തരാന തുന്നിച്ചേർക്കുന്നത് സന്തോഷത്തിന്റെ ഡിസൈനുകൾ
text_fieldsചിത്രത്തുന്നൽപ്പണികൾക്കൊണ്ട് വീടകം നിറയെ വ്യത്യസ്തങ്ങളായ പാറ്റേണുകൾ തീർക്കുകയാണ് തലശ്ശേരിക്കാരി തരാന. മുഷിപ്പിക്കുന്ന അടുക്കളനേരങ്ങളിൽ നിന്നും തെല്ലുമാറി സൂചിയും കട്ടിനൂലുംകൊണ്ട് തരാന മെനഞ്ഞെടുത്ത ഓരോ ക്രോഷെ ഡിസൈനുകളും മികച്ച നിലവാരം പുലർത്തുന്നവയാണ്.
തന്റെ ആദ്യത്തെ കുഞ്ഞിനുവേണ്ടി സ്വയം തയ്ച്ചുവെച്ച കുഞ്ഞുടുപ്പിന്മേൽ ഒരു ക്രോഷെ തുന്നിച്ചേർക്കാൻ തരാനയുടെ സഹോദരി നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് വഴിത്തിരിവായത്. ക്രോഷെ ഡിസൈനിങ്ങിൽ ചെറിയൊരു ധാരണ പോലും ഇല്ലാതിരുന്ന തരാന യൂട്യൂബിന്റെ സഹായത്തോടെ തന്റെ പാക്കിസ്ഥാനി അയൽക്കാരി സമ്മാനിച്ച ക്രോഷെ ഹുക്കിൽ പരിശീലനം ആരംഭിച്ചു. പിന്നീട് ക്രോഷെ നൂലുകൾ ലഭ്യമാകുന്ന വഴികളെല്ലാം തരാന അന്വേഷിച്ചു തുടങ്ങി. തുടങ്ങിവെച്ചതിൽ പിന്നെ തരാന ഒരിക്കലും ക്രോഷെയെ കൈവിട്ടില്ല.
തയ്യലി നിന്നുപോലും അകന്ന് മനം നിറയെ ക്രോഷെ പ്രണയവുമായി തരാന പ്രയാണം തുടങ്ങി. എന്നാൽ, ഒരു ബിസിനസ് സംരംഭമായി ക്രോഷെ ക്രിയേറ്റിവിറ്റിയെ കൊണ്ടുപോകുന്നതിനു പകരം ഉപയോഗപ്രദമായ ഒരുപാട് മുഹൂർത്തങ്ങൾ സൃഷ്ടിക്കുകയാണ് തരാന. മനോഹരങ്ങളായ ബ്ലാങ്കറ്റുകൾ, ടേബിൾ മാറ്റുകൾ, കീ ചെയിനുകൾ, ബേബി നീഡ്സ്, വസ്ത്രങ്ങൾ, മിനിയേച്ചറുകൾ തുടങ്ങി എണ്ണമറ്റ ഡിസൈനുകൾ ഇതിനോടകം ഈ വീട്ടമ്മ നിർമ്മിച്ചു കഴിഞ്ഞു. വിവിധ നിറങ്ങളിൽ ഗുണനിലവാരമുള്ള നൂലുകളാണ് തരാനയുടെ നിർമ്മാണത്തിന്റെ ശ്രേഷ്ഠത. തന്റെ റാവിലെറിയിലെ പാറ്റേണുകൾക്ക് യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം കസ്റ്റമേഴ്സ് തരാനക്കുണ്ട്.
കൂട്ടുകാർക്കും കുടുംബങ്ങൾക്കും ഇടയിൽ വിവിധ ഒക്കേഷനുകളിൽ തരാന സമ്മാനിക്കുന്നത് സ്വന്തം കരവിരുത് തന്നെയാണ്. പാഷനോ തീവ്രമായ ആഗ്രഹമോ അല്ലാതിരുന്നിട്ടും ക്രോഷെ തരാനയിൽ ഒളിപ്പിച്ചുവെച്ചത് ആത്മസമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വർണ്ണ വിസ്മയങ്ങളാണ്. കുടുംബവും ക്രോഷെയും തരാനക്ക് രണ്ട് ഇടങ്ങളല്ല. മറിച്ച് ഒന്ന് മറ്റൊന്നിൽ നിന്നും അടർത്തിമാറ്റാനാവാത്ത വിധം ചേർന്ന് കിടക്കുന്നവയാണ്. ഭർത്താവ് ഷാനിദ് അമീനും മക്കളായ ദാന, സിദാൻ, ഇസാൻ എന്നിവർക്കുമൊപ്പം അബൂദബിയിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.