അക്ഷരങ്ങളുടെ സുൽത്താനും കഥാപാത്രങ്ങൾക്കും വരയിലൂടെ ജീവനേകി; ബഷീർ ദിനത്തെ വരവേൽക്കാനൊരുങ്ങി സുരേഷ് കാട്ടിലങ്ങാടി
text_fieldsതാനൂർ: മലയാള സാഹിത്യലോകത്തെ അക്ഷരങ്ങളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും ഓരോ ബഷീർ കഥാപാത്രങ്ങളുടെയും സവിശേഷതകളും സമഗ്രമായി തന്നെ വരയിലൂടെ ആവിഷ്കരിച്ച് ബഷീർ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
സാധാരണക്കാരന്റെ ഭാഷയിൽ വിശപ്പിന്റെയും കഷ്ടപ്പാടിന്റെയും നൊമ്പരങ്ങളുടെയും കഥ പറഞ്ഞ് വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രചനകൾ നടത്തിയ ബേപ്പൂർ സുൽത്താന്റെ ജീവിതത്തെ വരയിലൂടെ കലാപരമായ രീതിയിലാണ് സുരേഷ് ആവിഷ്കരിക്കുന്നത്. കടലാസിൽ നടത്തുന്ന രചനയുടെ അവസാന മിനുക്കു പണികൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പൂർത്തീകരിച്ച് പി.ഡി.എഫ് രൂപത്തിലാക്കുകയെന്നതാണ് സുരേഷ് മാഷിന്റെ രീതി.
ബഷീറിന്റെ ജന്മദിനമായ ജൂലൈ അഞ്ചിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ചിത്രങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും വരികളിലൂടെയും വേറിട്ട രീതിയിൽ അവതരിപ്പിക്കുകയെന്ന ആശയവുമായി സുരേഷ് മാഷ് മുന്നോട്ടുവരുന്നത്.
സുൽത്താന്റെ പ്രധാന കഥാപാത്രങ്ങളായ പാത്തുമ്മ, ആനവാരി രാമൻ നായർ, മജീദ്, മുത്തപ്പ, സുബൈദ, സുഹറ, സാറാമ്മ തുടങ്ങിയവർക്ക് രേഖാചിത്രങ്ങളിലൂടെ രൂപകൽപന നൽകിയും അവരുടെ സ്വഭാവ പ്രത്യേകതകൾ വിവരിച്ചു കൊണ്ടുള്ള കുറിപ്പുകൾ തയാറാക്കിയുമുള്ള സൃഷ്ടി കൂടാതെ രചനകളിലൂടെയും അല്ലാതെയും ബഷീർ പറഞ്ഞ ശ്രദ്ധേയമായ വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒന്നും കലാകാരന്മാർ ചെയ്ത ബഷീറിന്റെ വ്യത്യസ്ത ചിത്രങ്ങളുടെ ക്രോഡീകരണം ഉൾപ്പെടുത്തിയുള്ള മറ്റൊന്നും ബഷീർ ദിനത്തിലേക്കായി സുരേഷ് കാട്ടിലങ്ങാടി ഒരുക്കിയവയിൽ ഉൾപ്പെടും.
ഇതെല്ലാം കൂട്ടിച്ചേർത്ത് തയാറാക്കിയ വിഡിയോയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം വിവരിക്കപ്പെടുന്നത് വ്യത്യസ്തമായ ലേ ഔട്ടും അക്ഷരങ്ങളും ചേർന്ന പോസ്റ്ററുകളോടൊപ്പമാണ് എന്നതും ഇതിന്റെയൊരാകർഷമാണ്.
മുൻകൂട്ടി ചെയ്തു തീർത്ത ഈ പ്രവർത്തനങ്ങൾ പി.ഡി.എഫ് രൂപത്തിലാക്കിയത് നവമാധ്യമങ്ങളിൽ പ്രത്യേകിച്ച് വിദ്യാലയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത് ഇതിനകം തന്നെ പ്രചാരം നേടിക്കഴിഞ്ഞു. എല്ലാ ദിനാചരണങ്ങൾക്കും തന്റേതായ ശൈലിയിൽ ചിത്രങ്ങളും കുറിപ്പുകളുമുൾപ്പെടുത്തിയ പോസ്റ്ററുകൾ തയാറാക്കാറുള്ള സുരേഷ് കാട്ടിലങ്ങാടിയെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾക്കുവേണ്ടി ചിത്ര രചന നടത്താനും തെരഞ്ഞെടുത്തിരുന്നു. ഗുരുശ്രേഷ്ഠ, ശ്രേഷ്ഠാചാര്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.