അയ്യങ്കാളിയുടെ ചരിത്ര മുഹൂർത്തങ്ങൾ മോഹിനിയാട്ട രൂപത്തിൽ അരങ്ങിലേക്ക്
text_fieldsഷൊർണൂർ: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് അധ്യായങ്ങൾ ആദ്യമായി മോഹിനിയാട്ട രൂപത്തിൽ അരങ്ങിലേക്ക്. പഞ്ചമി, വില്ലുവണ്ടി, മാറുമറക്കൽ സമരങ്ങളാണ് നൃത്തരൂപത്തിൽ വേദിയിലെത്തുന്നത്.
മോഹിനിയാട്ടവും ഭരതനാട്യവും കേരള നടനവും കഥകളിയും ഒരുപോലെ വഴങ്ങുന്ന നർത്തകി സൗമ്യ സുകുമാരനാണ് അയ്യങ്കാളി ചരിതത്തിലെ പ്രധാന ഏടുകളിലെ സംഭവങ്ങൾക്ക് നൃത്തഭാഷ്യമൊരുക്കുന്നത്. കഴിഞ്ഞവർഷം കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന് സൗമ്യയുടെ നൃത്തം അരങ്ങിലെത്തേണ്ടിയിരുന്നെങ്കിലും മതം പ്രശ്നമായതോടെ അവസാനനിമിഷം അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഈ മനോവേദനയിൽനിന്നാണ് അയ്യങ്കാളിയുടെ ചരിത്ര മുഹൂർത്തങ്ങൾ നൃത്തരൂപത്തിൽ ചിട്ടപ്പെടുത്താൻ ആഗ്രഹം മൊട്ടിട്ടതെന്ന് സൗമ്യ പറഞ്ഞു.
പൊതുവിദ്യാലയത്തിൽ അവർണർക്ക് പഠിക്കാനാകുമായിരുന്നില്ല. അയ്യങ്കാളി നാട്ടുരാജാവിൽനിന്ന് പ്രത്യേക അനുമതി വാങ്ങി പഞ്ചമി എന്ന് പേരുള്ള ഒരു പെൺകുട്ടിയെ സ്കൂളിൽ ഇരുത്തുന്നു. ഇതിനെതിരെ പ്രതികരിച്ച സവർണരായ രക്ഷിതാക്കൾ സ്കൂൾ തീയിട്ട് നശിപ്പിക്കുന്നതാണ് ‘പഞ്ചമി’യിൽ പറയുന്നത്. കർഷകർക്ക് മണ്ണിലെടുത്ത കുഴിയിൽ കഞ്ഞിവിളമ്പുന്നതിനെയും കൂലിയിലെ അനീതിക്കെതിരെയും നടത്തിയ വില്ലുവണ്ടി സമരമാണ് മറ്റൊന്ന്. മാറ് മറക്കാനുള്ള അവകാശം നേടിയെടുത്ത ചരിത്രവും അരമണിക്കൂർ നീളുന്ന നൃത്തരൂപമായി അരങ്ങിലെത്തും. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സൗമ്യ സുകുമാരൻ പറഞ്ഞു.
ആഗസ്റ്റ് 24ന് വൈകീട്ട് ആറിന് തിരുവനന്തപുരം ഭാരത് ഭവനിലാണ് പുതിയ നൃത്തരൂപം അരങ്ങേറുക. കലാമണ്ഡലം ഭരണസമിതി അംഗമായിരുന്ന നൃത്ത അധ്യാപിക കൂടിയായ കലാമണ്ഡലം കവിത കൃഷ്ണകുമാറാണ് നൃത്തരൂപം സംവിധാനം ചെയ്യുന്നത്. കലാമണ്ഡലം ഗണേശന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡോ. തൃശൂർ കൃഷ്ണകുമാറാണ്. സിന്ധു ഉണ്ണികൃഷ്ണൻ, എസ്. ആര്യ, കലാമണ്ഡലം ആതിര പ്രകാശ് എന്നിവരടക്കം പത്ത് നർത്തകിമാർ രംഗത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.