ഷാർജയിൽ ഇസ്ലാമിക കലകളുടെ പൂക്കാലം
text_fieldsചരിത്രങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ത്വര ആധുനികാലത്ത് വർധിച്ചുവരുന്നുണ്ട്. സ്ഥലനാമങ്ങൾ നീക്കികൊണ്ടും ധീരൻമാരുടെ സ്ഥാനത്ത്, ആ ഭാഗത്തേക്ക് അക്കാലത്ത് എത്തിനോക്കുക പോലു ചെയ്തിട്ടില്ലാത്ത ചിലരെ അവരോധിച്ചും നടത്തുന്ന ചില നീക്കങ്ങളുടെ അപകടം ലോകം തന്നെ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നതാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇത്തരം പേരുമാറ്റ നാടകത്തിൽ മുൻപന്തിയിലുണ്ട്. മഹത്തായ ചരിത്രങ്ങളെ വേരൊടെ മാന്തികളയുക എന്ന മണ്ടത്തരമെന്നാണ് ഇതിനെ ആധുനിക ലോകം വിലയിരുത്തുന്നത്.
ഇത്തരം കാലഘട്ടത്തിൽ സത്യം മുന്നോട്ട് വെക്കാനും അതിനെ പുതുതലമുറക്ക് നേരോടെ പരിചയപ്പെടുത്താനും ശ്രമിക്കുന്ന നിരവധി പരിപാടികളും പ്രദർശനങ്ങളും ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഷാർജയിൽ നടന്ന് കൊണ്ടിരിക്കുന്ന ഇസ്ലാമിക കലകളുടെ പ്രദർശനം. ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിലാണ് പൗരാണിക അറബ് സമൂഹത്തിന്റെ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ വസന്തം പൂത്തുലഞ്ഞത്. നാലുമാസം നീണ്ടുനിൽക്കുന്ന ട്രാവലഗ്സ് എന്ന പ്രമേയത്തിലുള്ള ‘ചാപ്റ്റേഴ്സ് ഓഫ് ഇസ്ലാമിക് ആർട്ട്’ പ്രദർശനത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി നിർവഹിച്ചു.
ഇസ്ലാമിക ശാസ്ത്രത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെയും അതിനുമപ്പുറത്തുമുള്ള പ്രമുഖ സഞ്ചാരികൾ, ഭൂമിശാസ്ത്രജ്ഞർ, കാർട്ടോഗ്രാഫർമാർ എന്നിവരുടെ സംഭാവനകളെ എടുത്തുകാണിക്കുന്നു.
ചരിത്രത്തിലുടനീളം ഭൂമിശാസ്ത്രപരമായ അറിവിന്റെ അടിത്തറ പാകുകയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ സമ്പന്നമാക്കുകയും ചെയ്ത അവരുടെ കൃതികൾ പ്രദർശിപ്പിക്കുന്നു. ജൂലൈ അഞ്ച് വരെ നടക്കുന്ന പ്രദർശനം, അപൂർവമായ കയ്യെഴുത്തുപ്രതികൾ, പുസ്തകങ്ങൾ, ഭൂപടങ്ങൾ എന്നിവയുടെ ഒരു നിധിശേഖരം പ്രദർശിപ്പിച്ചുകൊണ്ട്, കാലത്തിലൂടെയുള്ള ഒരു ആകർഷകമായ യാത്രയിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം പര്യവേക്ഷകരുടെ ആകർഷകമായ യാത്രകൾ ഈ കൃതികൾ വ്യക്തമായി പകർത്തുന്നു.
പ്രൊഫസർ റിച്ചാർഡ് എറ്റിംഗ്ഹൗസന്റെ വിലമതിക്കാനാവാത്ത ശേഖരത്തിൽ നിന്നുള്ള ക്യൂറേറ്റഡ് കലാസൃഷ്ടികൾ, ഡോ. സുൽത്താൻ അൽ ഖാസിമി സെന്റർ, ഷാർജ മ്യൂസിയംസ് അതോറിറ്റി, ഷാർജ കാലിഗ്രഫി മ്യൂസിയം സൗദി അറേബ്യയിലെ കിങ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് എന്നിവയിൽ നിന്നുള്ള വിലമതിക്കാനാവാത്ത പുരാവസ്തുക്കൾ എന്നിവ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. മുസ്ലിം, അറബ് സഞ്ചാരികൾ മികവ് പുലർത്തിയ ചരിത്ര നിധി എന്ന നിലയിൽ യാത്രാവിവരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രദർശനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാവ്റ അൽ-അഖ്റൂബി എടുത്തുപറഞ്ഞു.
വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ആചാരങ്ങൾ, ഭൂപ്രകൃതികൾ എന്നിവയെ കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾ പുതുതലമുറക്ക് പകർന്നുനൽകുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു. ഇസ്ലാമിക ഭരണത്തിനു കീഴിലെ ചിന്തകരും ശാസ്ത്രജ്ഞരും ഇസ്ലാമിക ശാസ്ത്രം പാശ്ചാത്യർക്ക് എത്തിച്ചുകൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇവരുടെ പ്രവർത്തനഫലമായാണ് അരിസ്റ്റോട്ടിൽ യൂറോപ്പിൽ അറിയപ്പെട്ടത്. യൂക്ലിഡ്, ടോളമി മുതലായവരുടെ ഗണിതം, ജ്യാമിതി, ജ്യോതിശാസ്ത്രം എന്നിവയിലെ അലക്സാണ്ട്രിയൻ വിജ്ഞാനം ഇക്കാലത്ത് വീണ്ടെടുക്കപ്പെട്ടു.
ഇവ പിന്നീട് ഇസ്ലാമിക പണ്ഡിതർ, പ്രത്യേകിച്ച് പേർഷ്യൻ ശാസ്ത്രജ്ഞരായ അൽ-ബിറൂനി, അബൂനസ്ർ മൻസൂർ എന്നിവർ, വികസിപ്പിച്ചു. പേർഷ്യൻ ശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്നു മൂസ അൽ ഖവാരിസ്മി തന്റെ കിതാബ് അൽജബർ വൽ മുഖാബല എന്ന ഗ്രന്ഥത്തിലൂടെ ബീജഗണിതത്തെക്കുറിച്ചും പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി.
ഈ ഗ്രന്ഥത്തിന്റെ പേരിൽ നിന്നാണ് ആൾജിബ്ര എന്ന പദം ഉണ്ടായത്. അൽ-ഖവാരിസ്മി ബീജഗണിതത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. അൽഗൊരിസം, അൽഗൊരിതം എന്നീ വാക്കുകളും ഹിന്ദു-അറബിക് സംഖ്യാവ്യവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ടത്തിനു പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ പേരിൽ നിന്ന് ഉദ്ഭവിച്ചതാണെന്ന് പ്രദർശനം പറഞ്ഞുതരുന്നു.
മുഹമ്മദ് ബിൻ ഹൗഖലിന്റെ സൂറത്ത് അൽ-അർദ്, ഇബ്നു ജുബൈറിന്റെ ദി ജേർണി ഓഫ് ഇബ്നു ജുബൈർ, യാക്കൂത്ത് അൽ-ഹമവിയുടെ ദി ജേർണി ഓഫ് കൺട്രീസ്, ദി ജേർണി ഓഫ് ഇബ്നു ബത്തൂത്ത, ഇബ്നു ബത്തൂത്തയുടെ 29 വർഷത്തെ യാത്രകൾ വിവരിക്കുന്ന സെലക്ഷൻസ് ഫ്രം ഇബ്നു ബത്തൂത്ത എന്നിവയും ഉൾപ്പെടുന്നു.
ഇന്ത്യയിലേക്കുള്ള കപ്പൽ യാത്രയിൽ പോർച്ചുഗീസുകാരെ സഹായിച്ചത് അറബ് നാവികനായ അഹമ്മദ് ഇബ്നു മജീദാണെന്ന ശാസ്ത്രത്തിലെ മണ്ടത്തരത്തെ, പരിപൂർണമായ തെളിവുകൾ നിരത്തി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൊളിച്ചടുക്കുന്നു. കേരളത്തിലടക്കം ഇപ്പോഴും ഈ അബദ്ധം പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും കൃത്യവും സ്വാധീനമുള്ളതുമായ കാർട്ടോഗ്രാഫിക് കൃതികളിൽ ഒന്നായ അൽ-ഇദ്രിസിയുടെ പ്രശസ്തമായ വിപരീത ഭൂപടം പ്രദർശിപ്പിക്കുന്നു.
അൽ-ഇദ്രിസിയുടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭൂപടങ്ങൾ മുതൽ പതിനാറാം നൂറ്റാണ്ടിലെ വടക്കോട്ട് അഭിമുഖമായുള്ള ഭൂപടങ്ങൾ വരെയുള്ള ഭൂപട വികസനങ്ങളുടെ ഒരു ടൈംലൈൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇന്നത്തെ ഗൂഗിൾ എർത്തിലും 21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ വിപ്ലവത്തിലും ഇത് പര്യവസാനിക്കുന്നു. ആസ്ട്രോലേബ്, സെക്സ്റ്റന്റ്, ഒക്ടന്റ്, മോണോക്കുലർ തുടങ്ങിയ നാവിഗേഷൻ ഉപകരണങ്ങൾ - കൃത്യതയുള്ള എൻജിനീയറിങിന്റെയും കരകൗശലത്തിന്റെയും മാസ്റ്റർപീസുകൾ - പ്രദർശിപ്പിക്കുന്നു.
യാത്രാവിവരണങ്ങളും ഭൂപടങ്ങളും ഭൂതകാലത്തെ വർത്തമാനകാലവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിനെ കുറിച്ച് ആകാശ ഫോട്ടോഗ്രാഫി, ജി.ഐ.എസ്, ഡിജിറ്റൽ സ്റ്റോറിടെല്ലിങ് തുടങ്ങിയ സ്പോട്ട്ലൈറ്റിങ് സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു, അതിർത്തികൾ മറികടക്കുന്ന ഒരു ഡിജിറ്റൽ സാഹസികതയാക്കി ഈ പ്രദർശനത്തെ മാറ്റുന്നു.
വാസ്തുവിദ്യ, കല, ചരിത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലായി 12,000 കൃതികൾ ഇതിൽ ഉൾപ്പെടുന്നു. വിവിധ ശാസ്ത്രശാഖകൾക്ക് സുപ്രധാന സംഭാവനകൾ നൽകിയ അതിപ്രഗൽഭനായ ശാസ്ത്രജ്ഞനായിരുന്നു അബൂ അലി അൽഹസൻ ഇബ്നു അൽഹസൻ ഇബ്നുൽ ഹൈഥം. ഇദ്ദേഹത്തെ കുറിച്ചും പ്രദർശനം വിശധീകരിക്കുന്നു.
ഇദ്ദേഹത്തിന്റെ കിതാബുൽ മനാളിർ എന്ന വിഖ്യാത ഗ്രന്ഥം പ്രകാശ ശാസ്ത്രത്തിലെ ആദ്യത്തെ ഗ്രന്ഥമാണ്. പ്രകാശശാസ്ത്രത്തിന്റെ പിതാവായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇതുൾപ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണിദ്ദേഹം. ടോളമി രണ്ടാമൻ, ഭൗതികശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളും മധ്യകാലയൂറോപ്പ് അദ്ദേഹത്തിന് നൽകി. പ്രകാശശാസ്ത്രം, ശരീരശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം, വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ദർശനം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയെല്ലാം ഇബ്നു ഹൈഥം വിലപ്പെട്ട സംഭാവനകൾ നൽകിയ മേഖലകളാണ്.
2015 ൽ ഐക്യരാഷ്ട സഭക്ക് കീഴിലെ യുനെസ്കോ അന്താരാഷ്ട്ര പ്രകാശ വർഷം (ഇന്റർനാഷണൽ ഇയർ ഓഫ് ലൈറ്റ്) ആയി ആചരിച്ചത് ഇബ്നുഹൈഥമിന്റെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. 1015ൽ പ്രസിദ്ധപ്പെടുത്തിയ ഇബ്നു ഹൈഥമിന്റെ വിശ്രുത ഗ്രന്ഥമായ കിതാബുൽ മനാളിർ (ബുക്സ് ഓഫ് ഒപ്റ്റിക്സിന്റെ) 1000മത് വാർഷികമായിരുന്നു 2015.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.