ഗൃഹാതുരതക്ക് നിറച്ചാർത്തായി ഹരീഷിന്റെ കാൻവാസ്
text_fieldsതൃശൂർ: നന്മ നിറയുന്ന നാട്ടുകാഴ്ചകളാണ് ഒരു പ്രവാസിയുടെ മനസ്സിലെ പച്ചത്തുരുത്ത്. അതിന് നിറങ്ങൾകൊണ്ട് ഭാഷ്യം ചമക്കുകയാണ് ഹരീഷ് തച്ചോടി. നാട്ടിടവഴികളും കായൽക്കാഴ്ചകളും അതിരുകളില്ലാത്ത പാടങ്ങളും ഊഞ്ഞാലാടിയ കുട്ടിക്കാലവുമെല്ലാം ഹരീഷിന്റെ കാൻവാസിൽ ജീവൻവെച്ചു.
പ്രവാസത്തിന്റെ ചൂടിൽ മനംകുളിർപ്പിക്കുന്ന നാട്ടോർമകളെ കാൻവാസിലേക്ക് പകർത്തിയ ഹരീഷ് തച്ചോടിയുടെ 70ഓളം ചിത്രങ്ങൾ തൃശൂർ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. അബൂദബിയിലെ അൽഐനിൽ സഫീർ എൻജിനീയറിങ് കൺസൽട്ടൻസിയിലെ ആർകിടെക്ചർ വിഷ്വലൈസറാണ് ഹരീഷ്.
25 വർഷമായി പ്രവാസം തുടങ്ങിയിട്ട്. നാടിനെക്കുറിച്ച് ഇത്രയേറെ ഓർക്കാൻ ഒരു പ്രവാസിക്കേ കഴിയൂ. അതിനാലാണ് ആ ഓർമകളെല്ലാം ചിത്രങ്ങളായതെന്ന് ഹരീഷ് പറയുന്നു. തൃശൂർ നഗരവും പരിസരങ്ങളുമെല്ലാം ഹരീഷിന്റെ ചിത്രങ്ങളിലുണ്ട്.
തൃശൂർ ഗവ. മോഡൽ ബോയ്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ചിത്രരചന പഠനത്തിനായി കേരള കലാഭവൻ സ്റ്റഡി സെന്ററിൽ ചേർന്നു. പ്രവാസിയായപ്പോഴാണ് വര കാര്യമായി തുടങ്ങിയത്. അവിടെ കുട്ടികൾക്ക് ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്. 2007 മുതൽ 18 പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഹരീഷിന്റെ പെൻസിൽ ഡ്രോയിങ്ങുകളും അതിമനോഹരങ്ങളാണ്. ജോലിക്കിടെ ഒഴിവു സമയങ്ങൾ കണ്ടെത്തിയാണ് വര. ലളിതകല അക്കാദമിയിലെ പ്രദർശനം സംഘടിപ്പിക്കാനായാണ് ജോലിയിൽനിന്ന് അവധിയെടുത്ത് നാട്ടിലെത്തിയത്. സിമിയാണ് ഭാര്യ. തമന്ന, തനിഹ, തമീറ എന്നിവരാണ് മക്കൾ. 50 ചിത്രങ്ങളും 20 ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്ന പ്രദർശനം ഈ മാസം 15 വരെ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ സൗജന്യമായി കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.