ഫാതിമ ശെബാനിയുടെ കലാ ലോകം
text_fieldsദി പേള്‍ ഖത്തര്‍, മര്‍സ അറേബ്യ ഐലൻഡിലെ ‘ദി സെന്റ് റീജിസ്’ ഹോട്ടലിനു ചുറ്റും ഒരു വൈകുന്നേരം ചെലവഴിക്കാനിടവന്നപ്പോഴാണ് മനോഹരമായി പുല്ലുപാകിയ പിന്‍ഭാഗത്ത് കടലിനോട് കിന്നാരം പറയുന്ന കറുത്ത സുന്ദര ശിൽപങ്ങള് കാണാനിടയായത്. ദൂരെനിന്നുള്ള ഒറ്റക്കാഴ്ചയില്‍ ആറു സ്ത്രീരൂപങ്ങള്‍. അവരുടെ കൈയിലെന്തോ ഉണ്ടെന്നു മാത്രം തോന്നി. അടുത്തടുത്തുവരുന്തോറും കൗതുകം വര്‍ധിച്ചു. ഉരലും ഉലക്കയും തിരിച്ചറിഞ്ഞു. ചരിവിലേക്കു നടന്നുകയറവെ ശിൽപങ്ങള്ക്കടുത്ത് വിശദവിവരങ്ങളെഴുതിയ ബോര്‍ഡ് പാകിയിട്ടുണ്ട്- ‘ഗ്രൈന്‍ഡിങ് സീഡ്സ്’. ശിൽപി: ഫാത്തിമ അല്ശെബാനി.
റമദാന് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഗോതമ്പ് ധാന്യങ്ങള്‍ ഉരലിലിട്ട് ഉലക്കയുപയോഗിച്ച് പൊടിച്ചെടുക്കുന്ന രീതി പണ്ടുകാലത്തെ ഖത്തരി വീടുകളിലുണ്ടായിരുന്നു. വിശുദ്ധ റമദാനിലേക്കുള്ള വിഭവങ്ങള്‍ക്കായുള്ള ഒരുക്കം കൂടിയാണിത്. നാടന്‍പാട്ടിന്റെ അകമ്പടിയോടെയുള്ള ആ പരമ്പരാഗത ജീവിതരീതിയെ പുനരാവിഷ്കരിക്കുകയാണ് ഫാത്തിമ. മുത്തും പവിഴവും കണ്ടെത്താന്‍ ആഴക്കടലിലൂടെ ദീര്‍ഘദൂരവും ദിനങ്ങളും താണ്ടി ജീവിച്ച മനുഷ്യജന്മങ്ങളുടെ പുതുതലമുറയുടെ നിർമിത ദ്വീപിലാണ് പോയകാലം ഓർമയില്‍നിന്ന് ഊളിയിട്ടെടുക്കുന്ന ഒരു യുവ കലാകാരിയുടെ സർഗാത്മക ചിത്രങ്ങള്‍ പതിഞ്ഞത്. ‘ഗ്രൈന്‍ഡിങ് സീഡ്സ്’ എന്ന ശിൽപം ഒരേ സമയം പഴയ കാലത്തിലൂടെ സഞ്ചരിക്കുകയും പുതിയ കാലത്തെ ആവാസവ്യവസ്ഥയോട് എളുപ്പം സംവദിക്കുകയും ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
2022ലാണ് വെങ്കലത്തില്‍ തീര്‍ത്ത ഈ ശിൽപം നാടിന് സമര്‍പ്പിച്ചത്. ഈ കാഴ്ചയുടെ കൗതുകം വിട്ടൊഴിയാതെ ഹോട്ടലിന്റെ മുന്‍വശത്തേക്ക് നടന്നടുക്കുമ്പോഴാണ് ഉയരത്തിലായി അതിദൂരത്തുനിന്നുതന്നെ നമ്മെ മാടിവിളിക്കുന്ന കുറെ ശിൽപങ്ങള് കാണാനിടവന്നത്. ഖത്തരി പതാകയേന്തി പറക്കുംകുതിരകള്. ഹരമുണ്ട്. ഉശിരും അതീവ ആകര്‍ഷണീയതയുമുണ്ട്. പടികയറി മുകളിലേക്കു നടന്നപ്പോള്‍ ബോര്‍ഡില്‍ കൃത്യമായ വിവരങ്ങള്‍ തെളിഞ്ഞു: ‘അല്‍അദിയാത്-9’ -ഖത്തരി കലാകാരി ഫാത്തിമ അല്ശെബാനിയുടേതുതന്നെയാണ് ഈ വെങ്കല ശിൽപവും. ഖത്തര്‍ പതാകയിലെ ഒമ്പത് അടയാളങ്ങളെ പ്രതീകവത്കരിച്ചും വിശുദ്ധ ഖുര്‍ആനിലെ അല്അദിയാത്ത് എന്ന അധ്യായത്തില്‍ ആകൃഷ്ടയായും മെനഞ്ഞെടുത്തവ. അതിവേഗം ഓടുന്ന യുദ്ധക്കുതിരകളെ സൂചിപ്പിച്ചാണ് ഖുര്‍ആനിലെ അല്അദിയാത്ത് എന്ന അധ്യായത്തിന്റെ തലക്കെട്ട്. മര്‍സ അറേബ്യ ഐലൻഡിലെ സെന്റ് റീജിസിന്റെ പലയിടങ്ങളില്‍ ശിൽപമായി മാത്രമല്ല, വരകളായും സാന്നിധ്യമറിയിക്കുന്ന ഫാത്തിമയുടെ സൃഷ്ടികള്‍ കതാറ ഉള്‍പ്പെടെ പല പൊതുസ്ഥലങ്ങളിലും കാണാനാവും. സ്വന്തം നാടിനെയും അവയുടെ ഭൂതകാല സാംസ്കാരിക ജീവിതത്തെയും കലാവിഷ്കാരങ്ങളിലൂടെ തന്മയത്വത്തോടെ പകര്‍ത്തുന്നതില്‍ ഇത്ര സൂക്ഷ്മത കാണിക്കുന്ന മറ്റൊരു ഖത്തരി ആര്‍ട്ടിസ്റ്റ് ഉണ്ടോ എന്ന് സന്ദേഹം ജനിപ്പിക്കുന്നു.
വരയും ശിൽപവും വിഡിയോ ആര്ട്ടുമെല്ലാമായി പടരുന്ന ആ സർഗസാന്നിധ്യം പലപ്പോഴും കാഴ്ചക്കാരെ പിടിച്ചുനിര്‍ത്തി അറബ് പൈതൃകത്തിലേക്ക് തിരിച്ചുനടത്തുന്നുണ്ട്. പല സാധാരണ സൃഷ്ടികളിലും ഒരസാധാരണത്വം കൊണ്ടുവരാനും തന്റേതായ കൈയൊപ്പ് ചാര്‍ത്താനും അവര്‍ക്ക് പ്രത്യേക സിദ്ധിയുണ്ട്. വെങ്കലം, ഇരുമ്പ്, റെസിന്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച പലതരം ശിൽപങ്ങളില് വസ്ത്രവും അനുബന്ധ കാര്യങ്ങളും ഒരു പ്രധാന ഉപാധിയാണ്. ബത്തൂല, ബുഖ്നാക്, ഇഗാല്‍, നികാബ് എല്ലാം പല വഴികളില്‍ ശിൽപമായി താളലയത്തോടെ നമ്മെ തേടിയെത്തുകയാണ്. ഖത്തരി പുരുഷന്മാരുടെ തലേക്കെട്ടിന്റെയും സ്ത്രീകളുടെ മുഖാവരണങ്ങളുടെയും ഭംഗി മാത്രമല്ല, നിഗൂഢതയിലേക്കും ഫാത്തിമയുടെ കലാരൂപങ്ങള്‍ ഇടവഴി കയറുന്നുണ്ട്. പരമ്പരാഗത വസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ ആണ് പെണ് വ്യത്യാസമില്ലാതെ അവയെ ആവാഹിക്കാന്‍ ഫാത്തിമ പ്രത്യേക മിടുക്ക് കാണിക്കുന്നു. തന്റെ പെണ്സൃഷ്ടികളാകട്ടെ എപ്പോഴും ശക്തരും തലയെടുപ്പുള്ളവരുമായി മാറുന്നത് അവയുടെ സ്വാഭാവികമായ ശിൽപചാതുരികൊണ്ടാണ്. അവ ഒരിക്കലും മുഴച്ചുനില്‍ക്കുന്നില്ല.
അൽ ശെബാനിയുടെ കലായാത്ര
2004ല്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ദോഹ സോങ് ഫെസ്റ്റിവലിലാണ് അല്ശെബാനി ആദ്യ സോളോ പ്രദർശനം സംഘടിപ്പിച്ചത്. രണ്ടു മാസത്തിനകം ലബനാനിലെ ബൈറൂത്തില്‍ കലാസൃഷ്ടികളുമായെത്തിയ അവര്‍ 2005ല്‍ സൗദി അറേബ്യയിലെ റിയാദില്‍ ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് നടത്തി. മധ്യപൂർവേഷ്യയിലാദ്യമായി റിയാദില്‍ മിക്സഡ് ആർട്ട് എക്സിബിഷനില്‍ പങ്കെടുക്കുന്ന പെണ്‍സാന്നിധ്യമായി പേരെടുത്തു. അറബ് ലോകത്തിനു പുറമെ പാരിസിലും ഇംഗ്ലണ്ടിലുമെല്ലാം പിന്നീട് പ്രദര്‍ശനങ്ങളില്‍ പങ്കാളിയായി. ഫലസ്തീനില്‍ തന്റെ കലാപ്രദര്‍ശനത്തിലൂടെ പ്രത്യേക അഭിനന്ദനം നേടിയ അവര്‍ 2009ലാണ് ഗസ്സയില്‍ ശിൽപങ്ങള് കാഴ്ചക്കാരിലെത്തിച്ചത്. ഒരു ഖത്തരി ആര്‍ട്ടിസ്റ്റ് ആദ്യമായി ഫലസ്തീനില്‍ നടത്തുന്ന കലാപ്രദര്‍ശനമെന്ന രൂപത്തില്‍ അത് ചരിത്രപ്രാധാന്യംകൂടി നേടി. 2013ല്‍ വീണ്ടും ഫലസ്തീനിലെത്തി ‘സെപ്പറേഷന്‍ വാളി’ല്‍ പെയിന്റ് ചെയ്യാന്‍ ലഭിച്ച അവസരം വിനിയോഗിച്ചു. ആ സന്ദര്‍ശന കാലയളവില്‍തന്നെ ബെത്ലഹേം ആര്‍ട്ട് ഗാലറിയില്‍ ക്ഷണിക്കപ്പെടുകയും ചെയ്തു.
1994ല്‍ ഖത്തര്‍ സർവകലാശാലയില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ ഫാത്തിമ 2007ല്‍ അധ്യാപന ജോലി ഉപേക്ഷിച്ച് മുഴുസമയ കലാകാരിയായി. കുറഞ്ഞ കാലയളവില്‍ തന്റേതായ ഒരു ശൈലി വികസിപ്പിച്ചുകൊണ്ട് കലാരംഗത്ത് അതിവേഗം മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞു. ചൈനയിലെയും ഹോങ്കോങ്ങിലെയും ഫാക്ടറികളില്‍നിന്ന് ഉൽപന്നങ്ങള് ഇറക്കുമതി ചെയ്ത് പ്രവര്‍ത്തിക്കുന്ന വിശാലമായ സ്വന്തം വര്‍ക്ക്ഷോപ്പുള്ള അല്ശെബാനിയെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ രംഗത്തുവന്ന ഖത്തരി കലാകാരന്മാരില് ഏറ്റവും പ്രതിഭയും ആഴവുമുള്ള ഒരാളായി ഇതിനകം മാധ്യമലോകം വിലയിരുത്തിയിട്ടുണ്ട്. വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് ആവിഷ്കരിക്കാന്‍ സ്വദേശി കലാകാരന്മാര്, പ്രത്യേകിച്ച് സ്ത്രീകള്‍ മടിച്ചുനില്ക്കുന്ന കാലത്താണ് ശിൽപ കലയിലുള്പ്പെടെ വേറിട്ട ഇടപെടല്‍ നടത്തി ഫാത്തിമ പുതുവഴി കണ്ടെത്തുന്നത്. കലാപരമായ നിരക്ഷരതക്കെതിരെയും കലാമലിനീകരണത്തിനെതിരെയും പോരാട്ടം നയിക്കുകയാണ് തന്റെ ദൗത്യങ്ങളിലൊന്ന് എന്ന് അവര്‍ നിരന്തരം വ്യാജനിർമിതികളെ ചൂണ്ടി വിളിച്ചുപറയാൻ ആർജവം കാണിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.