കേരളീയത്തിന്റെ ആവേശം നിറച്ച് നഗരത്തിൽ പുലികളിറങ്ങി
text_fieldsതിരുവനന്തപുരം: അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി. കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനർ മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ മന്ത്രി വി.ശിവൻ കുട്ടി, മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു.
കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം ചുവടുവെച്ച പുലികൾ മ്യൂസിയം ജംക്ഷനിലും കോർപ്പറേഷൻ മുറ്റത്തും പാളയത്തും അരങ്ങു തകർത്തു. മാനവീയം വീഥിയിലാണ് പുലികളി സമാപിച്ചത്. ഓരോ ജംക്ഷനിലും ആവേശകരമായ സ്വീകരണമാണ് കേരളീയം പുലികളിക്ക് ലഭിച്ചത്.
തൃശൂരിൽ നിന്നെത്തിയ 20 അംഗ പുലികളി സംഘമാണ് നഗരത്തിൽ കേരളീയത്തിന്റെ ആവേശം നിറച്ചത്.
ഓണക്കാലത്ത് തൃശൂർ സ്വരാജ് റൗണ്ടിൽ കളിക്കിറങ്ങുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തിയത്. ഐ.ബി.സതീഷ് എം.എൽ.എ.,കേരളീയം സംഘാടക സമിതി ജനറൽ കൺവീനർ എസ്.ഹരികിഷോർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.