ഐഡിയയും കലയുമുണ്ടോ... സൂഖ് മിനയിലേക്ക് സ്വാഗതം
text_fieldsദോഹ: കരകൗശല വൈദഗ്ധ്യവും കലാമികവുമുള്ളവരെയും നൂതന ആശയങ്ങളുള്ള സംരംഭകരെയും ക്ഷണിച്ചുകൊണ്ട് ഖത്തറിന്റെ പൈതൃക തെരുവായ സൂഖ് അൽ മിന. പഴയ ദോഹ തുറമുഖത്തെ സൂഖ് അൽ മിനയെ കൂടുതൽ ആകർഷകവും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രവുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കരകൗശലക്കാർക്കും കലാകാരന്മാർക്കും, നൂതന ആശയങ്ങളുള്ള സംരംഭകർക്കും അധികൃതർ അവസരം നൽകുന്നത്. കിയോസ്കുകൾ വാടകക്ക് എടുത്ത് അവരുടെ കലാ മികവും, ഉൽപന്നങ്ങളും സൃഷ്ടികളും പ്രദർശിപ്പിച്ച് വിൽപന നടത്താനുള്ള സൗകര്യം ഓൾഡ് ദോഹ പോർട്ടിലെ സൂഖ് അൽ മിനയിൽ ലഭ്യമാകും.
താൽപര്യമുള്ളവർക്ക് മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. ഉൽപന്നങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയുടെ വിശദാംശങ്ങളും കിയോസ്കിന്റെ ഡിസൈനും സമർപ്പിക്കണം. ആവശ്യമെങ്കിൽ വാണിജ്യ ലൈസൻസ്, ഖത്തർ ഐഡി കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 31ന് മുമ്പ് അപേക്ഷ leasing@odp.qa ഇ മെയിൽ ഐഡി വഴി നൽകേണ്ടതാണ്. ടൂറിസ്റ്റുകൾക്കും തദ്ദേശീയ സഞ്ചാരികൾക്കും നൂതനമായ അനുഭവം പകരുന്ന സംരംഭങ്ങളാണ് പരിഗണിക്കുക.
ആഴ്ചയിൽ 500 റിയാൽ പങ്കാളിത്ത ഫീസായി ഈടാക്കുമെന്ന് ‘ഒാൾഡ് ദോഹ പോർട്’ ഇൻസ്റ്റഗ്രാം പേജ് വഴി നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ദോഹയിലെ ശ്രദ്ധേയ ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ പ്രശസ്തി നേടുന്ന ഇടമാണ് സൂഖ് അൽമിന. പഴയ നഗരത്തിന്റെ പ്രതാപവും, കെട്ടിടങ്ങളും തെരുവുമായി ആകർഷിക്കപ്പെടുന്ന കേന്ദ്രത്തിലേക്ക് നിരവധി പേരാണ് ദിനേനെ എത്തുന്നത്. വിവിധ ജലകായിക മത്സരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം വേദിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.