അംഗീകാര നിറവിൽ നാടൻ കലാകാരന്മാർ
text_fields2022ലെ ഫോക്ലോർ അക്കാദമി പുരസ്കാരങ്ങളിലൂടെ തനത് കലാരൂപങ്ങൾക്ക് വീണ്ടും അംഗീകാരമെത്തുമ്പോൾ ജില്ലയിലെ അഞ്ച് കലാകാരന്മാർ പുരസ്കാരനിറവിലാണ്. നാടൻപാട്ടും കാക്കാരിശ്ശിനാടകവും സീതകളിയും തോറ്റംപാട്ടും കളമെഴുത്തും പാട്ടും പോലുള്ള കലാരൂപങ്ങളിൽ പതിറ്റാണ്ടുകൾ പ്രാവീണ്യംനേടിയ കലാകാരന്മാരാണ് ഇത്തവണ അംഗീകാരം ഏറ്റുവാങ്ങുന്നത്. തങ്ങളുടെ പ്രിയ കലാരൂപത്തെ ജനകീയമാക്കി വേദികൾ നിറയുന്നതിനൊപ്പം അന്യംനിന്നുപോകാതെ പുതുതലമുറക്കും വഴികാട്ടികളായാണ്ഈ അഞ്ചുപേരും നേട്ടം സ്വന്തമാക്കിയത്. ഇവരെ പരിചയപ്പെടാം...
എട്ട് പതിറ്റാണ്ടിന്റെ സമർപ്പണഫലം നേട്ടമായെത്തി
കൊട്ടിയം: എട്ടുപതിറ്റാണ്ട് നീണ്ട സപര്യക്ക് 94ാം വയസ്സിൽ അംഗീകാരം. തോറ്റംപാട്ടുമേഖലയുടെ സ്വന്തം സ്വാമി ചെല്ലപ്പൻനായരെന്ന ചെല്ലപ്പൻനായരെ തേടി ഒടുവിൽ സംസ്ഥാന ഫോക്ലോർ അക്കാദമിയുടെ അംഗീകാരമെത്തുമ്പോൾ അത് 80 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരമായി.
കണ്ണനല്ലൂർ വടക്കേ മൈലക്കാട് കാറ്റാടിമുക്ക് പുന്നവിള കിഴക്കതിൽ എൻ. ചെല്ലപ്പൻ നായർ പതിമൂന്നാം വയസ്സിൽ തോറ്റംപാട്ട് രംഗത്തിറങ്ങിയതാണ്. ഇക്കാലയളവിൽ പാടാത്ത ക്ഷേത്രങ്ങൾ വിരളം. തോറ്റംപാട്ട് അവതരണത്തിനൊപ്പം കല അന്യംനിൽക്കാതിരിക്കാൻ മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധി പേർക്ക് പരിശീലനം നൽകുകയും ചെയ്തു.
ദാരികന്റെ നിഗ്രഹകഥ പറയുന്ന ദാരികവധമാണ് തോറ്റംപാട്ടിന്റെ കഥാസംഗ്രഹം. 41 ദിവസം കൊണ്ടാണ് തോറ്റംപാട്ട് പാടിത്തീർക്കുന്നത്. ചിലയിടങ്ങളിൽ 10 ദിവസം കൊണ്ടും തോറ്റംപാട്ട് പാടാറുണ്ട്. മൂന്നുപേരാകും പാടാൻ ഉണ്ടാകുക. ആശാൻ പാടുന്നത് ഇവർ ഏറ്റുപാടും.
പൂർവികരുടെ ചുവടുപിടിച്ച് പതിമൂന്നാം വയസ്സിൽ ഉമയനല്ലൂർ മുണ്ടുചിറ ക്ഷേത്രത്തിൽ നിന്നാണ് തോറ്റംപാട്ട് പാടിത്തുടങ്ങിയത്. ഇന്നും മുണ്ടുചിറയിലും ഭരണിക്കാവിലും ചോങ്കര ക്ഷേത്രത്തിലും മീനാട്ടും തോറ്റംപാട്ടിനായി പോകാറുണ്ട്. രണ്ടാം ക്ലാസുവരെ മാത്രമേ പഠിച്ചുള്ളൂ. ക്ഷേത്രങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള ഉപഹാരങ്ങളല്ലാതെ കാര്യമായി മറ്റ് അംഗീകാരങ്ങൾ തേടിയെത്തിയിട്ടില്ല.
തിരുവനന്തപുരം കേന്ദ്രമായുള്ള കുഞ്ചൻ നമ്പ്യാർ സമിതിയുടെ കുഞ്ചൻ നമ്പ്യാർ അവാർഡിന്റെ ഭാഗമായ പ്രത്യേക പുരസ്കാരത്തിന് അർഹനായി. അവശകലാകാരൻമാർക്കുള്ള പെൻഷൻപോലും ലഭിച്ചിട്ടില്ല. ചെറിയ കേൾവിക്കുറവുണ്ടെങ്കിലും ഇപ്പോഴും ശിഷ്യന്മാർ തോറ്റംപാട്ട് ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ്.
ഭാര്യ സുഭാഷിണി അമ്മ രണ്ടുവർഷം മുമ്പ് മരിച്ചു. മൂത്ത മകൾ സുധർമണിയമ്മയോടൊപ്പമാണ് താമസം. നാലുമക്കളിൽ ഇളയ മകളും എഴുത്തുകാരിയുമായ ഡോ. സുഷമ ശങ്കർ അച്ഛൻ തമ്പുരാൻ എന്ന പേരിൽ പിതാവിന്റെ ജീവിതം പുസ്തകമാക്കിയിട്ടുണ്ട്.
കാക്കാരിശ്ശിനാടകത്തിന്റെ തലതൊട്ടപ്പനായി തുളസീധരൻപിള്ള
കൊട്ടാരക്കര: ഫോക്ലോർ അക്കാദമി തിളക്കത്തിൽ കാക്കാരിശ്ശിനാടകത്തിന്റെ തലതൊട്ടപ്പനായ കൊട്ടാരക്കര താമരക്കുടി വൈക്കത്ത് തെക്കതിൽവീട്ടിൽ തുളസീധരൻ പിള്ള. ഓർമവെച്ച നാൾ മുതൽ കാക്കാരിശ്ശിനാടകം പരിചിതമായിരുന്നു.
പിതാവ് രാഘവൻപിള്ള കാക്കാരിശ്ശി നാടകം അവതരിപ്പിക്കുന്നത് കണ്ടും കേട്ടും ഹൃദിസ്ഥമാക്കിയാണ് ഈ രംഗത്ത് ചുവടുവെച്ചത്. 1972-73 കാലഘട്ടത്തിൽ കൊല്ലത്ത് നടന്ന സ്കൂൾ യുവജനോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു. അന്ന് നടൻ മധു അഭിനന്ദിച്ചത് ഇന്നും വലിയ നേട്ടമായി കരുതുന്നു.
68 വയസ്സുള്ള തുളസീധരൻ 45 വർഷമായി കാക്കാരിശ്ശി നാടകതട്ടിൽ സജീവമായുണ്ട്. ഇതിനകം ആയിരത്തോളം വേദികൾ. വേദിയിലേക്ക് ആദ്യം വരുന്നത് നാടകത്തിന് പകരക്കാരനായിട്ടാണ്. സ്വന്തമായി എഴുതിയാണ് നാടകം കളിച്ചിരുന്നത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ജന്മദിനത്തിൽ, അദ്ദേഹം സിനിമയിൽ അവതരിപ്പിച്ച മൂന്ന് വേഷങ്ങൾ വേദിയിൽ അവതരിപ്പിച്ചതിന് കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.
കാക്കാരിശ്ശിനാടകത്തിന് മനുഷ്യാവകാശ കമീഷന്റെ അവാർഡും തേടിയെത്തി. ആഴ്ചയിൽ രണ്ട് ദിവസം വിക്ടേഴ്സിൽ ചാനലിൽ ബോധവത്കരണ കാക്കാരിശ്ശിനാടകം അവതരിപ്പിക്കുന്നുണ്ട്. ചാക്യാർകൂത്തും തുളസീധരൻ പിള്ള വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ ഉഷാകുമാരിയാണ് പരിപാടിക്കുള്ള വസ്ത്രങ്ങൾ തുന്നുന്നത്. ചിത്ര തുളസി, സുചിത്ര തുളസി, സുമിത്ര തുളസി എന്നിവർ മക്കളാണ്. പിതാവ് എഴുതുന്ന കാക്കാരിശ്ശിനാടകം മക്കളാണ് ട്യൂൺ ചെയ്യുന്നത്. അന്യംനിൽക്കാതിരിക്കാൻ വിദ്യാർഥികൾക്കുള്ള പാഠ്യവിഷയത്തിൽ കാക്കാരിശ്ശിനാടകം ഉൾപ്പെടുത്തണമെന്ന് തുളസീധരൻപിള്ള പറയുന്നു.
പാട്ടുകളിൽ പടയൊരുക്കം തീർത്ത് മനോജ്
കരുനാഗപ്പള്ളി: മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള നാടൻപാട്ടുകൾ ജനമനസ്സുകളിലേക്ക് എത്തിക്കാൻ മനോജെന്ന കലാകാരൻ നടത്തിയ പരിശ്രമങ്ങൾക്ക് സംസ്ഥാന ഫോക്ലോർ അക്കാദമി അവാർഡിന്റെ തിളക്കം.
കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലമായി നാടൻപാട്ടിന്റെ ഹൃദയതാളം ഏറ്റെടുത്ത് ജനകീയമാക്കാൻ കുലശേഖരപുരം കോട്ടയ്ക്കുപുറം പഞ്ചായത്താഫീസിനുസമീപം ശശിഭവനത്തിൽ മനോജ് നടത്തിയ പരിശ്രമങ്ങളാണ് അവാർഡിന് അർഹനാക്കിയത്. ചെങ്ങന്നൂരാദി പാട്ടുകൾ, പാക്കനാർ പാട്ടുകൾ, കുട്ടനാട്ടിലെ കൃഷിപ്പാട്ടുകൾ എന്നിങ്ങനെ ഗ്രാമീണ മനസ്സിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ നിരവധി പാട്ടുകൾ കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ മനോജ് അവതരിപ്പിച്ചിട്ടുണ്ട്.
സ്കൂൾ, കോളജ് തലങ്ങളിൽ ശിൽപശാലകളും പരിശീലനപരിപാടികളും സംഘടിപ്പിച്ച് നാടൻപാട്ടുകളുടെ അന്തഃസത്ത പുതിയ തലമുറയിലേക്ക് എത്തിക്കാൻ നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ചാനലുകളിലെ സംഗീത പരിപാടികളിലും നിരവധി ഓഡിയോ ആൽബങ്ങളിലും മനോജ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപമായ കരടികളിയെക്കുറിച്ച് ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2017ൽ ഫോക്ലോർ അക്കാദമി വജ്ര ജൂബിലി ഫെലോഷിപ്പും തേടിയെത്തി.
നിലവിൽ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുടെ ജില്ല കോഓഡിനേറ്ററാണ്. തിരുവനന്തപുരം സംസ്കൃത കോളജ്, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മനോജ് നാടൻപാട്ടുകളെക്കുറിച്ചുള്ള പഠനവും അന്വേഷണവും പരിശീലന പരിപാടികളും ഇപ്പോഴും തുടരുന്നു.
പൊതുരംഗത്തും സജീവമായ മനോജ് പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറിയും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗവും കുലശേഖരപുരം എൻ.എസ് ലൈബ്രറി വൈസ് പ്രസിഡന്റുമാണ്. ദീപ്തിയാണ് ഭാര്യ.
അനിൽകുമാറിലൂടെ സീതകളിക്ക് പെരുമ
അഞ്ചാലുംമൂട്: പെരിനാടിന്റെ തനത് കലാരൂപമായ സീതകളിയുടെ പ്രധാന കലാകാരനായ അനിൽകുമാറിന് ഫോക്ലോർ അക്കാദമിയുടെ അവാർഡ് ആദരം. സീതകളിയിൽ മുപ്പതുവർഷമായി വിവിധ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചുവരുന്നു. കുട്ടിക്കാലം മുതൽ സീതകളിയുടെ ഭാഗമായിരുന്ന ഈ കലാകാരൻ 2017ൽ പുനരാവിഷ്കരിച്ചപ്പോൾ മുതൽ സീതകളിയിലെ എല്ലാ മേഖലകളിലും നിറസാന്നിധ്യമാണ്.
പെരിനാട് വെള്ളിമൺ സർക്കാർ യു.പി സ്കൂളിലെ പ്രഥമാധ്യാപകനായ അനിൽകുമാർ നാടകത്തിലും മികവ് തെളിച്ചിട്ടുണ്ട്. കുട്ടികളെ നാടകം പരിശീലിപ്പിക്കുന്നുണ്ട്. സീതകളിയിൽ ദശരഥൻ, മാരീചൻ, സുഗ്രീവൻ, ബാലി, കുതിരക്കാരൻ, വള്ളക്കാരൻ, നാരദൻ എന്നീ വേഷങ്ങളിലാണ് അനിൽകുമാർ അരങ്ങിലെത്തുന്നത്.
മക്കളിലേക്കും കലാപരമായ കഴിവ് പകർന്ന് നൽകിട്ടുണ്ട്. സീതകളിയിൽ ലവൻ വേഷം രണ്ടുവർഷം മുമ്പ് വരെ കെട്ടിയിരുന്നത് അനിൽ കുമാറിന്റെ മകളായ പത്മയാണ്. പ്ലസ്ടുവിന് പഠിക്കുന്ന മകനും കോഓപറേറ്റിവ് ബാങ്ക് ജീവനക്കാരിയായ ഭാര്യ രജനിയും ചെമ്മക്കാട് സ്വദേശിയായ അനിൽകുമാറിന് പ്രോത്സാഹനമായി കൂടെയുണ്ട്.
കളമെഴുത്തുംപാട്ടിലൂടെ ബാബുലാൽ
ശാസ്താംകോട്ട: കളമെഴുത്തുംപാട്ടിൽ ഫോക്ലോർ അവാർഡ് നേട്ടത്തിന്റെ നെറുകയിൽ ശൂരനാട് വടക്ക് നടുവിലേമുറി മടശ്ശേരിൽ ബാബുലാൽ. മുപ്പത് വർഷത്തിലധികമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ബാബുലാൽ ശൂരനാട് ശിവശങ്കരപ്പണിക്കരിൽ നിന്നാണ് കളമെഴുത്തും പാട്ടും അഭ്യസിച്ചത്. ഇതുകൂടാതെ സോപാനസംഗീത കലാകാരനും ഗാനരചയിതാവും ഗായകനും അഭിനേതാവും ഒക്കെയാണ്.
നൂറിൽപരം സോപാന കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. സിനിമ-ഭക്തിഗാനങ്ങൾ അടക്കം രണ്ടായിരത്തോളം ഗാനങ്ങൾ രചിക്കുകയും സിനിമയിൽ അടക്കം സംഗീത സംവിധാനം നിർവഹിക്കുകയും ആലാപിക്കുകയും ചെയ്തിട്ടുണ്ട്. സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലുമാണ്.
ഗുരുനാഥന്റെ മകൻ ഹരികുമാറുമായി ചേർന്ന് നൂറുകണക്കിന് വേദികളിൽ ഇതിനകം കളമെഴുത്തുംപാട്ടും കൂടാതെ സോപാനസംഗീതവും അവതരിപ്പിച്ചിട്ടുണ്ട്. വിശേഷാവസരങ്ങളിൽ ക്ഷേത്രത്തിൽ നടത്തുന്ന ക്രിയ പഞ്ചവാദ്യവും അവതരിപ്പിച്ചുവരുന്നു. ബാബുലാൽ രചിച്ച് സംഗീതം നൽകിയ സംഘഗാനം, ദേശഭക്തി ഗാനം തുടങ്ങിയവ സബ് ജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. ബിന്ദുവാണ് ഭാര്യ. വിദ്യാർഥികളായ അനഘയും അനുജയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.