കലോത്സവം: കലാനിറവിൽ മാനന്തവാടി മുന്നിൽ
text_fieldsസുൽത്താൻ ബത്തേരി: 42ാമത് ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മാനന്തവാടി ഉപജില്ല ഒന്നാമത്. 556പോയന്റുമായാണ് മാനന്തവാടി ഒന്നാമതെത്തിയത്. സുൽത്താൻ ബത്തേരി 546 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 542 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്താണ്. മൂന്നാം ദിനമായ ബുധനാഴ്ച കേരള നടനം, കുച്ചുപ്പുടി, സംഘനൃത്തം, നാടകം, മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.
എല്ലാ വേദികളിലും രാവിലെ 9.30ന് തന്നെ മത്സരങ്ങൾ ആരംഭിക്കും. സ്കൂൾ തലത്തിൽ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി 101 പോയന്റുമായി മുന്നിലാണ്. എം.ജി.എം.എച്ച്.എസ് മാനന്തവാടി -93 പോയന്റ്. പിണങ്ങോട് ഡബ്ല്യൂ.ഒ എച്ച്.എസ്.എസ് 91 പോയന്റ്. എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ - 67. എസ്.എം.സി.എച്ച്.എസ് സുൽത്താൻ ബത്തേരി 60 എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള സ്കൂളുടെ നില.
കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷതവഹിച്ചു. കലോത്സവത്തിനായി സ്വാഗത ഗാനവും ലോഗോയും തയാറാക്കിയവർക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ ഉപഹാരം നൽകി.
വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽ.സി പൗലോസ്, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൻ സീത വിജയൻ, ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ചെയർമാൻ ടോം ജോസ്.
ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ, ബത്തേരി നഗരസഭ വെൽഫെയർ കമ്മിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.എസ്. ലിഷ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അമൽ ജോയ്, സുരേഷ് താളൂർ, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, മീനാക്ഷി രാമൻ, ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലർ സി. കെ. ഹാരിഫ്, കോഴിക്കോട് റീജിണൽ ഡെപ്യൂട്ടി ഡറയക്ടർ സന്തോഷ് കുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.-
നാടോടിനൃത്തം ആൽഫിയക്ക് പുത്തരിയല്ല
സുല്‍ത്താന്‍ ബത്തേരി: കുഞ്ഞിനെ നഷ്ടപ്പെട്ട പുള്ളുവത്തിയുടെ കഥ പറഞ്ഞ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആല്‍ഫിയ ആന്റണി സംസ്ഥാന തലത്തിലേക്ക് അർഹത നേടി.
തുടര്‍ച്ചയായി ആറു വര്‍ഷം ആല്‍ഫിയ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കലോത്സവം നടക്കാത്ത കോവിഡ് കാലം ഒഴികെ മറ്റെല്ലാ വര്‍ഷവും സംസ്ഥാനത്തേക്കും യോഗ്യത നേടിയിട്ടുണ്ട്. അനില്‍ കുമാര്‍ കല്‍പറ്റയുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. കുപ്പാടി മഞ്ഞക്കുന്നേല്‍ ആന്റണി, റെജി ദമ്പതികളുടെ മകളാണ്.
ഏകാഭിനയത്തിൽ താരമായി അഭിനന്ദും അതീയ ഫാത്തിമയും
സുൽത്താൻ ബത്തേരി: ജയമോഹന്റെ മാടൻ മോക്ഷം എന്ന കൃതി അവതരിപ്പിച്ച് ഹയർസെക്കൻഡറി ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് എം.എസ്. അഭിനന്ദ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിയാണ്.
വരേണ്യവത്കരിക്കപ്പെട്ട സാധാരണ ദൈവങ്ങളെ കുറിച്ചാണ് ഏകാഭിനയത്തിലൂടെ അഭിനന്ദ് അവതരിപ്പിച്ചത്. വെള്ളമുണ്ട മന്നം ചിറ വീട്ടിൽ അധ്യാപകനായ സഹദേവന്റെയും മഞ്ജുവിന്റെയും മകനാണ്. മൂന്നു പേർ മത്സരിച്ചതിൽ രണ്ടാൾക്ക് എ ഗ്രേഡും ഒരാൾ ബി. ഗ്രേഡും നേടി.
അഫ്ഗാനിസ്താൻ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതിനെതിരെയുള്ള കഥയുമായി എത്തി അതീയ ഫാത്തിമ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടി സംസ്ഥാനതലത്തിലേക്ക് അർഹത നേടി. മാനന്തവാടി ഗവ.വി.എച്ച് എസ്.എസിൽ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.
മാനന്തവാടി സ്വദേശികളായ നൗഷാദ് - മൈമൂന ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വർഷം തമിഴ് പദ്യംചൊല്ലലിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. മത്സരിച്ച നാലു പേരും എ ഗ്രേഡ് സ്വന്തമാക്കി. ഹയർസെക്കൻഡറി വിഭാഗം മോണോ ആക്ടിൽ ആൺകുട്ടികളേക്കാളും നിലവാരം പുലർത്തി പെൺകുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.