സുബ്രഹ്മണ്യൻ മൂപ്പരുടെ കരവിരുത്; കൃഷ്ണശിലയിൽ വിരിയുന്നത് മൂർത്തരൂപങ്ങൾ
text_fieldsഒറ്റപ്പാലം: ഉപജീവന വഴിയിൽ കരിങ്കല്ലിൽ മൂർത്ത രൂപങ്ങൾക്ക് ജന്മം നൽകുകയാണ് സുബ്രഹ്മണ്യൻ മൂപ്പർ എന്ന 64കാരൻ. ഭാവനയിൽ വിരിയുന്ന ഏത് രൂപവും കരിങ്കൽ ശിൽപങ്ങളായി മാറ്റുന്ന മാന്ത്രികവിദ്യ ആരെയും വിസ്മയിപ്പിക്കും. പാലക്കാട്-കുളപ്പുള്ളി പാതയിൽ പാലപ്പുറം എൻ.എസ്.എസ് കോളജ് പരിസരത്തായി പാതയോരത്തെ ഇദ്ദേഹത്തിന്റെ പണിശാലയിൽനിന്ന് ആട്ടുകല്ലു മുതൽ ദേവരൂപങ്ങൾ വരെ നീളുന്ന നിരവധി ഉൽപ്പന്നങ്ങൾ വിവിധ പ്രദേശങ്ങളിലെത്തിക്കഴിഞ്ഞു. ശിൽപനിർമാണത്തിന് ഉത്തമം കൃഷ്ണശിലയെന്ന് സുബ്രഹ്മണ്യൻ മൂപ്പർ പറയും.
മായന്നൂർ, പൈങ്കുളം, ഷൊർണൂർ, കുളപ്പുള്ളി പ്രദേശങ്ങളിൽ നിന്നാണ് ഇവ എത്തിക്കുന്നത്. വാണിയംകുളം മുതൽ കിഴക്ക് ഒറ്റപ്പാലം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ കരിങ്കല്ല് ശിൽപ നിർമാണത്തിന് അനുയോജ്യമല്ല. ആധുനികകാലത്തും അമ്മി, ആട്ടുകല്ല് എന്നിവക്ക് ആവശ്യക്കാരുള്ളതായി സുബ്രഹ്മണ്യൻ മൂപ്പർ പറയുന്നു. ഖബറടക്കം നടന്ന സ്ഥാനം നിർണയിക്കാൻ സ്ഥാപിക്കുന്ന മീസാൻ കല്ലിനും ആവശ്യക്കാരേറെയുണ്ട്. പലരും പല മാതൃകകൾ പറയും. അതിനനുസരിച്ച് മീസാൻ കല്ല് നിർമിച്ചുനൽകും.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും വിഗ്രഹങ്ങൾ ആവശ്യപ്പെട്ട് ആളുകൾ എത്താറുണ്ട്. കൽവിളക്ക്, ഫണമുയർത്തി നിൽക്കുന്ന സർപ്പം, തൂണ്, കട്ടിള, സോപാനം എന്നിവയും കൃഷ്ണശിലയിലാണ് കൊത്തിയുണ്ടാക്കുന്നത്. വലിയ വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്നതിന് ഒരു മാസത്തിലേറെ സമയമെടുക്കും. ക്ഷേത്രങ്ങളുടെ സമ്പൂർണ നിർമാണങ്ങളും ഇദ്ദേഹത്തെ തേടി വരാറുണ്ട്. മാസങ്ങളുടെ പ്രയത്നം ഇതിന് ആവശ്യമാണ്. മാതൃകകൾ ഇല്ലാതെ മനസിൽ കാണുന്ന രൂപങ്ങളാണ് ഭൂരിഭാഗവും കൊത്തിയെടുക്കുന്നത്. വലിയ വിഗ്രഹം നിർമിക്കുന്നതിന് അര ലക്ഷത്തിലേറെ പ്രതിഫലം ഈടാക്കാറുണ്ട്.
നിർമാണത്തിൽ യന്ത്രം ഘടിപ്പിച്ച മെഷീൻ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കൈകൊണ്ടുള്ള പണികൾ ധാരാളമായി വേണ്ടിവരും. തൊഴിലില്ലാതെ ഇരിക്കേണ്ട ഒരുദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. കുറഞ്ഞപക്ഷം ശരാശരി ആയിരം രൂപയെങ്കിലും നിത്യേന തൊഴിലിൽനിന്നും ലഭിക്കുന്നുണ്ട്. എന്നിട്ടും കാര്യമായ സമ്പാദ്യമൊന്നുമില്ലെന്ന് ഇദ്ദേഹം പറയുന്നു. 39 വർഷമായി പാതയോരത്തെ പണിശാലയിലാണ് കൊത്തുപണികൾ നടത്തുന്നത്. നേരത്തെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇത്. മൂപ്പർ വിഭാഗം തിങ്ങിപ്പർക്കുന്ന മീറ്റ്നയിലെ 220 കുടുംബങ്ങളിൽ മൂന്നിലൊരുവിഭാഗം കരിങ്കൽ തൊഴിലുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്.
സുബ്രഹ്മണ്യൻ മൂപ്പരുടെ നാല് മക്കളിൽ ആൺ മക്കളായ രണ്ടുപേരും കൊത്തുപണി സ്വീകരിച്ചവരാണ്. കരിങ്കൽ തൊഴിലെടുക്കുന്നവർ എല്ലാവരും ശിൽപികൾ ആയിരിക്കണമെന്നില്ല. ഭാവനയും തൊഴിൽപരിചയവും ജന്മസിദ്ധമായ വാസനയും ആത്മവിശ്വാസവുമാണ് ശിൽപ നിർമാണത്തിന് അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.