കുടുംബത്തിലെ അഞ്ചുപേർ ഗീതകൻ തുള്ളലുമായി ഒരു വേദിയിൽ
text_fieldsചെറുതുരുത്തി: ഒരുകുടുംബത്തിലെ അഞ്ചംഗ സംഘം ഗീതകൻ ഓട്ടന്‍തുള്ളലുമായി കേന്ദ്ര സംഗീത നാടക അക്കാദമി വേദിയിലെ അരങ്ങിൽ എത്തി. 78 വയസ്സുള്ള കലാമണ്ഡലം പ്രഭാകരനാണ് ഗീതകൻ ഓട്ടന്തുള്ളൽ ന്യൂഡൽഹിയിലെ കേന്ദ്ര സംഗീത നാടക അക്കാദമി വേദിയിൽ അവതരിപ്പിച്ചത്.
കലാമണ്ഡലം ഭരണസമിതി അംഗവും ഓട്ടന്‍തുള്ളലിലെ ഇപ്പോഴത്തെ മുതിർന്ന അംഗവുമാണ് ഇദ്ദേഹം. മകൻ പ്രവീൺ കരുവാച്ചേരി മൃദംഗവുമായും മകൾ ഡോ. പ്രവീണ രതീഷ് കുമാർ താളവുമായും മകന്റെ ഭാര്യ പൂജ പ്രവീൺ ഹിന്ദിയിലും ഇംഗ്ലീഷിലും കഥ പറയാനും വേറൊരു മരുമകൾ ദിവ്യ പ്രവാസ് പിൻപാട്ടുപാടാനും വേദിയിൽ എത്തിയത് കാണികൾക്ക് നവ്യാനുഭവമായി.
പരിപാടി കഴിഞ്ഞതോടെ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ഡോ. സന്ധ്യാ പുരെച്ച അഭിനന്ദിച്ചു. പ്രഭാകരന്റെ സഹധർമിണി വത്സല കാണികളിൽ ഒരാളായി ഉണ്ടായിരുന്നു. അക്കാദമി സെക്രട്ടറി രാജു ദാസ്, ബോർഡ് അംഗം നന്ദിനി രമണി എന്നിവർ ചേർന്ന് പൊന്നാടയും മൊമന്റേയും നൽകി ആദരിച്ചു. ഇങ്ങനെ ഒരു വേദി ഡൽഹിയിൽ അവതരിപ്പിക്കാൻ നൽകിയ സംഗീത നാടക അക്കാദമി ഭാരവാഹികളോടും മറ്റുള്ളവരോടും നന്ദിയുണ്ടെന്ന് കലാമണ്ഡലം പ്രഭാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.