭ സ്കൂളിലെ അലോന ആൻറണി അവതരിപ്പിച്ചത്. മണിപ്പൂരിനൊപ്പം ലോകംകണ്ട വലിയ യുദ്ധങ്ങളെക്കുറിച്ചും ഹിറ്റ്ലറുടെ ക്രൂരതയെക്കുറിച്ചുമൊക്കെ പരാമർശിക്കുന്നതായിരുന്നു പ്രകടനം.
കറുകുറ്റി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ കൃഷ്ണപ്രിയ, ഒക്കൽ എസ്.എൻ എച്ച്.എസ്.എസിലെ ടി.എ. ദേവിക എന്നിങ്ങനെ നിരവധി കുട്ടികൾ യുദ്ധം മോണോ ആക്ടിന് വിഷയമാക്കി. ആലുവയിൽ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നിരവധി വിദ്യാർഥികൾ പ്രമേയമാക്കി. വെണ്ണിക്കുളം സെന്റ് ജോർജ് എച്ച്.എസ്.എസിലെ എയ്ഞ്ചൽ രാജു, പിറവം ഫാത്തിമ മാത എച്ച്.എസ്.എസിലെ അനശ്വര രമേഷ് കുമാർ എന്നിവരുടെ പ്രകടനം സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ വ്യക്തമാക്കുന്നതായിരുന്നു.
വെള്ളിത്തിരയിലെ താരങ്ങൾ വേദിയിൽ
കൊച്ചി: മിനി സ്ക്രീനിൽനിന്ന് ബിഗ് സ്ക്രീനിലേക്കുള്ള യാത്രയിലാണ് അലോഘ എസ്. ഫ്ലോറിയയും നന്ദന എ. ഹരികുമാറും. ടെലിവിഷനിലൂടെ ശ്രദ്ധേയരായ ഇരുവരും ജില്ല സ്കൂൾ കലോത്സവത്തിലെ എച്ച്.എസ് വിഭാഗം മോണോ ആക്ട് വേദിയിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എറണാകുളം ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അലോഘ.
സിനിമയുടെ മാസ്മരിക ലോകത്തിൽ ആകൃഷ്ടരായി അപകടങ്ങളിൽപെടുന്ന കുട്ടികളുടെ ജീവിതമാണ് അലോഘ വേദിയിൽ അവതരിപ്പിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ ജനപ്രിയ കോമഡി പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ അലോഘ പുറത്തിറങ്ങാനിരിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇതുവരെ’ എന്ന സിനിമയിൽ വേഷം ചെയ്തിട്ടുണ്ട്. എ ഗ്രേഡ് നേടിയാണ് അലോഘ വേദിവിട്ടത്.
എറണാകുളം ലൂഥറൻ ചർച്ചിലെ വൈദികൻ സന്തോഷ് രാജാണ് പിതാവ്. മോണോ ആക്ടിലെ ഗുരുവും അച്ഛൻ തന്നെയാണ്. ടെലിവിഷൻ ചാനൽ സീരിയലിൽ ശ്രദ്ധേയ കഥാപാത്രം ചെയ്ത് ജനപ്രീതി നേടിയ താരമാണ് നന്ദന എ. ഹരികുമാർ. ലഹരി പ്രമേയമാക്കി നന്ദന അവതരിപ്പിച്ച പ്രകടനം മികച്ചതായിരുന്നു. പുറത്തിറങ്ങാനുള്ള ‘സമാധാന പുസ്തകം’ എന്ന സിനിമയിൽ നന്ദന വേഷം ചെയ്തിട്ടുണ്ട്. തലക്കോട് സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് നന്ദന എ. ഹരികുമാർ.
തമിഴ് പേശി ഒന്നാമനായി മിഥുൻ
പിറവം: ‘തമിഴ് എന്‍ തായ്മൊഴി, മൊഴിയിന്‍ പെരുമ’ -ഹൈസ്കൂൾ വിഭാഗം തമിഴ് പ്രസംഗ മത്സരത്തിൽ ഈ വിഷയം കിട്ടിയപ്പോൾ മോറക്കാല സെൻറ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർഥി മിഥുൻ കൃഷ്ണൻ വേദിയിൽ കൂടുതൽ വാചാലനായി. രണ്ടു വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ തൂത്തുക്കുടി മുത്തിയാപുരത്തുനിന്നാണ് മിഥുന്റെ കുടുംബം ഇവിടേക്ക് എത്തിയത്.
ഏത് സാഹചര്യത്തിലും സ്വന്തം ഭാഷയെ മുറുകെപ്പിടിക്കണമെന്ന ആഹ്വാനം നടത്തി മികച്ച പ്രസംഗം കാഴ്ചവെച്ച മിഥുൻ ഒന്നാമനായാണ് മടങ്ങിയത്. ആറുപേര്‍ മത്സരിച്ച ഈ ഇനത്തിലെ ഏക ആണ്‍കുട്ടി മിഥുനായിരുന്നു. എ ഗ്രേഡ് ലഭിച്ചതും മിഥുന് മാത്രം. തൂത്തുക്കുടിയില്‍ ഡ്രൈവറായിരുന്ന അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് മിഥുനും അമ്മ ജയശ്രീയും സഹോദരന് മുരളീ കൃഷ്ണനും കാക്കനാട്ടേക്ക് എത്തിയത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന് ഈയിനത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ജില്ലയില്‍ ഒന്നാമനാകുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു. അധ്യാപകരായ റെജി, ലയ എന്നിവർ പിന്തുണയോടെ മിഥുനൊപ്പമുണ്ട്. തമിഴ് കവിതാരചനയിലും മിഥുന് പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.