ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ...
text_fieldsദോഹ സൂഖ് വാഖിഫിലെ തിരക്കേറിയ തെരുവിനിടയിലാണ് ഏറെ ആകർഷകമായ ആർട്ട് സെന്റർ. ഖത്തറിലെ സ്വദേശികളും പ്രവാസികളുമായ പലദേശക്കാരായ കലാകാരന്മാരുടെ കേന്ദ്രമായ സൂഖ് വാഖിഫ് ആർട് സെന്റർ ഇപ്പോൾ വ്യത്യസ്തമായൊരു ചിത്ര പ്രദർശനത്തിലൂടെയാണ് സന്ദർശകരെ ആകർഷിക്കുന്നത്. ‘ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ’ എന്ന് പേരിൽ രണ്ടു ദിവസം മുമ്പ് ആരംഭിച്ച പ്രദർശനം ആ പേര് പോലെ കാഴ്ചക്കാരനുമായി രൂക്ഷമായി സംവദിക്കുന്നു.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ അധിനിവേശ സേന ആകാശത്തും കരയിലുമായി തുടരുന്ന നിഷ്ഠുര ആക്രമണങ്ങളുടെ എല്ലാ ഭീകരതയും ചെറുത്തു നിൽപുമെല്ലാം പെയിന്റിങ്ങുകളിലൂടെ കുറിച്ച ഒരുകൂട്ടം കലാകാരന്മാരുടെ പ്രതിഷേധമുണ്ടിവിടെ. ഗസ്സയിലെ ഓരോ കണ്ണീർ ചാലുകളും സൂക്ഷ്മമായി ഒപ്പിയെടുത്ത് അവർ കാൻവാസിലേക്ക് പകർത്തുമ്പോൾ കാഴ്ചക്കാരനുമായി കൃത്യമായ രാഷ്ട്രീയ സംവാദം സൃഷ്ടിക്കുന്നു.
സൂഖ് വാഖിഫ് ആർട്ട് സെന്ററിൽ നിന്നുള്ള 28ഓളം കലാകാരന്മാരുടെ തിരഞ്ഞെടുത്ത രചനകളാണ് ഗസ്സക്കും ഫലസ്തീൻ മക്കൾക്കുമുള്ള ഐക്യദാർഢ്യമായി ഇവിടെ പ്രദർശിപ്പിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയും ഖത്തറിലെ കാലകാരന്മാർക്കിടയിൽ ശ്രദ്ധേയനുമായ രജീഷ് കുമാർ മുതൽ വിവിധ രാജ്യക്കാരായ വലിയൊരു സംഘമാണ് തങ്ങളുടെ സർഗസൃഷ്ടിയിലൂടെ ഗസ്സയെ ഒപ്പിയെടുക്കുന്നത്.
കരയിലും ആകാശത്തുനിന്നുമായി ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളിൽ എല്ലാം നഷ്ടമായ ഗസ്സയുടെ സ്വസ്ഥമായൊരു ഭാവിയെയാണ് സർറിയലിസ്റ്റിക് രീതിയിലെ തന്റെ രചനയിൽ രജീഷ് കുമാർ വരച്ചിടുന്നത്. മരണം വിതക്കുന്ന ദുരിതകാർമേഘങ്ങൾ മാഞ്ഞ് ഫലസ്തീന്റെ കഫിയ്യയും ചതുർവർണങ്ങളിലെ ദേശീയ പതാകകളും പാറിക്കളിക്കുന്ന കുട്ടികളും മുതിർന്നവരും ജീവിതം ആസ്വദിക്കുന്ന സാമാധാനത്തിന്റെ വെള്ളരി പ്രാവുകൾ പറന്നുയരുന്ന നല്ലൊരു ഫലസ്തീൻ പുലരുമെന്ന് കലാകാരൻ പറഞ്ഞുവെക്കുന്നു.
ഈജിപ്ഷ്യൻ ചിത്രകാരിയായ വഫ എൽസിബാഇയുടെ രചന ഗസ്സയിലെ യുദ്ധമുഖത്ത് പോരാട്ടവീര്യത്തിന്റെ പ്രതീകമായ അൽ ജസീറ മാധ്യമ പ്രവർത്തകൻ വാഇൽ ദൗഹുദിന്റെ ചിത്രമാണ്. ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബം നഷ്ടമായിട്ടും തളരാത്ത വീര്യവുമായി പരിക്കേറ്റ കൈകളുമായി വീണ്ടും തന്റെ കാമറക്കു മുന്നിലെത്തി ഗസ്സയുടെ ചിത്രം ലോകത്തിന് പകരുന്ന വാഇലിനെയാണ് ഇവർ വരച്ചിട്ടത്.
അധിനിവേശ സേനയുടെ ടാങ്കറുകൾക്ക് മുന്നിലൂടെ പായുന്ന പെൺകുട്ടിയും, ബോംബിങ്ങിൽ തീഗോളമായി മാറുന്ന തെരുവിൽ, പ്രതീക്ഷയുടെ കഫിയ്യയണിഞ്ഞ് നൃത്തം ചെയ്യുന്ന ഫലസ്തീൻ ബാല്യവും, മസ്ജിദുൽ അഖ്സയുടെ പശ്ചാത്തലത്തിൽ കറുപ്പും വെളുപ്പും പച്ചയും ചുവപ്പും നിറത്തിലെ ദേശീയ പതാക ഉയർത്തുന്ന യുവാക്കളും, യുദ്ധം തകർന്ന വീടുകൾക്കും കെട്ടിടങ്ങൾക്കുമിടയിൽ തങ്ങളുടെ കളിപ്പാവയെ മാറോട് ചേർത്തു നിൽക്കുന്ന പെൺകുട്ടിയുമെല്ലാം സമകാലിക ഗസ്സയുടെ നേർചിത്രങ്ങളാണ്.
ശത്രുകൾ എത്ര തന്നെ തകർത്തെറിയാൻ ശ്രമിച്ചാലും, ഒരു നാൾ ഫലസ്തീന്റെ വിജയവും തിരിച്ചുവരുമുണ്ടാകുമെന്ന പ്രതീക്ഷകൾ പകരുന്നതാണ് ‘ഗസ്സ ഇൻ അവർ ഐസ്’ പ്രദർശനം.
വെളിച്ചവും നിഴലും സമ്മേളിക്കുന്ന ഇൻസ്റ്റലേഷൻ കാഴ്ചയിലൂടെ മസ്ജിദുൽ അഖ്സയെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുന്ന തായ്‍ലൻഡിൽ നിന്നുള്ള കലാകാരൻ സിൻചാൽ സോൻപുതിന്റെ സൃഷ്ടിയും സന്ദർശകരെ ആകർഷിക്കുന്നു. ഗസ്സയിൽ നിന്നുള്ള ദൃശ്യങ്ങൾ തങ്ങളുടെ കലാകാരന്മാർ അവരുടെ കണ്ണിലൂടെ കാൻവാസിലേക്ക് പകർത്തുകയാണെന്ന് സൂഖ് വാഖിഫ് ആർട് സെന്റർ മാനേജർ റൗദ അൽ മൻസൂരി പറയുന്നു.
ബുധനാഴ്ച തുടക്കം കുറിച്ച സൂഖ് ആർട്ട് സെന്ററിലെ പ്രദർശനങ്ങൾ പകലിലും വൈകുന്നേരങ്ങളിലുമായി നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്. സൂഖിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഗസ്സയുടെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് ഫലസ്തീന്റെ വേദനയിൽ ഐക്യദാർഢ്യപ്പെടുന്നതും കാണാം.
ഈ തുകയും ഗസ്സയിലേക്ക്
മൂന്ന് ആഴ്ചയോളമെടുത്ത് കലാകാരന്മാർ പൂർത്തിയാക്കിയ പെയിന്റിങ്ങുകളാണ് പ്രദർശനത്തിനുള്ളത്. ശ്രദ്ധേയമായ ഈ സൃഷ്ടികൾ വാങ്ങാൻ കാഴ്ചക്കാർക്കും അവസരമുണ്ട്.
ഈ തുകയാകട്ടെ ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾക്കായാണ് സംഘാടകർ നീക്കിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.