നിറങ്ങളോടു കൂട്ടുകൂടിയ ബാല്യം; ഹഫ്സ റിയാദിന്റെ വരയുടെ ലോകം
text_fieldsനിറങ്ങളോടു കൂട്ടുകൂടിയ ബാല്യം, എന്നാൽ വളർച്ചയുടെ പടവുകളിൽ വിസ്മരിക്കപ്പെട്ടുപോയ വർണ്ണങ്ങൾ, ഛായ ചിത്രങ്ങൾ... ഹഫ്സ റിയാദിന്റെ വരയുടെ ലോകത്തിന്റെ തുടക്കം ഇങ്ങനെയൊക്കെയാണ്. ചിത്രരചനാ ക്ലാസുകൾ ഒന്നും ഔദ്യോദികമായി അഭ്യസിച്ചിട്ടില്ലെങ്കിലും അവ ഹഫ്സയുടെ ചിന്തകളിൽ വളരെ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.
മാതാപിതാക്കളും സഹോദരങ്ങളും വേണ്ടവിധത്തിൽ ഹഫ്സയിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ചെങ്കിലും പഠനവേളയിൽ അതിനു ധാരാളം പരിമിതികളുണ്ടായിരുന്നു. എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങിൽ ആർക്കിടെക്ചർ പൂർത്തിയാക്കി ഹഫ്സ ഭർത്താവിനോടൊപ്പം യു.എ.ഇയിലേക്ക് ചേക്കേറിയത് തന്നിലെ ആർട്ടിസ്റ്റിന് വളരാനുള്ള ഒരു വലിയ ഇടം കൂടി ഒരുക്കാനായിരുന്നെന്നു കൂടി വേണം പറയാൻ.
ഭർത്താവ് റിയാദിന്റെ അകമഴിഞ്ഞ പിന്തുണ ഹഫ്സയിലെ ആവേശം ഇരട്ടിയാക്കി. പതിയെ നിറങ്ങളുടെ വലിയ പശ്ചാത്തലങ്ങളിലേക്ക് ഹഫ്സ നയിക്കപ്പെട്ടു തുടങ്ങി. വാട്ടർ കളർ, ഓയിൽ കളർ എന്നിവയിൽനിന്നു അക്രിലിക് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, ഗ്ലാസ് പെയിന്റിങ് എന്നിവയിൽ കൂടുതൽ ഊന്നൽ നൽകി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലെ സൗഹൃദവും സാന്നിധ്യവും പല വേദികളിലും മുഖ്യാതിഥിയായും വിധികർത്താവായും നിർണയിക്കപ്പെടാൻ ഇവർക്ക് അവസരം ഒരുക്കി. അടുത്ത കൂട്ടുകാരി ജിഷയുടെ സഹായത്തോടെ വിവിധ ആർട്ട് എക്സിബിഷനുകളിൽ പങ്കെടുക്കാനായത് ഹഫ്സയുടെ ജീവിതത്തിൽ വഴിത്തിരിവായി.
ഈയിടക്ക് ബോട്ടിൽ- കാലിഗ്രാഫി ആർട്ട് ഹഫ്സയിലെ കലാവിരുതിനെ കൂടുതൽ മികവുറ്റതാക്കി. പ്രകൃതിയും വസന്തങ്ങളുമായിരുന്നു ഈ പെൺലോകത്തിന്റെ നിറക്കൂട്ടുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പൂവും പൂമ്പാറ്റയും മഞ്ഞും മഴയും മലഞ്ചെരുവുമെല്ലാം അവയുടെ സൃഷ്ടി ചാരുത തെല്ലും ചോരാതെ പ്രതിഫലിപ്പിക്കാൻ ഹഫ്സക്ക് സാധിച്ചു. പ്രകൃതിയിലേക്കുള്ള സൂക്ഷ്മ നിരീക്ഷണവും പ്രകൃതിയോടുള്ള പ്രണയവും മനം മടുക്കാത്ത ആത്മസമർപ്പണവുമാണ് ഹഫ്സയുടെ ഓരോ ചിത്രങ്ങളുടെയും കാതൽ.
സിവിൽ എൻജിനീയറായ ഭർത്താവ് റിയാദിനും മക്കളായ സൽമാൻ, റിഹാൻ, അമാൻ എന്നിവർക്കുമൊപ്പം അബൂദബിയിലാണ് ഇവരുടെ താമസം. വരകളിലെന്നപോലെ ജീവിതയാത്രയിലും നിറവും ആകാരവും ചോർന്നു പോകാതെ നിറഞ്ഞുനിൽക്കുന്ന കാവ്യാത്മകത കെട്ടിപ്പടുക്കുകയാണ് ഹഫ്സ റിയാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.