സുരേഷിൽനിന്ന് ഡാവിഞ്ചിയിലേക്ക്
text_fieldsരണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിമൺ ശിൽപ നിർമാണ മത്സരത്തിൽ ലഭിച്ച പെൻസിലാണ് സുരേഷിന്റെ കലാജീവിതത്തിന് പ്രചോദനമായത്. സ്കൂൾ കാലഘട്ടത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ സുരേഷ് പിന്നീട് ലോകം അറിയപ്പെടുന്ന കലാകാരനായി വളരുകയായിരുന്നു.
ജ്യേഷ്ഠൻമാരായ ഉണ്ണികൃഷ്ണനും സന്തോഷും ജോലി ചെയ്തിരുന്ന പരസ്യ സ്ഥാപനമായ ഡാവിഞ്ചിയിൽ നിന്നാണ് സുരേഷും ചിത്രകലയുടെ കൂടുതൽ പാഠങ്ങൾ പഠിച്ചെടുത്തത്. അങ്ങിനെയാണ് ലിയനാഡോ ഡാവിഞ്ചിയുടെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിചേർത്തത്. കഠിനാധ്വാനിയായ സുരേഷ് ആദ്യ രണ്ട് പതിറ്റാണ്ട് ശിൽപ നിർമാണ ലോകത്തായിരുന്നു.
കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും ചലിക്കുന്ന വലിയ ശിൽപങ്ങൾ നിർമിച്ച് പ്രശസ്തനായി. ചിത്രകലയിലും അദ്ദേഹം വൈവിധ്യം കണ്ടെത്തി. 100ൽ പരം മാധ്യമങ്ങൾ ഉപയോഗിച്ച് 100 ചിത്രം വരച്ചത് ഈ വ്യത്യസ്ത കാഴ്ചപ്പാടിന് ഒരു ഉദാഹരണം മാത്രമാണ്.
പെൻസിൽ, എണ്ണച്ചായം, ജലച്ചായം, തീ, മെഴുകുതിരിയുടെ പുക എന്നിവയെല്ലാം വരയുടെ മാധ്യമങ്ങളായി വന്നു. നിരവധി പുരസ്കാരങ്ങളും സുരേഷിനെ തേടി എത്തിയിരുന്നു. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാനും സുരേഷിന്റെ കലാവിരുത് ഉപയോഗപ്പെടുത്താറുണ്ട്. അ
ട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായ മധുവിന്റെ ശിൽപം നിർമിച്ചും മുല്ലപ്പെരിയാർ വിഷയത്തിൽ മണൽ ശിൽപം നിർമിച്ചും സുരേഷ് ശ്രദ്ധേയനായി. പ്രളയ കാലത്തെ ദുരിതവും അതിജീവന കഥയും രക്ഷാപ്രവർത്തനവുമെല്ലാം ചേർത്ത ശിൽപം നിയമസഭ മ്യൂസിയത്തിലുണട്. കോവിഡിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി അഴിക്കോട് ബീച്ചിൽ ശിൽപം തയാറാക്കി.
എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി പ്രവാസ ലോകത്തും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് സുരേഷ്.
സസ്നേഹം യു.എ.ഇക്ക്...
വിത്തുകളാൽ തീർത്ത മഹാത്മ ഗാന്ധി, കടൽ ഷെല്ലുകൾ കൊണ്ട് എം.എസ്. ധോനി, മൊബൈൽ ഫോണുകൾ കൊണ്ട് മമ്മൂട്ടി, അടുക്കള ഉപകരണങ്ങളിൽ നിന്ന് മോഹൻലാൽ, മാളിലെ സാധനങ്ങൾ ഉപയോഗിച്ച് എം.എ. യൂസുഫലി, മുള്ളാണിയാൽ ഫഹദ് ഫാസിൽ, ഫുട്ബാളും ജഴ്സിയും കൊണ്ട് ലയണൽ മെസ്സി, പപ്പായയിൽ ശശി കലിംഗ, പുസ്തകങ്ങളുപയോഗിച്ച് സ്വാതന്ത്ര്യ സമര സേനാനി അബ്ദുറഹ്മാൻ സാഹിബ്, ഉരുളൻ കല്ലിൽ നിന്ന് പൃഥ്വിരാജ്, സ്വർണാഭരണം കൊണ്ട് എ.പി.ജെ. അബ്ദുൽ കലാം,മാസ്കുകൾ ഉപയാഗിച്ച് അമിതാഭ് ബച്ചൻ... ഡാവിഞ്ചി സുരേഷ് എന്ന പ്രതിഭാസം വ്യത്യസ്താനകുന്നത് ഇങ്ങനെയൊക്കെയാണ്.
കലയുടെ ലോകത്ത് വ്യത്യസ്തമായി എന്തൊക്കെ ചെയ്യാമെന്ന് തലപുകഞ്ഞ് ആലോചിച്ച് നടപ്പാക്കുകയാണ് ഈ കൊടുങ്ങല്ലൂരുകാരൻ. പ്രകൃതിയിലെ സർവചരാചരത്തിലും തന്റെ കൈയൊപ്പു ചാർത്താൻ സുരേഷ് ശ്രമിക്കുന്നുണ്ട്. കേരളത്തിലെ പരീക്ഷണ കലകൾ പ്രവാസമണ്ണിലേക്കും പറിച്ചു നടാനൊരുങ്ങുകയാണ് ഡാവിഞ്ചി സുരേഷ്. മാസങ്ങളായി ദുബൈയിൽ തങ്ങുന്ന സുരേഷ് ഗൾഫിലും വിസ്മയമൊരുക്കുയാണ്.
ലൗ ദുബൈ
ദുബൈയുടെ സൗന്ദര്യം ഇതിനകം പല കാൻവാസിലും സുരേഷ് പകർത്തിക്കഴിഞ്ഞു. ഉയരങ്ങളിൽ അത്ഭുതം സൃഷ്ടിക്കുന്ന യു.എ.ഇയിലെ പ്രധാന കെട്ടിടങ്ങൾ ഉപയോഗിച്ച് ‘ലൗ ദുബൈ’ എന്ന് എഴുതിയത് ഈ നഗരത്തിനോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ്. ഒറ്റനോട്ടത്തിൽ തോന്നും കുറേ കെട്ടിടങ്ങൾ നിരന്നു നിൽക്കുന്നതാണെന്ന്. എന്നാൽ, സൂക്ഷിച്ച് നോക്കിയാൽ ഇതിനുള്ളിൽ ദുബൈയോടുള്ള പ്രണയം കാണാം. ഇത് ദുബൈ ബിൽഡിങ് സീരീസ് എന്ന പേരിൽ ചിത്രങ്ങളുടെ പരമ്പരയായി പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. ഈ സീരിസിലെ അവസാന ചിത്രങ്ങളുടെ മിനുക്കു പണിയിലാണ് സുരേഷ്. യു.എ.ഇയുടെ ചരിത്രത്തിലൂടെയും
വാസ്തു വിദ്യാ വിസ്മയങ്ങളിലൂടെയുമുള്ള യാത്രയാണ് ദുബൈ ബിൽഡിങ് സീരീസിലെ മൂന്നാമത്തെ ചിത്രമായ ‘യു.എ.ഇ ഓൺ വീൽസ്’. ഇന്നത്തെ ദുബൈ നഗരത്തിന്റെ അംബര ചുംബികളായ കെട്ടിട ദൃശ്യഭംഗി മണലാരണ്യത്തിൽ തീർത്തെടുത്ത യാത്രാ ചിഹ്നങ്ങലിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയാണ് താനെന്ന് സുരേഷ് പറയുന്നു. കടൽ യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന പായ്കപ്പൽ മുതൽ മരുഭൂമിയിലെ സഫാരി വണ്ടി വരെ നീളുന്ന ചരിത്ര യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
ഈ സീരീസിലെ മറ്റൊരു ചിത്രമാണ് ‘ഡ്രീംസ് ഓഫ് ഫാൽക്കൺ’. യു.എ.ഇയുടെ ദേശീയത അടയാളപ്പെടുത്തുന്ന ഫാൽക്കൺ പക്ഷി ദുബൈയിലെ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ ഇരിക്കുന്ന ചിത്രമാണിത്. ദുബൈയിലെ സുന്ദരമായ കെട്ടിടങ്ങൾ വർണ മനോഹരങ്ങളായ വലിയ വൃക്ഷങ്ങളായിരുന്നെങ്കിൽ എന്ന ആശയമാണ് ഫാൽക്കണിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് സുരേഷ് പറയുന്നു.
ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റ് അവന്യൂ മാളിനോട് ചേർന്ന M 2L മാർക്കറ്റ് ആർട്ട് ലാബിലെത്തിയാൽ ഈ ചിത്രങ്ങൾ കാണാം. ztartup.comന്റെ സഹായത്തോടെ നടക്കുന്ന ഈ പ്രദർശനം ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുണ്ടാകും. ചിത്രങ്ങളും ശില്പങ്ങളും അടക്കം പത്തോളം സൃഷ്ടികൾ ഇവിടെ പ്രദർശനത്തിനുണ്ട്. ഈ ആർട്ട് ഗാലറി രണ്ട് മാസം വരെ ഇവിടെയുണ്ടാകും. ഇവിടെയിരുന്നാണ് സുരേഷ് പുതിയ ചിത്രങ്ങൾ വരച്ച് തീർക്കുന്നത്.
ദുബൈവയിൽ വിവിധ ഇൻസ്റ്റലേഷൻ വർക്കുകൾ ചെയ്യണമെന്നാണ് സുരേഷിന്റെ ആഗ്രഹം. ലോകകപ്പിന്റെ സമയത്ത് ലയണൽ മെസ്സിയുടെ കാരിക്കേച്ചർ പ്രതിമ നിർമിച്ചിരുന്നു. ഫൈനലിന് രണ്ട് ദിവസം മുൻപ് തന്നെ ലോകകപ്പിന്റെ രൂപത്തിൽ മെസ്സിയെ സൃഷ്ടിച്ചെടുത്തിരുന്നു. രണ്ട് അടി വലിപ്പത്തിൽ തെർമോകോളിൽ സൃഷ്ടിച്ച മെസ്സിയുടെ താഴ്ഭാഗം ലോകകപ്പിന്റെ സ്റ്റാൻഡാണ്. യു.എ.ഇയിലെ മെസ്സി ഫാൻസിന് വേണ്ടിയാണ് ഇത് ഒരുക്കിയത്. ദുബൈയിലെ പ്രശസ്തമായ വേൾഡ് ആർട്ടിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് സുരേഷ്. ഫുജൈറയിൽ 14 രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന മാർബിൾ ഉപയോഗിച്ച് ഫുജൈറ ഭരണാധികാരിയുടെ രൂപം തീർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.