പോരാട്ടകഥകളാണ് ഗാന്ധി സ്മൃതി മ്യൂസിയത്തിൽ
text_fieldsകണ്ണൂർ: മഹാത്മ ഗാന്ധിയുടെ ഓർമകൾക്കൊപ്പം ദേശീയ പ്രസ്ഥാനത്തിൽ പയ്യന്നൂരിന്റെ ചരിത്ര പ്രാധാന്യവും പറഞ്ഞുതരുകയാണ് പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷനാണ് സമരപോരാട്ടങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ആദ്യത്തെ സർക്കാർ മ്യൂസിയംകൂടിയാണിത്.
പുരാവസ്തു വകുപ്പാണ് മ്യൂസിയം സജ്ജീകരിച്ചത്. വിവിധ സെല്ലുകളിലായി ഗാന്ധിജി കേരളത്തിൽ എത്തിയതിന്റെ നാൾവഴികൾ, പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹം, ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം തുടങ്ങിയവയുടെ സചിത്ര വിവരണങ്ങൾ ഇവിടെ കാണാം. ഗാന്ധി പ്രതിമകൾ, അപൂർവ ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, ഗാന്ധിയെക്കുറിച്ചുള്ള പ്രമുഖരുടെ വാക്കുകൾ തുടങ്ങിയവയും വേറിട്ട രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രൊജക്ടർ ഉൾപ്പെടെയുള്ള സ്റ്റുഡിയോയും എൽ.ഇ.ഡി സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ്.
മലബാറിലെ കർഷക പോരാട്ടങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന്, കോറോം സമരങ്ങളുടെ വിവരണങ്ങൾ, പഴയകാല ഉപകരണങ്ങൾ തുടങ്ങിയവയുമുണ്ട്. ഗാന്ധിജിയുടെ സന്ദർശനം പയ്യന്നൂരിലുണ്ടാക്കിയ മാറ്റവും മലബാറിലുണ്ടായ കർഷക, സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ യഥാർഥ ചരിത്രവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയാണ് ഈ മ്യൂസിയം. പതിവുരീതികളിൽനിന്നു മാറി സന്ദർശകരുമായി സംവദിക്കുന്ന, കഥ പറയുന്ന മ്യൂസിയമാണ് പയ്യന്നൂരിലേത്. പഠനകേന്ദ്രങ്ങളായി മാറ്റുകയാണ് ഇത്തരം തീമാറ്റിക് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്.
1910 ഇന്ത്യ യൂറോപ്യൻ മാതൃകയിൽ നിർമിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ മ്യൂസിയമാക്കാൻ 2.44 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചരിത്രപ്രാധാന്യമുള്ള രേഖകളും പുരാവസ്തുക്കളും ശേഖരിച്ചത്. സർക്കാറിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം ആണ് സജ്ജീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവഹിച്ചത്. ഒന്നേകാൽ കോടി രൂപ ചെലവിലാണ് പൊലീസ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഇത് മുതൽക്കൂട്ടാവും. തിങ്കൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.