ശ്രീ മുദ്രകൾ
text_fieldsഗുഹാശില്പങ്ങൾ പറഞ്ഞുവെക്കുന്നുണ്ട് നൃത്തത്തിന്റെ പതിനായിരത്തിലേറെ വർഷത്തെ ചരിത്രം. മനുഷ്യൻ തന്റെ ആശയപ്രകടനത്തിന് ഉപയോഗിച്ച ഏറ്റവും പുരാതനമായ കലാരൂപങ്ങളിലൊന്നായി നൃത്തത്തെ കരുതിവരുന്നു. ഒരു കാലത്ത് ഈശ്വരാരാധനക്കായി അവതരിപ്പിച്ചിരുന്ന നൃത്തശാഖകൾ ക്രമേണ കാണികൾക്കു മുന്നിൽ കഥകൾ പറയാനുള്ള മാധ്യമമായി മാറി.ആശയാവിഷ്കരണത്തിലും നൃത്തസംവിധാനത്തിലും അസാമാന്യമായ കാഴ്ചപ്പാടുകൾകൊണ്ട് ശ്രദ്ധേയയാണ് ഡോ. രാജശ്രീ വാര്യർ. ഇന്ത്യയിലെ മുൻനിര നർത്തകിമാരിൽ ഒരാൾ. നൃത്തലോകത്തെ തന്റെ ജീവിതം അവർ പങ്കുവെക്കുന്നു...
അതിർത്തികളില്ലാത്ത നൃത്തകല
നൃത്തകലയുടെ സ്വാധീനം ലോകത്തെ എല്ലാ സംസ്കാരങ്ങളിലും തെളിഞ്ഞു കാണാം. മുദ്രകളിലൂടെയും മുഖാഭിനയത്തിലൂടെയും അംഗചലനങ്ങളിലൂടെയും നർത്തകർ തങ്ങളുടെ വികാരവിചാരങ്ങളെ പ്രകടിപ്പിക്കുന്നതാണല്ലോ ഈ രംഗാവിഷ്കാരം. ഗാനങ്ങളും സംഗീത ഉപകരണങ്ങളും അകമ്പടിക്കുണ്ടാകാം; അവ വിഭിന്നവുമായിരിക്കാം. എന്നാൽ, ലോകത്തെ എല്ലാ സമൂഹങ്ങളിലും ജീവിക്കുന്നവർക്ക് ആൺപെൺ വ്യത്യാസമില്ലാതെ നൃത്തം നൽകുന്ന നിർവൃതി വളരെ വിശിഷ്ടവും അനുപമവുമാണ്.
ഫ്രാൻസിലെയോ റഷ്യയിലെയോ ബാലെ, സ്പെയിനിലെ ഫ്ളമെങ്കോ, ഓസ്ട്രിയയിലെ വാൾട്ട്സ്, അർജന്റീനയിലെ ടാൻഗോ, അമേരിക്കൻ ടാപ്, ആഫ്രിക്കൻ അമേരിക്കക്കാരുടെ ജാസ്സ്, ക്യൂബയിലെ സൽസ, ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വേരുകളുള്ള കഥക്, സാത്രിയ, മണിപ്പൂരി, ഒഡീസി, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം മുതലായ എല്ലാ ലോക നൃത്തശാഖകളുടെയും ഹൃദയതാളങ്ങൾക്ക് സമാന സ്വഭാവമാണുള്ളത്. നർത്തകർക്കും പ്രേക്ഷകർക്കും ലഭിക്കുന്ന സംതൃപ്തിയും ഒന്നുതന്നെ.
ആത്മാവിഷ്കാരമാണ് നൃത്തം
മനസ്സിൽ ആഴത്തിൽ പതിഞ്ഞ സങ്കല്പങ്ങളുടെയും ശൈലികളുടെയും പ്രതിസ്ഫുരണങ്ങളാണ് ഏവർക്കും എല്ലാ കലകളും. വർഷങ്ങളായി നൃത്തമൊരു ദിനചര്യയാക്കിയവർക്ക് അതൊരു നിത്യോപാസനയാണ്. എന്നും നൃത്തം ചെയ്യുന്നതുകൊണ്ടാണ് ഒരാൾ അതിൽ മികവ് പുലർത്തുന്നതും. കാണികളാരുമില്ലാതെ ഒരു ദീപത്തിനു മുന്നിൽ നൃത്തം ചെയ്യുമ്പോൾപോലും ആത്മസംതൃപ്തിയും ഏകാഗ്രതയും ലഭിക്കുന്ന അവസ്ഥയിലേക്ക് ഉയരുമ്പോഴാണ് നാട്യമെന്തെന്ന് നർത്തകർ ശരിക്കുമറിയുന്നത്.
ആചാര്യന്മാരുടെ ഉപദേശമാണിത്. നൃത്തം ആത്മാവിഷ്കാരമാകുന്നത് ഈ മനോനിലയിലാണ്. പ്രേക്ഷകരില്ലാത്ത സഭാതലം നർത്തകരുടെ സംതൃപ്തിയും ശാന്തിയും ഭഞ്ജിക്കാത്ത ഉൽകൃഷ്ടത! വ്യക്തം, നൃത്തം ചിലപ്പോൾ വേദിക്കു വേണ്ടിയുള്ളതല്ല, നർത്തകർക്കുള്ളതാണ്.
ശരീരമെഴുതുന്ന കവിതകൾ
നൃത്തശാഖ ഏതായാലും അത് എല്ലാ അർഥത്തിലും ശരീരംകൊണ്ടു രചിക്കുന്ന കവിതയാണ്. ഒരു ഭാഷ എന്ന നിലയിൽ ഭരതനാട്യത്തിന് അതിർത്തികളില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഈ ഭാഷയിൽ ശരീരമെഴുതുന്ന കവിതക്ക് അനന്ത സാധ്യതകളാണുള്ളത്. ആശയവിനിമയത്തിന് ചിലപ്പോൾ നൃത്തത്തിന്റെ നിലവിലുള്ള ഭാവപ്രകടന സ്വഭാവത്തെ പരിവർത്തനപ്പെടുത്തേണ്ടിവരും. അതിനാവശ്യം നർത്തകിക്ക് കലാരൂപത്തിലുള്ള ദൃഢവിശ്വാസവും ആത്മധൈര്യവുമാണ്.
തന്റെ കലയിലൂടെ സഹൃദയരുമായി തീക്ഷ്ണമായ ബന്ധം പുലർത്തിക്കൊണ്ടായിരിക്കണം പുതുമകൾ കണ്ടെത്തേണ്ടത്. ഭരതനാട്യത്തിന്റെ വഴവൂർ ശൈലിയും, പാണ്ടനല്ലൂർ ശൈലിയും മാറ്റങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ നൽകുന്നവയാണ്. കേരളത്തിൽനിന്നു കുട്ടിക്കാലത്തു പഠിച്ച ചില വ്യവസ്ഥാപിത രീതികൾ അതിനാൽ പുനഃപരിശോധിക്കേണ്ടിവന്നു. കാരണം, കലാകാരിയുടെ സ്വമേധയാ ഉള്ള സൗന്ദര്യബോധത്തെ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ പരിമിതപ്പെടുത്തുന്നു. ഭരതനാട്യത്തെക്കുറിച്ചു ഒരു ദേശീയതല കാഴ്ചപ്പാട് ലഭിച്ചപ്പോഴാണ് പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിച്ചത്. രാജ്യത്തെ നൃത്തശാഖകളിൽ സുപ്രധാനമായത് എന്നതുകൊണ്ടായിരിക്കാം ഭരതനാട്യം എന്ന പേരുതന്നെ ലഭിച്ചത്.
ഭരതനാട്യ ജീവിതം
എനിക്കിപ്പോൾ അമ്പതു വയസ്സ്. എട്ടാമത്തെ വയസ്സു മുതൽ ഞാൻ ഉപാസിക്കുന്ന കലയാണ് ഭരതനാട്യം. എന്റെ വാക്കാണ് ഇന്ന് ഭരതനാട്യം, ഭാഷയെ എങ്ങനെ നൃത്തശരീരംകൊണ്ട് ആവിഷ്കരിക്കാനാകുമെന്നത് ദൗത്യവും. കലാജീവിതത്തിൽ നിരാശതോന്നിയ നിമിഷങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും അതെല്ലാം അതിജീവിക്കാനുള്ള ത്രാണിയും എനിക്ക് കൈവരാറുണ്ട്. കുടുംബംതന്നെയാണ് ഏറ്റവും വലിയ പ്രചോദന സ്രോതസ്സ്.
അച്ഛനും അമ്മയും ഭർത്താവും സഹോദരനും മകനും ഇടപെടലുകളിലൂടെയും, ചിലപ്പോൾ മൗനംകൊണ്ടുപോലും എന്നെ പിന്താങ്ങി. ഒരു മലയാളി ഭരതനാട്യ നർത്തകിയാകുന്നത് ഒഴുക്കിനെതിരെ നീന്തുന്നതിനു തുല്യമാണ്. കാരണം, ഭരതനാട്യം തമിഴ് നാട്ടിലെ നൃത്തരൂപമാണെന്നും, നമ്മുടേത് മോഹിനിയാട്ടമാണെന്നുമുള്ള യാഥാസ്ഥിതിക ചിന്തയിൽനിന്ന് ശരാശരി മലയാളി മോചിതനായിട്ടില്ല എന്നതാണ് വാസ്തവം. ഭരതനാട്യം തമിഴ്നാടിന്റെ മാത്രമായി നിലകൊണ്ടാൽ മതിയെന്ന കാർക്കശ്യം പുലർത്തുന്ന പലരെയും കണ്ടുമുട്ടിയിട്ടുണ്ട്.
ഇത് വേദനജനകമാണ്. ഒരു കലയെ ആഴത്തിൽ മനസ്സിലാക്കാത്ത, അല്ലെങ്കിൽ മനസ്സിലാക്കേണ്ടതില്ലെന്നു കരുതുന്ന സമൂഹത്തിനു നടുവിലാണ് ജീവിക്കേണ്ടി വരുന്നത്. ക്ലാസിക് കലാരൂപമെന്ന നിലയിൽ നൃത്തങ്ങളുടെ വ്യവഹാരങ്ങളും ജനകീയതയും ആഘോഷിക്കപ്പെടുകതന്നെ വേണം. മനസ്സിൽ വൈജയന്തിമാലയുടെ ഒരു നൃത്തമുണ്ട്. വിളംബം (slowness) നടനത്തിന്റെ ശോഭ കുറക്കുന്നുവെന്ന ധാരണ നാം തിരുത്തിയെഴുതും! നീണ്ടകാലത്തെ പ്രയത്നത്തിെനാടുവിലാണ് കലാഹൃദയമുള്ളവർക്കിടയിൽ ഒരു നർത്തകി അറിയപ്പെടാൻ തുടങ്ങുന്നത്.
അപ്പോൾപോലും ഏതു നൃത്തമാണ് ഞാൻ ചെയ്യുന്നതെന്നും, നൃത്തമല്ലാതെ എന്റെ ജോലിയെന്താണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടിവരുന്നു. ഇതിനർഥം ചിലരെങ്കിലും നൃത്തത്തെ ചെറുതായി കാണുന്നുവെന്നല്ലേ? സിനിമയേക്കാൾ മുന്തിയ മറ്റൊന്നുമില്ലെന്നു കരുതുന്ന കലാസ്വാദകർ നൃത്തപരിപാടികൾ കാണാനെത്തുമോ? തുടക്കക്കാരെയും മുതിർന്ന നർത്തകിമാരെയും മീഡിയ വിലയിരുത്തുന്നത് ഒരേ രീതിയിലുമാണ്.
ജേണലിസം ഞാനും പഠിച്ചിട്ടുണ്ട്. കലയെ അതർഹിക്കുന്ന മഹത്ത്വത്തോടെ സാക്ഷ്യപ്പെടുത്താൻ കഴിവുള്ളവരുടെ കുറവ് എല്ലാ മേഖലകളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. മധ്യകേരളം കലകൾക്കു നൽകുന്ന പ്രാധാന്യം ദക്ഷിണ കേരളം നൽകുന്നില്ല എന്നതാണ് മറ്റൊരു നിർഭാഗ്യകരമായ യാഥാർഥ്യം. തിരുവനന്തപുരത്തു ജീവിക്കുന്ന എനിക്കത് തിരിച്ചറിയാൻ കഴിയും. ഇങ്ങനെയൊക്കെയാണ് എന്റെ ഭരതനാട്യ ജീവിതത്തിന്റെ ഇത്തിരി രൂപം.
നൃത്ത സംവിധാനങ്ങൾ
പത്മാസുബ്രഹ്മണ്യത്തിന്റെ ‘മീര’ എന്ന ഒരു കൊറിയോഗ്രഫി നാലാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടത് ഇന്നും സ്മരണയിലുണ്ട്. മാഞ്ഞുപോകാത്ത അനുഭൂതിയാണത്. അവരുടെ ഭാവപ്രകടനങ്ങളാണ് ഇന്നും ഉള്ളുനിറയെ. കൊറിയോഗ്രഫിയിൽ അവരാണെനിക്ക് പ്രചോദനം. സ്ത്രീജീവിതം വരച്ചുകാട്ടുന്ന ‘അപരാജിത’, ജനനത്തിനും മരണത്തിനും ഇടയിലുള്ള സംഭവങ്ങളുടെ ചാക്രികമായ ആവൃത്തി വ്യക്തമാക്കുന്ന ‘വടവൃക്ഷ’, സ്വതന്ത്ര ചിന്താഗതിയുള്ള ഒരു സ്ത്രീയുടെ സത്യസന്ധ രൂപരേഖയായ ‘ഭഗോതി ചിന്ത്’ തുടങ്ങിയവ ജനശ്രദ്ധയാകർഷിച്ച എന്റെ കൊറിയോഗ്രഫികളിൽ ചിലതാണ്. ‘ഭഗോതി ചിന്ത്’ ഹൃദയത്തോട് വളരെ അടുപ്പമുള്ളൊരു സൃഷ്ടിയാണ്.
ഞാൻ തിരക്കഥയെഴുതി, ചിട്ടപ്പെടുത്തി, സംവിധാനം ചെയ്ത്, 2019ൽ നിർമിച്ചതാണിത്. സമൂഹത്തിന്റെ ബന്ധനത്തിൽ നിന്നു മോചിതയാകുന്ന ഒരു സ്ത്രീയാണ് ഇതിലെ വിഷയം. പുരുഷ നിർമിതമായൊരു ചട്ടക്കൂടിൽ തളച്ചിടാൻ പറ്റാത്ത സ്ത്രീത്വത്തിന്റെ ആഘോഷം. പ്രമേയസംബന്ധിയായൊരു ചുവ ലഭിക്കാനാണ് നാടൻ തമിഴും മലയാളം വാമൊഴിയും ചേർന്നൊരു അനൗപചാരിക ഭാഷ കൊറിയോഗ്രഫിക്ക് സ്വീകരിച്ചത്. ഓട്ടൻതുള്ളൽ മുതലായ ജനകീയ അവതരണങ്ങളിൽ ഉപയോഗിക്കാറുള്ള മർമ താളം നിവേശിപ്പിച്ചത് സൃഷ്ടിക്ക് തികഞ്ഞൊരു ഗ്രാമീണ പശ്ചാത്തലം നൽകുന്നുണ്ടെന്ന് നിരൂപകർ വിലയിരുത്തി.
വളരെ സൂക്ഷിച്ചാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്. കാണാതായ സ്ത്രീ ആരെന്നറിയാൻ ഗ്രാമത്തിലുള്ളവർ മുഴുവൻ ചർച്ചകളും അന്വേഷണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്. അവൾ ഒരമ്മയാണോ, ആരുടെയെങ്കിലും സഹോദരിയാണോ, മകളാണോ, അവളുടെ നിറമെന്ത്, ആരെപ്പോലെയിരിക്കുന്നു ആദിയായ ചോദ്യങ്ങളാണ് സമൂഹം ചോദിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട തിരച്ചിലുകൾക്കൊടുവിൽ അവളെ കണ്ടെത്തിയതൊരു വനാന്തരത്തിലാണ്. വിലങ്ങുകളൊന്നുമില്ലാതെ, വിലക്കുകളൊന്നുമില്ലാതെ, അവളവിടെ ഐശ്വര്യത്തോടെ കഴിയുന്നു!
നാട്യവ്യാഖ്യാനങ്ങൾ
നാട്യവ്യാഖ്യാനങ്ങളിൽ പ്രധാനപ്പെട്ടവയാണ് കശ്മീരിലെ പ്രശസ്ത കവയിത്രി ‘ലാൽ ദേദ്’, ‘കബീർ കവിതകൾ’, സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിന്റെ ദൃശ്യാവിഷ്കാരം, കവി പ്രഭാവർമയുടെ ‘ചിത്രാംഗന’ എന്ന കാവ്യത്തിന്റെ നൃത്തഭാഷ്യം (അഭിജ്ഞ) മുതലായവ. പുരന്ദരദാസന്റെയും അണ്ണാമാചാര്യയുടെയും കൃതികൾക്കും ഭരതനാട്യ ഭാഷ്യങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ, നിരവധി മലയാള കവിതകൾ ഭരതനാട്യത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
തോമസ് ഹാർഡിയുടെ ‘ടെസ്സ് ഓഫ് ദി ഡി ഉർബർവില്ലെസ്’ (Tess of the d’Urbervilles) എന്ന നോവലിന്റെ ‘ടെസ്സ്’ എന്ന നൃത്തരൂപവും പരക്കെ അരങ്ങേറപ്പെട്ടതാണ്. ഹാർഡിയുടെ പുസ്തകം ആവിഷ്കരിച്ചത് എനിക്ക് ഒത്തിരി സംതൃപ്തി നൽകി. വാസ്തവത്തിൽ ഈ കൊറിയോഗ്രഫി എന്റെ സർഗവീഥിയിൽ വലിയൊരു പരീക്ഷണമായിരുന്നു! നോവലിലെ കേന്ദ്രകഥാപാത്രമായ ടെസ്സ് അതി സുന്ദരിയും ബുദ്ധിശാലിയുമാണ്. ടെസ്സിന്റെ സദാചാര അവബോധവും വികാരതീവ്രതയും അവളെ വിക്ടോറിയൻ ഇംഗ്ലണ്ടിലെ ലൈംഗിക നീതിയെ വെല്ലുവിളിക്കാൻ പ്രേരിപ്പിക്കുന്നു.
ടെസ്സ് പ്രക്ഷോഭകയാണ്. താനുൾപ്പെടെയുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അവൾ പോരാടുന്നത്. ദരിദ്രമായ ഗ്രാമീണ ഇംഗ്ലണ്ടാണ് നോവലിന്റെ പശ്ചാത്തലം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൂപ്രകൃതി സവിശേഷതകളും, കഥാപാത്രങ്ങളുടെ സംസാരിക്കുമ്പോഴുള്ള ശരീരഭാഷയുമെല്ലാം പുനർനിർമിക്കുകയെന്നത് പെട്ടെന്നു വഴങ്ങാത്ത സംഗതികളായിരുന്നു.
അപരിചിതമായൊരു ഇടത്തിലെ കഴിഞ്ഞുപോയൊരു കാലത്തെ ജീവിതരീതി അടയാളപ്പെടുത്തേണ്ടേ? ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങൾക്ക് ഒരിക്കലും ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്തതായിരുന്നു ‘ടെസ്സി’ലെ സംഗീതം. മെലോഡിക്ക, ചർച്ച് ബെൽസ് മുതലായ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വന്നു. സംഗീതം പ്രതിനിധാനം ചെയ്യുന്നതാണല്ലൊ സംസ്കാരം! ഇങ്ങനെയൊക്കെയാണെങ്കിലും, ആട്ടം നമ്മുടെ നാട്യശാസ്ത്ര വിധിയിൽനിന്നു വ്യതിചലിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ട്രാൻസ്ജെൻഡറുകളെ മറന്നില്ല
ട്രാൻസ്ജെൻഡറുകളുടെ ജീവിത സംഘർഷങ്ങൾ ചിത്രീകരിക്കുന്നതാണ് ‘ശിഖണ്ഡി കൗത്വം’ എന്ന എന്റെ കൊറിയോഗ്രഫി. ജീവിക്കുന്ന കാലത്തോട് നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ കരുതുന്നു. ഈ ചിന്തയിൽനിന്ന് ഉടലെടുത്തതാണ് പുതിയ വർക്കുകളിലൊന്നായ ‘ശിഖണ്ഡി കൗത്വം’. ഒരു വിദ്യാർഥി എന്നോടൊരിക്കൽ പറഞ്ഞ കാര്യത്തിൽ നിന്നാണ് ശിഖണ്ഡിയുടെ സ്പാർക്ക് മനസ്സിൽ വന്നു വീണത്. പുരുഷനാണെങ്കിലും സ്ത്രീയായി ജീവിതം നയിക്കാനാണിഷ്ടമെന്നാണ് അവൻ എന്നോടു പറഞ്ഞത്.
സ്ത്രീ ഹൃദയമുള്ള പുരുഷനാണവൻ -ട്രാൻസ് വുമൻ. തിരിച്ചുള്ളതാണ് ട്രാൻസ്മെൻ. ശരീരം സ്ത്രീയുടെയും മനസ്സ് പുരുഷന്റെയും. ദേശീയതലത്തിൽതന്നെ ട്രാൻസുകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാൻ തുടങ്ങിയപ്പോൾ ഞാൻ ഈ തീം ഗൗരവമായി കാണാൻ തുടങ്ങി. ശിഖണ്ഡി യഥാർഥത്തിൽ ശിഖണ്ഡിനിയായി ജനിച്ചയാളാണല്ലോ. എന്റെ നൃത്തഭാഷയായ ഭരതനാട്യത്തിലൂടെ ട്രാൻസുകളുടെ പ്രശ്നം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കണമെന്ന ചിന്ത അങ്ങനെയാണ് ശക്തിപ്പെട്ടത്.
കൗത്വം എന്ന തമിഴ് പദത്തിനർഥം പറഞ്ഞുപാടി അവതരിപ്പിക്കുകയെന്നാണ്. അങ്ങനെ പരീക്ഷണാത്മകമായ ഈ പ്രമേയം എന്റെ പാഷനായി മാറുകയായിരുന്നു. ‘ശിഖണ്ഡി കൗത്വം’ കണ്ടിരിക്കെ ട്രാൻസ്ജെൻഡറുകളുടെ പിരിമുറുക്കങ്ങൾ വേദനിപ്പിച്ചെന്നു കുറേ പ്രേക്ഷകർ അഭിപ്രായപ്പെട്ടു. അപ്പോൾ എനിക്ക് എന്റെ അപ്പൂപ്പനെ ഓർമ വന്നു. അപ്പൂപ്പൻ നന്നായി കഥകൾ പറഞ്ഞു തരുമായിരുന്നു. കഥാപാത്രങ്ങളുടെ മാനറിസങ്ങൾ വരെ അദ്ദേഹത്തിന്റെ ആഖ്യാനത്തിൽ ഉൾപ്പെടുമായിരുന്നു. അത്രയും തന്നെ തൻമയത്വത്തോടെ കാര്യങ്ങൾ കാണികളിലേക്കു നൃത്തത്തിലൂടെ കൈമാറ്റം ചെയ്യാൻ ആ അപ്പൂപ്പന്റെ കൊച്ചുമകളും സദാ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
സംഗീത യാത്രകൾ
സംഗീതത്തോടുള്ള പ്രതികരണമായാണ് നർത്തകർ ചുവടുെവക്കുന്നത്. മനുഷ്യർ ആലപിക്കുന്നതു മുതൽ ഉപകരണങ്ങളിൽനിന്ന് ഉതിരുന്നതുവരെയുള്ള എല്ലാ തരം സംഗീതങ്ങളും നൃത്തത്തെ പ്രചോദിപ്പിക്കുന്നു. നമുക്കു കാതാൽ കേൾക്കാവുന്നതും, കേൾക്കാൻ കഴിയാത്തതുമായ ധ്വനികൾപോലും നൃത്ത പ്രേരകമാണ്. നിശ്ശബ്ദതപോലും ചിലപ്പോൾ സംഗീതമായിത്തീരാറുണ്ട്! ചുറ്റുപാടും ശ്രവണസാധ്യതയുള്ളതായി ഒന്നുമില്ലെങ്കിലും, അംഗചലനങ്ങളിലൂടെ ഒരാശയം സ്പഷ്ടമാക്കുമ്പോൾ, കലാകാരിയുടെ ആത്മാവിലൂടെ സംഗീതം ഒഴുകിക്കൊണ്ടിരിക്കുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടും.
വാസ്തവത്തിൽ സംഗീതം പിറവികൊണ്ട സാഹചര്യമാണ് പിന്നീട് അതിന്റെ നിർവചനമായിത്തീരുന്നത്. സംഗീതം നൃത്തമായിത്തീരുന്നു, നൃത്തം ആശയമായിത്തീരുന്നു, ആശയം ആവിഷ്കരിക്കപ്പെടുന്നതിന്റെ മനോഹരമായ ഭാവനയുമായിത്തീരുന്നു. സംഗീതവും നൃത്തവും പരസ്പര പൂരകങ്ങളല്ല, മറിച്ച് ഒരൊറ്റ സ്വത്വമാണ്! സൂക്ഷ്മവും ക്രമാനുഗതവുമായ പുരോഗമനത്തിലൂടെയാണ് ഇവ രണ്ടും ഒന്നായിത്തീരുന്നത്. അന്ത്യത്തിൽ ചിന്തയുടെയും പദങ്ങളുടെയും സംഗീതത്തിന്റെയും, നൃത്തത്തിന്റെയും കേന്ദ്രീകരണം നടക്കുകയും ചെയ്യുന്നു.
ഇതാണ് കൊറിയോഗ്രഫി എന്ന ശ്രേഷ്ഠകലയുടെ വിജയം. പ്രമേയശക്തിയുള്ള എന്റെ എല്ലാ നൃത്തസംവിധാനങ്ങളുടെയും സംഗീതം ഞാൻ തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. നൃത്തം ഞാൻ പരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയതാണെങ്കിൽ, സംഗീതം എന്നിൽ ജന്മനാ ഉള്ളതാണ്. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ മോഹന വീണയിൽനിന്ന് ഒഴുകിയെത്തുന്ന ‘മേഘമൽഹാർ’ എന്റെ ഹൃദയത്തിന്റെ സംഗീത പശ്ചാത്തലമാണ്. നാട്യവ്യാഖ്യാനമായ ‘ലങ്കാലക്ഷ്മി’യുടെ ദൃശ്യാവിഷ്കാരത്തിൽ സംഗീതത്തിന്റെ പ്രയോഗമാണ് ഏറെ ചർച്ചാവിഷയമായത്.
കോളജു കാലത്താണ് ഞാൻ ശ്രീകണ്ഠൻ നായരുടെ ആ നാടകം ആദ്യം വായിച്ചത്. പത്തുമുപ്പതു വർഷത്തിനുശേഷം ഒരു മ്യൂസിക്കൽ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അത് ഞാൻ ഏറ്റെടുക്കുകയായിരുന്നു. പിതാവ് നന്നായി പാടുമായിരുന്നുവെന്നതൊഴിച്ചാൽ വലിയ സംഗീത പാരമ്പര്യമൊന്നുമില്ല. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് സംഗീതത്തിലാണ് ഞാൻ പിഎച്ച്.ഡി നേടിയത്.
കുടുംബം, അംഗീകാരങ്ങൾ
തിരുവനന്തപുരത്ത് ജനിച്ചുവളർന്നു. സ്കൂൾ-കോളജ് വിദ്യാഭ്യാസവും തലസ്ഥാന നഗരിയിൽ തന്നെയായിരുന്നു. രാജശേഖര വാര്യരും ശ്രീദേവിയും അച്ഛനമ്മമാർ. ഭർത്താവ് അനിൽ എസ്. നായർ സർക്കാർ സർവിസിലാണ്. ഏക മകൾ ലാവണ്യ ചാർട്ടേഡ് അക്കൗണ്ടന്റ്. നൃത്ത ശിക്ഷണത്തിനും നൃത്ത-സംഗീത-നാടക ഗവേഷണങ്ങൾക്കുമായി ‘ഉത്തരിക’ എന്ന കലാകേന്ദ്രം നടത്തിവരുന്നു. രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘നൃത്തകല’, 2011ൽ ചിന്ത പ്രസിദ്ധീകരിച്ചു. 2013ൽ ഡി.സി.ബുക്സ് ‘നർത്തകി’ പുറത്തിറക്കി.
ദൂരദർശനു വേണ്ടിയും മറ്റു ചില പ്രശസ്ത ടി.വി ചാനലുകൾക്കു വേണ്ടിയും ധാരാളം നൃത്ത ഇനങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. അവതാരകയായും പ്രവർത്തിച്ചു. നേടിയ സംസ്ഥാന-ദേശീയതല പുരസ്കാരങ്ങളിൽ കേരള സംഗീത നാടക അക്കാദമിയുടെയും, കേരള കലാമണ്ഡലത്തിന്റെയും, ഭരതനാട്യത്തിനുള്ള ദേവദാസി ദേശീയ സമ്മാനവും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.