കൊല്ലം ജില്ല സ്കൂൾ കലോത്സവം: താളത്തിൽ, മേളത്തിൽ
text_fieldsഎച്ച്.എസ് വിഭാഗം സംസ്കൃത പാഠകം: അജയ് വി. കുമാർകുണ്ടറ: തിത്തൈ തക തെയ് തോം.... ഒന്നാം വേദിയിൽ തിരുവാതിര താളം, രണ്ടാം വേദിയിൽ ഒപ്പന ശീല്, മൂകാഭിനയത്തിന്റെ വാചാലത നിറഞ്ഞ് നാലാം വേദി, കുച്ചിപ്പുടിയിൽ ലയിച്ച് എട്ടാംവേദി, അഷ്ടപദിയും മോണോ ആക്ടും പ്രസംഗവും പദ്യംചൊല്ലലും നാടകവും ഇനങ്ങൾ പലതായി പല വേദികളിൽ...ഇതിനിടയിൽ അടിതട മേളം മറുവശത്ത്. എല്ലാം ചേർന്ന് സംഭവബഹുലമായി ജില്ല സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം.
ചെറുതും വലുതുമായ തർക്കങ്ങൾ കൈയാങ്കളിക്ക് വഴി മാറുന്ന കാഴ്ച കണ്ട് കാണികൾ ഞെട്ടിയപ്പോൾ, കണ്ടുനിൽക്കാതെ പൊലീസ് ഇടപെട്ട് കൈവെക്കേണ്ടിവരുന്ന കാഴ്ചക്കും കലാവേദി സാക്ഷിയായി. ഒപ്പന വേദിയിൽ മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അടിയിപ്പോൾ പൊട്ടും എന്ന സ്ഥിതിയായിരുന്നെങ്കിൽ മൂകാഭിനയ വേദിയിൽ ഫലം വന്നപ്പോൾ അടിപൊട്ടുകയും ചെയ്തു.
ഈ കോലാഹലങ്ങൾക്കിടയിൽ 53 ഇനങ്ങളിലാണ് 13 വേദികളിൽ മത്സരങ്ങൾ നടന്നത്. പാതിരാത്രിയിലേക്ക് മത്സരങ്ങൾ നീണ്ട പതിവിന് ഈ ദിനവും മാറ്റമുണ്ടായില്ല. ഉച്ചയോടെ കനത്ത മഴ രസംകൊല്ലിയായി എത്തിയെങ്കിലും വേദിയിലെ പ്രകടനങ്ങൾ രസച്ചരട് പൊട്ടാതെ കുട്ടിതാരങ്ങൾ കാത്തതോടെ സദസ്സിലെ പങ്കാളിത്തത്തിനും കുറവുണ്ടായില്ല.
ഒന്നാംവേദിയിൽ തിരുവാതിര കാണാൻ ഉണ്ടായതുപോലെ ആളൊഴുക്ക് മൂകാഭിനയം, നാടകം, ഒപ്പന വേദികളെയും സജീവമാക്കി. നാലാം ദിനമായ ഇന്ന് സംഘനൃത്തം, കേരളനടനം, വട്ടപ്പാട്ട്, ദഫ്മുട്ട്, കോൽക്കളി, അറബനമുട്ട്, മോണോആക്ട്, മിമിക്രി, നാടോടിനൃത്തം, കഥാപ്രസംഗം എന്നീ ഇനങ്ങളിലെ പ്രകടനങ്ങൾ ആസ്വദിക്കാനാകും.
ഖൽബ് കീഴടക്കി ഒപ്പന
കുണ്ടറ: ഇശലുകൾ തീർത്ത് ആടിപ്പാടി ചുവടുകൾവെച്ച തോഴിമാരും മൊഞ്ചണിഞ്ഞ മണവാട്ടിമാരും അരങ്ങുതകർത്ത ഒപ്പനയിൽ അവസാനം വരെ ആവേശം അലതല്ലി. കുണ്ടറയുടെ ഖൽബ് കീഴടക്കി എന്നതിന് നിറഞ്ഞ സദസ്സ് സാക്ഷ്യംവഹിച്ചു.
തുടക്കം മുതൽക്കെ സംഘാടനപ്പിഴവുകൊണ്ട് കല്ലുകടിച്ച എച്ച്.എസ് വിഭാഗം ഒപ്പനയിൽ പങ്കെടുത്ത 14 ടീമുകളിൽ 11 ടീമുകളും എ ഗ്രേഡ് നേടി.
ലീഡ് പാടിയിരുന്ന കുട്ടിയുടെ മൈക്ക് ഓഫായിപ്പോയെങ്കിലും ആവേശം ചോരാതെ വീണ്ടും കുഴഞ്ഞ കൈകളാൽ മത്സരിച്ച് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് തൃപ്പിലഴികം ഒന്നാംസ്ഥാനത്തെത്തി. അപ്പീലിലൂടെയാണ് സ്കൂൾ ജില്ലതല മത്സരത്തിനെത്തിയത്.തലശ്ശേരിക്കാരൻ അഫ്സലിന്റെ നേതൃത്വത്തിലാണ് ടീം പരിശീലിച്ചത്.
ഇശലുകളാലും താളക്രമങ്ങളാലും പങ്കെടുത്ത ടീമുകൾ മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കളും അഭിപ്രായപ്പെട്ടു. മണവാട്ടി ഫാത്തിമയുടെ നേതൃത്വത്തിൽ കൃഷ്ണ, എൽസ, ശ്രേയ, വിമയ, മീനാക്ഷി, നന്ദന, ജസ്ന, പിന്റ, മെറിൻ എന്നിവരായിരുന്നു മത്സരാർഥികൾ.
മിന്നൽ കരുനാഗപ്പള്ളി
മിന്നൽപോലെ പായുന്ന കരുനാഗപ്പള്ളിയാണ് മൂന്നാംദിനം മത്സരങ്ങൾ അവസാനത്തോട് അടുക്കുമ്പോഴും കലോത്സവ കളത്തിൽ നമ്പർ വൺ. 407 പോയന്റുമായി ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ് കരുനാഗപ്പള്ളി ഉപജില്ല. രണ്ടാംസ്ഥാനത്തുള്ള പുനലൂരിന് 365 പോയന്റാണുള്ളത്. ചാത്തന്നൂർ (348), അഞ്ചൽ (338), കുണ്ടറ (329) ഉപജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സ്കൂളുകളിൽ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് 138 പോയന്റുമായി ഒന്നാംസ്ഥാനത്ത് മുന്നേറുന്നു. 127 പോയന്റുള്ള ആതിഥേയ സ്കൂൾ എസ്.എൻ.എസ്.എം എച്ച്.എസ് രണ്ടാംസ്ഥാനത്തുണ്ട്. കടയ്ക്കൽ ഗവ.എച്ച്.എസ്.എസും വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസും 111 പോയിന്റു വീതം നേടി മൂന്നാം സ്ഥാനത്തുണ്ട്. അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസാണ് (94) നാലാം സ്ഥാനത്ത്.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ വെളിയവും കരുനാഗപ്പള്ളിയും (85), എച്ച്.എസിൽ 85 വീതം പോയന്റുമായി ശാസ്താംകോട്ടയും കുളക്കടയും ചാത്തന്നൂരുമാണ് മുന്നിൽ. അറബിക് കലോത്സവത്തിൽ ചവറ (65) യു.പിയിലും, 90 വീതം പോയന്റ് നേടിയ ശാസ്താംകോട്ടയും കരുനാഗപ്പള്ളിയും എച്ച്.എസിലും മുന്നിൽനിൽക്കുന്നു.
മൂകാഭിനയത്തിൽ നിറഞ്ഞത് ആലുവ
സമകാലിക വിഷയങ്ങൾ നിറഞ്ഞ മൂകാഭിനയ വേദിയിൽ കുട്ടികൾ നേരിടുന്ന ക്രൂരതയുടെ നേർചിത്രമായി ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ വേദനയുമെത്തി. വിവിധ ടീമുകൾ ഈ വിഷയം പ്രതിപാദിച്ചു.
ഡോ. വന്ദനയുടെ ദുരന്തവും സൈനിക ജീവിതവും ദുരഭിമാനക്കൊലയും ഒക്കെ നിറഞ്ഞ മൂകാഭിനയം മികവുറ്റതായപ്പോൾ എച്ച്.എസ് വിഭാഗത്തിൽ ഇന്ത്യൻ സംസ്കാരത്തിലെ വൈദേശികാധിപത്യം കഥകളി രൂപത്തിലൂടെ സദസ്സിലെത്തിച്ച പുനലൂർ ഗവ. എച്ച്.എസ്.എസ് ഒന്നാംസ്ഥാനം നേടി. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ 14 ടീമുകളാണ് മാറ്റുരച്ചത്.
പാഠകത്തിൽ ഇത്തവണയും അജയ്
സംസ്കൃതം പാഠകവേദിയിൽ ഹൃദ്യമായ പ്രകടനത്തോടെ സദസ്സിനെ കൈയിലെടുത്ത അജയ് വി. കുമാറിന് ഒന്നാംസ്ഥാനം. എച്ച്.എസ് വിഭാഗത്തിലാണ് പാരിപ്പള്ളി അമൃത സംസ്കൃത എച്ച്.എസ്.എസ് വിദ്യാർഥിയുടെ നേട്ടം. തുടർച്ചയായി രണ്ടാംതവണയാണ് അജയ് ജില്ല വേദിയിൽ ഒന്നാമനാകുന്നത്. 10 പേർ പങ്കെടുത്ത മത്സരത്തിൽ പാഞ്ചാലി സ്വയംവരത്തിന് കൃഷ്ണൻ എത്തുന്ന കഥ പറഞ്ഞാണ് ഒമ്പതാം ക്ലാസുകാരൻ മുന്നിലെത്തിയത്.
ഇന്ന് ചാക്യാർകൂത്ത് വേദിയിലും മാറ്റുരക്കും. പാരിപ്പള്ളി മിനിലാൻഡിൽ വേണുകുമാർ-മിനി ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.