Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകലയുടെ നീന ഭാഷ്യങ്ങൾ

കലയുടെ നീന ഭാഷ്യങ്ങൾ

text_fields
bookmark_border
കലയുടെ നീന ഭാഷ്യങ്ങൾ
cancel

ഇത്തവണത്തെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര പ്രഖ്യാപനത്തിൽ വേറിട്ടുനിന്നത് മോഹിനിയാട്ടത്തിനുള്ള അവാർഡ് നേടിയ ഡോ. നീന പ്രസാദായിരുന്നു. അതിന് പല കാരണങ്ങളുണ്ട്. നൃത്താവതരണത്തിലെ വൈഭവം മാത്രമായിരുന്നില്ല അതിനാധാരം, നടനകലയുടെ ഉള്ളറകൾ തുറന്ന ഗവേഷകക്കുള്ള അംഗീകരംകൂടിയായിരുന്നു അത്. അവ്യക്തമായ കളരി സമ്പ്രദായത്തിൽനിന്ന് കാർക്കശ്യമായ ഭാഷ്യം രൂപപ്പെടുത്തി മോഹിനിയാട്ടത്തെ പുനർനിർമിച്ചയാളാണ് ഡോ. നീന. കേരളത്തിന്റെ തനത് ലാസ്യച്ചുവടുകൾക്ക് കാലോചിതമായ പരിഷ്കാരംകൂടിയായിരുന്നു അപ്പോഴത്. പുരസ്കാരനിറവിൽ ഡോ. നീന പറയുന്നു...




നൃത്തത്തിന്റെ ഭാഷ കണ്ടെത്തുമ്പോൾ

ശരീരത്തിന്റെ മന്ദവും മനോഹരവുമായ മൃദു ചലനങ്ങളാണ് മോഹിനിയാട്ടത്തിന്റെ സ്വത്വം. അതാണ് ആ കലാരൂപത്തെ മോഹനവും വശ്യവുമാക്കുന്നത്. എന്നാൽ, നമ്മൾ ഇതുവരെ പിന്തുടർന്നുപോരുന്ന കച്ചേരി സമ്പ്രദായത്തിൽ ഹൃദയഹാരിയായ ആ അംഗചലനങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്നതിന് കൃത്യമായ നിർവചനങ്ങളില്ല. അതിനാൽ ആഴത്തിലുള്ള പഠനം തന്നെ വേണ്ടിവന്നു. മോഹിനിയാട്ടത്തിന്റെ ശാരീരിക ഭാഷയുടെ പ്രത്യേക സ്വഭാവമാണ് സൂക്ഷ്മപഠത്തിനു വിധേയമാക്കിയത്. യഥാർഥത്തിൽ, മോഹിനിയാട്ടത്തിൽ എന്തെല്ലാമുണ്ടെന്നതല്ല എന്റെ പഠനം, മറിച്ച് ഈ നൃത്തരൂപം ശരിയായി മനസ്സിലാക്കിയ ശേഷം, അതിനൊരു ആഗോളഭാഷ എങ്ങനെയുണ്ടാക്കിയെടുക്കാം എന്നതായിരുന്നു.

നർത്തകിയുടെ ശരീരചലനത്തിന്റെ മാനമാണ് ആന്ദോളിക. ഇംഗ്ലീഷിൽ Oscillation എന്നതായിരിക്കാം തുല്യപദം. ആവിഷ്കാര സമയത്ത് ആന്ദോളികകളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്. അംഗചലനങ്ങളുടെ പഠനസൗകര്യാർഥം ശരീരത്തെ രണ്ടു ഭാഗങ്ങളാക്കിയിരിക്കുന്നു. തല മുതൽ അരക്കെട്ടുവരെ ആദ്യഭാഗം, അരക്കെട്ടിനു താഴെ രണ്ടാമത്തെയും. ശിരസ്സിന്റെ കുത്തനെയും സമാന്തരവുമായ പല കോണുകളിലുള്ള ചലനങ്ങൾ മുതൽ, ഒരു ചുവടുവെക്കുമ്പോൾ പാദത്തിന്റെ അടിവശം നിലത്ത് ഉരസി മുന്നോട്ടുനീങ്ങുന്ന നേരത്ത് സംഭവിക്കുന്ന നിമ്നോന്നതങ്ങൾ വരെ ആന്ദോളികകളാണ്. ബൃഹത്തായ ഇത്തരം പഠനങ്ങളും കണ്ടെത്തലുകളുമാണ് എന്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് അക്കാദമിക സ്വഭാവം നൽകുന്നത്. ഉടലിന്റെയും (torso), കൈകാലുകളുടെയും (limbs) ആന്ദോളികകളാണ് മോഹിനിയാട്ടത്തിന്റെ രചനാരീതി തന്നെ. എല്ലാം കണ്ടെത്തി, നിർവചിച്ചു, പുനഃക്രമീകരിച്ചു, ഔചിത്യപൂർവം നാമകരണം ചെയ്തു. ഏറെ അധ്വാനിച്ചതിനൊടുവിലാണ് ആവിഷ്കാരത്തിലെ എല്ലാ അടവുകൾക്കും നാമകരണം ചെയ്യുകയെന്ന ദൗത്യം വിജയം കണ്ടത്. പത്തു ലാസ്യാംഗങ്ങൾ നിർമിച്ചു എന്നതാണ് അഭിമാനം തോന്നുന്ന മറ്റൊരു നേട്ടം. ശാർങ്ഗദേവൻ രചിച്ച 'സംഗീതരത്നാകരം', ജയസേനാപതിയുടെ 'നൃത്തരത്നാവലി' തുടങ്ങിയ ഗ്രന്ഥങ്ങളാണ് പഠനങ്ങൾക്കും തുടർന്നുള്ള കണ്ടെത്തലുകൾക്കും പിന്തുണയായത്.

മോഹിനിയാട്ടത്തിന്റെ വഴിയിൽ

കുഞ്ഞുനാൾ തൊട്ടേ നൃത്തവീഥിയിലുണ്ട്. പല ഗുരുക്കന്മാരിൽനിന്നും മറ്റു നൃത്തങ്ങൾക്കൊപ്പം മോഹിനിയാട്ടവും അഭ്യസിച്ചു. നൃത്തത്തിന്റെശൈലികളെക്കുറിച്ച് ഭിന്ന കാഴ്ചപ്പാടുകളാണ് ഓരോരുത്തർക്കും ഉണ്ടായിരുന്നത്. മുതിർന്ന ഗുരുക്കന്മാരായ കലാമണ്ഡലം സുഗന്ധി ടീച്ചർക്കും കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്കുപോലും സമാന ചിന്താഗതിയായിരുന്നില്ല. ഭിന്നഭാഗങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി അവതരിപ്പിക്കുന്നുണ്ടെങ്കിലും നൃത്തത്തിന്റെ വിഘടിച്ചുകിടക്കുന്ന ഘടനയും അവ്യക്തമായ നാട്യരീതിയും പ്രേക്ഷകർക്ക് നീരസമുളവാക്കുന്നതായിരുന്നു. മോഹിനിയാട്ടത്തിനൊരു പുത്തൻ ചട്ടക്കൂടുവേണമെന്ന ചിന്ത ഉള്ളിൽ ശക്തിപ്പെട്ടുതുടങ്ങുകയായിരുന്നു.

ലാസ്യമാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ദ്രുതഗതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന ഭാവമല്ല ലാസ്യം. ചടുലതയുള്ള ചുവടുകളും അംഗചലനങ്ങളുമുള്ള ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും സ്വീകാര്യതയേറുന്നത് സ്വാഭാവികമാണ്. മോഹിനിയാട്ടത്തിന്റെ മന്ദഗതിയിലുള്ള ചുവടുകൾ പ്രേക്ഷകരിൽ മടുപ്പുളവാക്കുന്നുവെങ്കിൽ, ഈ ആവിഷ്കാരം ജനപ്രിയമായി ഇപ്പോഴും നിലനിൽക്കുന്നതെങ്ങനെയാണ്? ലാസ്യവും അതിനാലുള്ള വിളംബവും ഹൃദ്യമായിത്തോന്നുന്ന പ്രേക്ഷകരുമുണ്ടല്ലോ. ഏത് ആവിഷ്കാരവും അതുകൊണ്ട് ഉദ്ദേശിക്കുന്ന ആസ്വാദ്യത ഉറപ്പുവരുത്തുന്നത്ര മികവ് പുലർത്തണമെന്നു മാത്രം. നിലവാരമുള്ള അവതരണങ്ങൾക്ക് കാണികളെ ലഭിക്കുമെന്നത് തീർച്ചയാണ്. ഗവേഷണങ്ങളും പഠനങ്ങളും ഏറ്റവുമധികം നടന്നുകൊണ്ടിരിക്കുന്നൊരു നൃത്തശാഖയുമാണിത്. തനിമ ചോർന്നുപോകാതെയുള്ള നവീകരണങ്ങൾ കലയെ കൂടുതൽ ശ്രേഷ്ഠമാക്കുകയും ചെയ്യുന്നു.

സ്വതന്ത്രാവിഷ്കാരങ്ങൾ

നിരവധി ചൊൽക്കെട്ടുകൾക്കും ജതിസ്വരങ്ങൾക്കും കൃതികൾക്കും പദവർണങ്ങൾക്കും സ്വരജതികൾക്കും അഷ്ടപദികൾക്കും തില്ലാനകൾക്കും നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രാവിഷ്കാരങ്ങൾ വേറിട്ടുതന്നെ നിലകൊള്ളുന്നതാണ്. താൻ നേരിടുന്ന അപമാനത്തെ നേരിടുന്ന സ്ത്രീശക്തിയായ ശകുന്തള, രാമായണത്തിൽ വായിക്കാതെപോയ ത്യാഗത്തിന്റെ മുഖമായ ഊർമിള, കൂടാതെ ദ്രൗപദി, കുന്തി, രുക്മിണി തുടങ്ങിയവർ ഞാൻ ജീവൻ നൽകിയ ചില കഥാപാത്രങ്ങളാണ്. കോവിഡിനെതിരെ പൊരുതാൻ ഊർജം പകരുന്നതായിരുന്നു 'തരണം ചെയ്യാം' എന്ന സാമൂഹിക ആവിഷ്കാരം. അനേകം പ്രശസ്ത മലയാള കാവ്യങ്ങളും മോഹിനിയാട്ടത്തിൽ ചിത്രീകരിച്ചു. ഇവയെല്ലാം ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളിലും അവതരിപ്പിക്കാനും സാധിച്ചു.

എന്നും പഠനത്തിനൊപ്പം

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 'ലാസ്യവും താണ്ഡവവും തെന്നിന്ത്യൻ നൃത്തങ്ങളിൽ - ഒരു വിശദപഠനം' എന്നതിലാണ് ഡോക്ടറേറ്റ്. കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി യൂനിവേഴ്സിറ്റിയിലായിരുന്നു നൃത്തഗവേഷണം. ബ്രിട്ടനിലെ സറെ യൂനിവേഴ്സിറ്റിയിൽനിന്നാണ് പോസ്റ്റ് ഡോക്ടറേറ്റ് ഫെലോഷിപ് ലഭിച്ചത്. കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റിയിൽ റിസർച് കോർ ഗൈഡായി പ്രവർത്തിക്കുന്നു. ദൂരദർശനിലെ ടോപ്ഗ്രേഡ് ആർട്ടിസ്റ്റാണ്. ഭരതാഞ്ജലി അക്കാദമി ഓഫ് ഇന്ത്യൻ ഡാൻസ്, തിരുവനന്തപുരം സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം, ചെെന്നെ എന്നിവയുടെ പ്രിൻസിപ്പലുമാണ്.

തിരുവനന്തപുരത്തെ വഞ്ചിയൂരിലാണ് താമസം. ഭാസ്കര പ്രസാദും ലളിത ഭായിയും അച്ഛനമ്മമാർ. കുട്ടിക്കാലം തലശ്ശേരിയിലായിരുന്നു. പിന്നീട് കോഴിക്കോടും പാലക്കാടും. മൂന്നാം വയസ്സിൽ നൃത്തപരിശീലനം ആരംഭിച്ചു. മോഹിനിയാട്ടത്തിനുമുമ്പേ ഭരതനാട്യവും കുച്ചിപ്പുടിയും തുടങ്ങിയിരുന്നു. കലോത്സവങ്ങളിൽ കലാതിലകമായി പലതവണ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നെത്തിയ വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും തേടിയെത്തി. കവി നാലപ്പാടം പത്മനാഭൻ രചിച്ച 'നീനാപ്രസാദം' എന്റെ ജീവിതരേഖയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Interpretations of Art
Next Story